Image

"വ്യാകുലചിത്തം' (മഞ്ജുള ശിവദാസ് റിയാദ്)

Published on 05 October, 2017
"വ്യാകുലചിത്തം' (മഞ്ജുള ശിവദാസ് റിയാദ്)
ശകടങ്ങള്‍ പായുന്ന പാതവക്കില്‍
മിഴിനട്ടു വെറുതൊന്നു നിന്നനേരം,
പോയകാലത്തിന്‍റെ പടവുകളിലൂടെ
ഓര്‍മ്മകള്‍ മെല്ലേയിറങ്ങിവന്നൂ.

പാടവരമ്പുമിടവഴിയും,ചെറു
പാതകളും തോടുവക്കുകളും,
പള്ളിക്കൂടത്തിലേക്കുള്ള യാത്ര
പണ്ടെത്ര കൌതുകമായിരുന്നു.

നാടന്‍കളികളും നാട്ടുവഴികളും
കാടത്തമില്ലാത്ത നാട്ടുകാരും.
അല്ലലില്ലാതെയകമ്പടിയില്ലാതെ
അംബരം മേല്‍ക്കൂരയെന്നപോലെ.

കുട്ടിക്കുപ്പായമണിഞ്ഞു മണ്ണില്‍
കുട്ടികള്‍ക്കൊപ്പം കളിച്ചകാലം.
ഇന്നിന്‍ പരിഷ്കാരമില്ലെങ്കിലും
കുട്ടികള്‍ കുട്ടികളായിരുന്നു!

അറിവല്‍പ്പമധികരിച്ചിന്നതാവാം
അപരാധബോധമശേഷമില്ല.
പരമപവിത്രമാം പൈതൃകത്തേയിന്നു
പതിയെപ്പതിയെ പടിയിറക്കി.

വാത്സല്ല്യ വര്‍ത്തമാനത്തിലൂടെ
വാരിക്കുഴിവെട്ടിവീഴ്ത്തിടുന്നോര്‍.
വാരിപ്പുണരും കരങ്ങളില്‍
കത്തുന്ന കാമാഗ്‌നിയാണുണ്ണീ,കരുതിടേണം!

നമ്മെത്തഴുകിടും കാറ്റിന്‍ കരങ്ങളും
കൂടേ നടക്കും നിഴലിനേയും,
ചെറ്റൊന്നു ശങ്കിച്ചിടേണമെന്നുണ്ണി,നീ
കാലമിതത്രമേല്‍ കെട്ടുപോയി!..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക