Image

ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)

ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം Published on 05 October, 2017
ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)
ആഗസ്റ്റ് മാസം 23 ന് രാവിലെ 10.30ന് ഹ്യൂസ്‌ററണ്‍ ജോര്‍ജ് ബുഷ് എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ തെളിഞ്ഞ നീലാകാശവും വെണ്‍ പട്ടു പുതപ്പിച്ച മേഘപടലങ്ങളും വെളിച്ചമാര്‍ന്ന കാലാവസ്ഥയും നിറഞ്ഞ ഹ്യൂസ്റ്റണ്‍ നഗരം. ഇടയ്ക്ക് എപ്പോഴോ വാട്ട്‌സാപ്പില്‍ വന്ന ഒരു മെസ്സേജ് മുഴുവന്‍ വായിക്കാതെ ഡിലീറ്റ് ചെയ്തു. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കെടുതികള്‍ എങ്ങനെ അഭിമുഖീകരിക്കണമെന്നുള്ളതായിരുന്നു ഉള്ളടക്കം.
ന്യൂജേഴ്‌സി നെവാര്‍ക്ക് ഏയര്‍പ്പോര്‍ട്ടില്‍ സുഹൃത്ത് സജില്‍ കാത്തു നില്‍പുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം അന്തിയുറങ്ങിയശേഷം പിറ്റെ ദിവസം ന്യൂയോര്‍ക്കിലേക്ക് യാത്രയായി. ഉപരിപഠനത്തിനു വേണ്ടി ന്യൂയോര്‍ക്ക് കൊളമ്പസ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ തരപ്പെടുത്തി നാട്ടില്‍ നിന്നെത്തിയ അനന്തരവളെ കാണാന്‍. അവളെയും കൂട്ടി ന്യൂയോര്‍ക്കിന്റെ തെരുവീഥികളിലെ ഫുഡ് ട്രാക്കില്‍ നിന്നും ഉച്ചഭക്ഷണം. പിന്നീട് സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി കണ്ട ശേഷം തിരികെ ന്യൂജേഴ്‌സിയിലേക്ക് യാത്രതിരിച്ചു.

ബര്‍ഗന്‍ ഫീല്‍ഡിലേക്കുള്ള ബസ് യാത്രക്കിടയില്‍ വാട്ട്‌സ് ആപ്പിലെ മെസ്സേജുകള്‍ പരതി. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളായിരുന്നു. ഹ്യൂസ്റ്റണ്‍ നഗരത്തെ സമീപിച്ചുകൊണ്ടിരിക്കുന്ന ഹാര്‍വിയെന്ന ചുഴലിക്കാറ്റിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു എല്ലാ വാട്ട്‌സ് ആപ്പു മെസ്സേജുകളും.

സുഹൃത്തുക്കളെ പലരെയും വിളിച്ചു. എല്ലാവരും ആകെ പരിഭ്രാന്തിയിലായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഹ്യൂസ്റ്റണ്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നും ഹ്യൂസ്റ്റണ്‍ നഗരവും പ്രാന്തപ്രദേശങ്ങളും പ്രളയ ബാധിതമാകുമെന്നുമുള്ള വാര്‍ത്തകളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.

മനസ്സൊന്നു പിടഞ്ഞു. വീട്ടില്‍ ഭാര്യയും മകനും മാത്രം. ഞങ്ങള്‍ താമസിക്കുന്ന ലേക്ക് ഷോര്‍ ഹാര്‍ഡര്‍ എന്ന സബ് ഡിവിഷന്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. മനുഷ്യ നിര്‍മ്മിതമായ കായല്‍ അതിനു ചുറ്റും നിര്‍മ്മിച്ച വീടുകള്‍.

നാലു ദിവസം തോരാതെ പെയ്യാന്‍ സാദ്ധ്യതയുള്ള മഴ. പേമാരിയും കാറ്റും തീര്‍ച്ചയായും ലേക്ക് ഷോറിലും പ്രളയം സൃഷ്ടിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. കാറ്റഗറി 4 ല്‍ നിന്നും അഞ്ചിലേക്ക് മാറാന്‍ സാദ്ധ്യതയുള്ള ചുഴലിക്കാറ്റും 40 ഇഞ്ചോളം അതായത് 100 cm മഴവെള്ളം വര്‍ഷിക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള നാസയുടെ പ്രവചനം അമ്പരിപ്പിക്കുന്നതായിരുന്നു.

പെട്ടെന്ന് വീട്ടിലേക്ക് വിളിച്ചു വാട്ട്‌സ് ആപ്പും ഇംഗ്ലീഷ് ന്യൂസും അധികം ശ്രദ്ധിക്കാത്ത ഭാര്യ സാധാരണ മട്ടിലാണ് സംസാരിച്ചത്. ചുഴലിക്കാറ്റ് വിതക്കാന്‍ പോകുന്ന പ്രളയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയാതിരുന്ന അവളുടെ അഭിപ്രായ പ്രകടനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി.
വെള്ളവും ഭക്ഷണവും ശേഖരിച്ചുവെക്കണമെന്നു പറഞ്ഞപ്പോള്‍ ആവശ്യത്തിന് വീട്ടിലുണ്ടെന്നുള്ള മറുപടി. നിര്‍ബന്ധിച്ചപ്പോള്‍ വാങ്ങി വെക്കാമെന്നേറ്റു ഫോണ്‍ ഡിസ്‌ക്കണക്റ്റ് ചെയ്തു.
രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റെ ദിവസമുള്ള വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം ഹ്യൂസ്റ്റണിലേക്ക് തിരിക്കാമെന്ന് തീരുമാനിച്ചു.

അടുത്തദിവസം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. കരിബിയന്‍ കടലില്‍ നിന്നും ആഗസ്റ്റ് 17ന് രൂപപ്പെട്ട ഹാര്‍വി ചുഴലിക്കാറ്റ് ആദ്യമൊന്ന് ശക്തി കുറഞ്ഞെങ്കിലും പിന്നീട് അത് കാറ്റഗറി 4 ലേക്ക് ശക്തിപ്പെടുകയായിരുന്നു.

ഹ്യൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ചും ഇങ്ങനെയുള്ള പ്രതിസന്ധികളെ എങ്ങനെ അഭിമുഖീകരിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളും മറ്റുമാണ് പിന്നീട് ലഭിച്ചുകൊണ്ടിരുന്നത്.

ഭാര്യയുടെ ഫോണ്‍ ബെല്ലടിച്ചു. ആകാംഷയോടു കാതോര്‍ത്തു. ഭക്ഷണവും വെള്ളവും എല്ലാ കടകളിലും തീര്‍ന്നു കൊണ്ടിരിക്കുന്നു. പല കടകളും അത്യാവശ്യ സാധനങ്ങളില്ലാതെ അടച്ചു പൂട്ടി. പെട്രോളിനും ഡീസലിനും നീണ്ട നിര. ഏതായാലും ലഭിച്ച കുടിവെള്ളവും ഭക്ഷണവും അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുവാനുള്ള മുഖ്യമായ ഡോക്കുമെന്റുകളും മറ്റും മുകളിലെ നിലയിലേക്ക് മാറ്റുവാനും കറന്റു പോയാല്‍ ഉപയോഗിക്കുവാന്‍ അത്യാവശ്യം മെഴുകുതിരികള്‍ കരുതുവാനും അറിയിച്ചു.

ഇതിനിടെ പലസ്ഥലങ്ങളിലും കുടിയൊഴിഞ്ഞു പോകുവാനുള്ള അറിയിപ്പുകള്‍ വന്നു. പലരും സുഹൃത്തുക്കളുടെ വീടുകളിലേക്ക്, ചിലര്‍ ഹോട്ടലിലേക്ക്, ചിലര്‍ ഹ്യൂസ്റ്റണ്‍ വിട്ട് ഓസ്റ്റിന്‍, ഡാളസ്, സാന്റ് അന്റോണിയ തുടങ്ങിയ പട്ടണങ്ങളിലേക്ക് യാത്രയായി.

ആഞ്ഞു വീശിയെത്തുന്ന കാറ്റിന്റെയും മഴയുടെയും ചിത്രങ്ങളൊന്നും പിന്നീട് കാണാന്‍ കഴിഞ്ഞത്. പ്രളയം ആരംഭിച്ചുകഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം ഉയര്‍ന്നു. റോഡുകള്‍ പലതും വെള്ളത്തിനടിയിലാണ്ടു. അണ്ടര്‍ പാസ്സുകള്‍ പലതും വെള്ളത്തില്‍ മുങ്ങി. തുടര്‍ന്നു ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പലതും വന്നു. പ്രളയത്തില്‍ മുങ്ങിയ പല സ്ഥലങ്ങളില്‍ നിന്നും മുതല, പാമ്പ് തുടങ്ങിയ ജീവികള്‍ വീടുകളുടെ വരാന്തകളിലും പരിസരങ്ങളിലും കയറിക്കിടക്കുന്ന ഞെട്ടിപ്പിക്കുന്ന ഫോട്ടോകള്‍.

വീണ്ടും മഴ ശക്തമായി. വീടുകളുടെ ഉള്ളിലേക്ക് ഇരച്ചുകയറുന്ന വെള്ളം. പലരും ബോട്ടുകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചിലര്‍ മുകളിലെ നിലകളിലേക്ക് കയറി സുരക്ഷിതത്വം കണ്ടെത്തി. വരാന്‍ പോകുന്ന പ്രളയക്കെടുതിയെ മുന്‍ കണ്ട് പട്ടാളം രംഗത്തിറങ്ങി. നിര്‍ബന്ധമായും ഒഴിഞ്ഞു പോകാന്‍ അറിയിച്ചിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ എയര്‍ഫോഴ്‌സ്, നേവി ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. തങ്ങള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാത്രമായി ഭവനങ്ങള്‍ വിട്ടിറങ്ങേണ്ടി വന്നവര്‍.

എയര്‍പോര്‍ട്ടുകള്‍ എല്ലാം തന്നെ അടച്ചു. വാഹനങ്ങള്‍ ഓടാതായി. ശക്തമായ കാറ്റില്‍ പല സ്ഥലങ്ങളിലും വൈദ്യുതി തകരാറിലായി. ഫ്രിഡ്ജുകളിലും മറ്റും സൂക്ഷിച്ചിരുന്ന ഭക്ഷണങ്ങള്‍ നശിച്ചു പോകുമെന്നുള്ള വേവലാതി. ഫോണ്‍ കണക്ഷണുകള്‍ ഇടയ്ക്കിടെ സ്തംഭിക്കുന്നു. വീടുകളിലും പള്ളികളിലും കൂട്ടപ്രാര്‍ത്ഥനകള്‍. തങ്ങളുടെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെടുന്നതോര്‍ത്തുള്ള തേങ്ങലുകള്‍.

ഇടക്കൊന്നു വീട്ടിലേക്ക് വിളിച്ചു. സ്ഥിതിഗതികള്‍ അറിയാനുള്ള ആകാംക്ഷ. ഫോണ്‍ നിശ്ചലമായിരുന്നു. ലാന്റ് ഫോണും ശബ്ദിക്കുന്നില്ല. ദൈവമേ എന്തെങ്കിലും സംഭവിച്ചോ. ഉടന്‍ തന്നെ അടുത്തുള്ള ജോര്‍ജിന്റെ വീട്ടിലേക്ക് വിളിച്ചു. ഒരു സഹായം ചെയ്യണം വീട്ടില്‍ ചെന്ന് ഭാര്യയുടെയും മകന്റെയും വിവരം അന്വേഷിച്ചറിയിക്കണം. കോരിച്ചൊരിയുന്ന മഴയത്തു അദ്ദേഹം വാതിലില്‍ മുട്ടി. വിവരമറിയിച്ചു. വൈദ്യുതി തകരാറിലായതിനാലാണ് ഫോണ്‍ കണക്ഷന്‍ ലഭിക്കാത്തത്. ആശ്വാസമായി. ഒരു നെടുവീര്‍പ്പ്; എല്ലാവരും സുരക്ഷിതമാണല്ലോ.

വാട്ട്‌സ് ആപ്പില്‍ കൂടിയും ഫേസ് ബുക്കില്‍ കൂടിയും പ്രചരിക്കുന്ന പ്രളയക്കെടുതിയുടെ ചിത്രങ്ങളും വിവരണങ്ങളും വീണ്ടും വീണ്ടും ഭീതിജനകമായിരുന്നു. പ്രളയക്കെടുതികള്‍ മൂലം വീടുകളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ മൂലം പലയിടത്തും വീടുകള്‍ കത്തിനശിച്ചു. കാറുകള്‍ പലതും വെള്ളത്തില്‍ ഒഴുകി നടക്കുന്നു. റോഡുകള്‍ പലതും വിണ്ടുകീറി. സിഗ്നല്‍ ലൈറ്റുകള്‍ തകരാറിലായി. പള്ളികളിലും അമ്പലങ്ങളിലും സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കും അനേകായിരങ്ങള്‍ അഗതികളായി പാലായനം ചെയ്യപ്പെട്ടു. ഭക്ഷണപ്പൊതികള്‍ ഹെലികോപ്റ്റര്‍ മൂലവും ബോട്ടുകളിലും എത്തിക്കേണ്ട അവസ്ഥ.

വൃദ്ധസദനങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നു. ഏകദേശം 32000 പേര്‍ രണ്ടു ദിവസം കൊണ്ട് സ്വന്തം വീട് ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടിവന്നു. ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് 8000 പേര്‍ അഭയാര്‍ത്ഥികളായി എത്തി. എന്‍ആര്‍ജി സെന്ററില്‍ പതിനായിരങ്ങള്‍.

ഹ്യൂസ്റ്റണ്‍, പാരീസ്, ബ്രസോറിയ കൗണ്ടികളില്‍ നിര്‍ബന്ധിത നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലയിടങ്ങളിലും പലര്‍ക്കും ഉടുതുണിക്കു മറുതുണിയില്ലാത്ത അവസ്ഥ. വെള്ളപ്പൊക്കം മൂലം കുടിവെള്ളവും മാലിന്യവെള്ളവും തമ്മില്‍ ഇടകലര്‍ന്നു.

രാജ്യത്തിന്റെയും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകളും നിര്‍ത്താലിക്കി.
എങ്ങനെയെങ്കിലും ഹ്യൂസ്റ്റണില്‍ എത്തുകയെന്നുള്ളതായി എന്റെ ചിന്ത. ഒരു വന്‍ ദുരന്തം നടക്കുമ്പോള്‍ കുടംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വരുന്നതിലുള്ള ദുഃഖം മനസ്സിനെ വല്ലാതെ അലട്ടി. ഹ്യൂസ്റ്റണിലേക്ക് എല്ലാ വിമാനങ്ങളും ക്യാന്‍സല്‍ ആണെന്നറിഞ്ഞിട്ടും തിരികെ വരാനുള്ള യാത്രക്കായി പുറപ്പെട്ടു. സുഹൃത്തുക്കള്‍ പലരും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പോയാല്‍ മതി എന്നു നിര്‍ദ്ദേശിച്ചു.

നേരെ എയര്‍പോര്‍ട്ടിലേക്ക് യാത്രയായി. നെവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും അറ്റ്‌ലാന്റയിലേക്ക് ഉള്ള ടിക്കറ്റ് കരസ്ഥമാക്കി. അറ്റ്‌ലാന്റയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഹ്യൂസ്റ്റണിലേക്കുള്ള എല്ലാ വിമാനങ്ങളും അടുത്ത മൂന്നു ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നു. അടുത്തുള്ള എയര്‍പോര്‍ട്ടുകളിലേക്ക് ഉള്ള ഫ്‌ളൈറ്റുകള്‍ അന്വേഷിച്ചു. ഡാളസിലേക്ക് ഒരു ദിവസം കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാകൂ. ഹ്യൂസ്റ്റണില്‍ നിന്നും ഓസ്റ്റിങ്ങിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കി.
ഓസ്റ്റിനില്‍ എത്തിയപ്പോള്‍ വൈകുന്നേരം 6 മണി, ഹ്യൂസ്റ്റണിലേക്കുള്ള ബസ്സ് ലഭിക്കുമോ, എന്നന്വേഷിച്ചു. ബസ് സര്‍വ്വീസുകളെല്ലാം ഒരാഴ്ചത്തേക്ക് നിര്‍ത്തി വെച്ചിരിക്കുന്നു. പിന്നീട് എന്റെ ചിന്ത റെന്റല്‍ കാര്‍ എടുത്ത് പ്രളയക്കെടുതിയില്ലാത്ത റോഡു മാര്‍ഗ്ഗം ഹ്യൂസ്റ്റണലില്‍ എത്തുക എന്നുള്ളതായിരുന്നു. റെന്റല്‍ കാറുമായി ബന്ധപ്പെട്ടപ്പോള്‍ അവരാരും ഹ്യൂസ്റ്റണിലേക്ക് വാഹനം നല്‍കുവാന്‍ തയ്യാറല്ലായിരുന്നു.

വാട്ട്‌സ് ആപ്പില്‍ കുത്തിക്കുറിച്ചു. I am held by in Austin.
പെട്ടെന്നു തന്നെ ഫോണില്‍ ബെല്ലടിച്ചു.
(തുടരും...)


ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:1-ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക