Image

ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വെള്ളിയാഴ്ച വിടപറയും

Published on 08 March, 2012
ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വെള്ളിയാഴ്ച വിടപറയും
ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതില്‍, രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വെള്ളിയാഴ്ച വിടപറയും. ദ്രാവിഡ് ബാംഗ്ലൂരില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തതും അതില്‍ ബി.സി.സി.ഐ.പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ പങ്കെടുക്കുന്നതും വിരമിക്കല്‍ ഉറപ്പാക്കുന്നു. 

സീനിയര്‍ താരങ്ങള്‍ ഒഴിയണമെന്ന വിമര്‍ശനം ശക്തിയാര്‍ജിക്കുന്നതിനിടെയാണ് ദ്രാവിഡ് പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്നത്. അടുത്തിടെ സമാനിച്ച ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് ദ്രാവിഡിന്റെ പ്രഖ്യാപനത്തിന് വേഗംകൂട്ടിയത്. ഏകദിനത്തില്‍നിന്ന് നേരത്തേതന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നാവും വെള്ളിയാഴ്ച അരങ്ങൊഴിയുക. 39കാരനായ ദ്രാവിഡ്, ഐ.പി.എല്‍. അഞ്ചാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്.

തന്റെ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറിയ ദ്രാവിഡിന്റെ നിറപ്പകിട്ടാര്‍ന്ന കരിയറിന് ഇതോടെ വിരാമമാകും. 1996ല്‍ ലോര്‍ഡ്‌സില്‍ അരങ്ങേറ്റം കുറിച്ച ദ്രാവിഡ്, 164 ടെസ്റ്റുകളില്‍നിന്ന് സ്വന്തമാക്കിയത് 13,288 റണ്‍സാണ്. റണ്‍വേട്ടയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ദ്രാവിഡിന് മുന്നിലുള്ളത്. 52.31 ശരാശരിയില്‍ 36 സെഞ്ച്വറികളും 63 അര്‍ധസെഞ്ച്വറികളും കുറിച്ചു. ഏകദിനത്തില്‍ 344 മത്സരങ്ങളില്‍ 10,889 റണ്‍സ് നേടിയ ദ്രാവിഡ്, 12 സെഞ്ച്വറികളും 83 അര്‍ധസെഞ്ച്വറികള്‍ക്കും ഉടമയാണ്. 

ക്ലാസ്സിക്കല്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായി അറിയപ്പെടുന്ന ദ്രാവിഡ്, സാങ്കേതികത്തികവുറ്റ താരമാണ്. സച്ചിന്‍, ഗാംഗുലി, സെവാഗ്, ലക്ഷ്മണ്‍ എന്നീ നാല് ബാറ്റ്‌സ്മാന്മാര്‍ക്കിടയില്‍ കണ്ണിപോലെ പ്രവര്‍ത്തിച്ച ദ്രാവിഡ്, ശാരീരികക്ഷമതയിലും മാതൃകയാണ്. 1996ല്‍ അരങ്ങേറിയശേഷം, 2005 ഡിസംബര്‍ വരെയുള്ള കാലയളവില്‍ തുടരെ 93 ടെസ്റ്റുകള്‍ ദ്രാവിഡ് കളിച്ചു. മികച്ച സ്ലിപ് ഫീല്‍ഡര്‍ കൂടിയായിരുന്ന ദ്രാവിഡിന്റെ പേരില്‍ 210 ക്യാച്ചുകളെന്ന റെക്കോഡുമുണ്ട്. വിക്കറ്റ് കീപ്പറുടെയും വേഷമണിയേണ്ടിവന്ന ഏകദിനത്തില്‍ 196 ക്യാച്ചുകളും. 25 ടെസ്റ്റുകളില്‍ ഇന്ത്യയുടെ നായകനായി. എട്ട് ജയം, ആറ് തോല്‍വി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക