Image

ഔട്ട് ഡോര്‍, ഓപ്പണ്‍ എയര്‍ പരിപാടികളുടെ സുരക്ഷ വെല്ലുവിളി നേരിടുന്നു (എബ്രഹാം തോമസ്)

Published on 05 October, 2017
ഔട്ട് ഡോര്‍, ഓപ്പണ്‍ എയര്‍ പരിപാടികളുടെ സുരക്ഷ വെല്ലുവിളി നേരിടുന്നു (എബ്രഹാം തോമസ്)
ലാസ് വേഗസില്‍ നടന്ന കൂട്ടക്കുരുതിക്ക് ശേഷം ഔട്ട് ഡോര്‍, ഓപ്പണ്‍ എയര്‍ പരിപാടികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് വലിയ വെല്ലുവിളി ആയിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. പ്രത്യേകിച്ച് നഗരങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ആയിരക്കണക്കിന് കാണികള്‍ ഉണ്ടാവുമ്പോള്‍ സുരക്ഷ നിര്‍ണായകമായിരിക്കും.

ഏറ്റവും ആദ്യം നടക്കുന്ന പൊതു പരിപാടി ഓസ്റ്റിനിലെ സില്‍ക്കര്‍ പാര്‍ക്കിലാണ്. ഓസ്റ്റിന്‍ സിറ്റി ലിമിറ്റ്‌സ് എന്ന പേരില്‍ അരങ്ങേറുന്ന ഈ മേളയില്‍ 75,000 സംഗീത പ്രേമികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന പരിപാടികള്‍ ഞായറാഴ്ച വരെ നീണ്ടു നില്ക്കും.

സുരക്ഷ ചുമതലയുള്ള അധികാരികള്‍ ചില പോംവഴികള്‍ നിര്‍ദേശിക്കുന്നു. ഹോട്ടലുകളില്‍ എക്‌സ്‌റേ മാഗ് നെറ്റോ മീറ്റര്‍ മെഷീനുകള്‍ ഉപയോഗിക്കുക, പൊതു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അടുത്തെങ്ങും ബഹുനില കെട്ടിടങ്ങള്‍ ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക എന്നിവയാണ് ഇവയില്‍ പ്രധാനം. ഇവ പാലിക്കപ്പെടുവാന്‍ വിഷമകരമാണെന്നാണ് പ്രതികരണം. എക്‌സ്‌റേ, മാഗ് നെറ്റോ മീറ്റര്‍ മെഷീനുകള്‍ മിക്കവാറും ഒരു ഹോട്ടലിലും ഇല്ല. ഓസ്റ്റിനില്‍ കണ്‍സേര്‍ട്ട് നടക്കുന്ന സ്ഥലത്തിന്റെ വടക്കു ഭാഗത്തുള്ള കോണ്ടോമി നിയമങ്ങളില്‍ ഇതിനകം തന്നെ പൊലീസ് പരിശോധന നടത്തി കഴിഞ്ഞതായി ഓസ്റ്റിന്‍ പൊലീസ് ചീഫ് ബ്രയാന്‍ മാന്‍ലി പറഞ്ഞു.

അമേരിക്കയുടെ സഫലീകൃതമാകാത്ത ഒരു സ്വപ്നമായി തോക്ക് നിയന്ത്രണം തുടരുകയാണ്. ഓരോ കൂട്ടക്കൊലപാതകത്തിനുശേഷം നിയമം പാസ്സാക്കണമെന്ന മുറവിളി ഉയരാറുണ്ട്. പലപ്പോഴും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണിത്. കക്ഷി ഭേദമെന്യേ നേതാക്കള്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നുണ്ട്. തങ്ങളുടെ കൈവശം എത്ര തോക്കുകള്‍ ഉണ്ടെന്ന് തുറന്ന് പറയുവാന്‍ പോലും പലരും തയാറല്ല. റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കാണ് വളരെ പ്രബലമായ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ഏറെ അടുപ്പം എന്ന് ആരോപണമുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണ വേളയിലും പ്രസിഡന്റായതിന് ശേഷവും ഡോണള്‍ഡ് ട്രംപ് എന്‍ആര്‍എ സമ്മേളനങ്ങളില്‍ വിശേഷാതിഥിയായിരുന്നു. ലാസ് വേഗസിലെ കൂട്ടക്കൊലയ്ക്കുശേഷം തോക്ക് നിയന്ത്രണ നിയമം പാസാക്കണം എന്ന് ഹിലറി ആവശ്യപ്പെട്ടു. നിയമത്തെക്കുറിച്ച് വഴിയേ ചിന്തിക്കാം എന്ന് ട്രംപ് പ്രതികരിച്ചു.

സെനറ്റിലും പ്രതിനിധി സഭയിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കനുകള്‍ തോക്ക് വാങ്ങുന്നതിനോ കൈവശം വയ്ക്കുന്നതിനോ ഒരു പുതിയ നിയമം കൊണ്ടു വരുന്നതിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം രാഷ്ട്രീയ വത്ക്കരിക്കു ന്നത് ഉചിതമല്ലെന്ന് സെനറ്റിലെ മെജോരി റ്റി ലീഡര്‍ റിപ്പബ്ലിക്കന്‍ മിച്ച് മക്കൊണല്‍ പറഞ്ഞു. മാനസികാരോഗ്യ ചികിത്സയുടെ പ്രാധാന്യമാണ് ലാസ് വേഗസ് വെടി വെയ്പ്പ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ഹൗസ് സ്പീക്കര്‍ പോള്‍ റയാനും പറഞ്ഞു.

സോഷ്യല്‍ സെക്യൂരിറ്റി ഡിസെബിലിറ്റി ബെനഫിറ്റ്‌സ് കിട്ടുന്നവര്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ അവരുടെ മാനസികാരോഗ്യം പരിശോധിച്ചിരിക്കണം എന്ന നിബന്ധന ഈയിടെ ഒരു പ്രമേയം പാസാക്കി കോണ്‍ഗ്രസ് എടുത്തു കളഞ്ഞിരുന്നു.

ഈ വര്‍ഷം കോണ്‍ഗ്രസ് പരിഗണിക്കുന്നത് തോക്ക് നിയന്ത്രണ നിബന്ധനകളില്‍ ചില ഇളവുകള്‍ അനുവദിക്കുവാനാണ്. ഒന്ന് തോക്കുകളില്‍ ഘടിപ്പി ക്കുന്ന സൈലന്‍സറുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ നല്‍കേണ്ട ട്രാന്‍സ്ഫര്‍ ഫീസ് 200 ഡോളര്‍ വേണ്ടെന്ന് വയ്ക്കാനാണ്. വേട്ടക്കാരുടെ കേള്‍വിശക്തി നഷ്ടപ്പെടാതിരിക്കാനും മറ്റും ഇത് സഹായിക്കും എന്നാണ് വാദം. ഇത് സ്‌പോര്‍ട്‌സ്മാന്‍സ് ഹെറിറ്റേജ് ആന്റ് റിക്രിയേഷനല്‍ എന്‍ഹാന്‍സ്‌മെന്റ് ആക്ടിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ബില്ലിന് എന്‍ആര്‍എയുടെ പിന്തുണയുമുണ്ട്. സംസ്ഥാനങ്ങളുടെ അതിര്‍ത്തി രേഖകള്‍ കടക്കുന്നതും നാഷണല്‍ പാര്‍ക്കുകളില്‍ പ്രവേശിക്കുന്നതും തോക്കുകള്‍ ധരിച്ചാകാം എന്നും ബില്‍ അനുമതി നല്‍കുന്നു.

അമേരിക്കക്കാര്‍ തങ്ങളുടെ തോക്കുള്‍ ഇഷ്ടപ്പെടുന്നു എന്ന് പറയാറുണ്ട്. ഇത് തെറ്റാണെന്ന് തെളിയിക്കേണ്ടത് അമേരിക്കക്കാര്‍ തന്നെയാണ്. ലോകത്താകെ സ്വകാര്യ വ്യക്തികളുടെ കൈവശം 65 കോടി തോക്കുകളുണ്ട്. ഇവയില്‍ പകുതിയും അമേരിക്കക്കാരുടെ കൈകളിലാണെന്ന് കണക്കുകള്‍ പറയുന്നു.

ലാസ് വേഗസില്‍ വെടിവച്ച ഘാതകന്‍ പാഡോക്ക് തന്റെ സെമി ഓട്ടോമാറ്റിക് റൈഫിളുകള്‍ ബമ്പ് സ്റ്റോക്ക് ടെക്‌നോളജി ഉപയോഗിച്ച് രൂപാന്തരപ്പെടുത്തി യിരുന്നു. ഇത് ഒരു ഓട്ടോമാറ്റിക് റൈഫിളിന്റെ വേഗത പാഡോക്കിന്റെ റൈഫിളുകള്‍ക്ക് നല്‍കി. ഫുള്ളി ഓട്ടോമാറ്റിക് റൈഫിളില്‍ നിന്ന് ഏഴ് സെക്കന്റിനുള്ളില്‍ 98 വെടിയുണ്ടകള്‍ പായിക്കുവാന്‍ കഴിയും. പാഡോക്ക് 10 സെക്കന്റിനുള്ളില്‍ 90 വെടിയുണ്ടകള്‍ പായിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍പ്, ഓര്‍ലാണ്ടോ നൈറ്റ് ക്ലബില്‍ അക്രമി 9 സെക്കന്റില്‍ 24 ഷോട്ടുകളാണ് പായിച്ചത്. തോക്ക് നിയന്ത്രണ നിയമ ശ്രമങ്ങള്‍ ഉണ്ടാകുമോ എന്ന് സെനറ്റും ജനപ്രതിനിധി സഭയും സമ്മേളിക്കുന്നതിന് അടുത്ത നാളുകളിലേ അറിയാനാവൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക