Image

കുമ്മനത്തെ പെരുവഴിയിലിട്ട് അമിത്ഷാ മുങ്ങിയത് ചതി

അനില്‍ കെ പെണ്ണുക്കര Published on 05 October, 2017
കുമ്മനത്തെ പെരുവഴിയിലിട്ട്  അമിത്ഷാ മുങ്ങിയത് ചതി
കുമ്മനം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇങ്ങനെ ഒരു ചതി.

കുമ്മനത്തെ പെരുവഴിയിലിട്ട് അമിത്ഷാ മുങ്ങിയത് ചതി തന്നെയാണ് . അദ്ദേഹത്തിന്റെ ജനരക്ഷായാത്രയുടെ പിണറായിയിലെ പകിട്ട് കൂട്ടാന്‍ അമിത് ഷാ പിണറായിയുടെ വിരിമാറിലൂടെ നടക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ പ്രധാനമന്ത്രിയുടെ പെട്ടന്നുണ്ടായ വിളി അമിത് ഷായെ ഡല്‍ഹിയില്‍ എത്തിച്ചു. അദ്ദേഹം ഡല്‍ഹിക്കു മറഞ്ഞപാടേ കൂടെയുണ്ടായിരുന്ന സംസ്ഥാന നേതാക്കളും മുങ്ങി.

എന്നാല്‍ ഈ യാത്രയെ ട്രോളില്‍ മുക്കിയാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് . അമിത് ഷായുടെ മുങ്ങല്‍ മുതല്‍ മുതല്‍ ശൗചാലയം വരെ ട്രോളന്‍മാര്‍ക്ക് ബിജെപിയെ ട്രോളാനുള്ള അവസരമാക്കുകയാണ് സോഷ്യല്‍ മീഡിയ.

പണ്ട് ഓണത്തിന് വാമന ജയന്തി ആശംസിച്ചതില്‍ ട്രോളന്മാര്‍ അമിത് ഷായെ വേണ്ടുവോളം കളിയാക്കിയിരുന്നു. അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപി ആയിരിക്കുമെന്ന അമിത് ഷായുടെ പ്രസംഗത്തെ പൊതിഞ്ഞായിരുന്നു മറ്റൊരു ട്രോള്‍ വന്നത്. മുന്‍ പരാമര്‍ശങ്ങളായ സോമാലിയയും ട്രോളില്‍ നിറഞ്ഞ് നില്‍ക്കുന്നു.

എന്തായാലും അമിത് ഷായുടെ വിരട്ടലില്‍ പിണറായി വീണില്ല. ആര്‍ എസ് എസുകാര്‍ കശാപ്പ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ ഫോട്ടോ പിണറായിയില്‍ പല സ്ഥലത്തും ഷായ്ക്ക് കാണുവാനും പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ പാര്‍ട്ടി അണികളുടെ കടകള്‍ എല്ലാം അടയ്ക്കുകയും ചെയ്ത് ഹര്‍ത്താല്‍ പ്രതീതി ഉണ്ടാക്കിയാണ് പിണറായിയില്‍ പാര്‍ട്ടി ജനരക്ഷായാത്രയെ വരവേറ്റത്.

അമിത്ഷാ ഇന്ന് പിണറായി വഴി കടന്നു പോകുന്നതിനെ തുടര്‍ന്ന് ഓലയമ്ബലത്ത് സിപിഎം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. കടകളടച്ച് വിജനമായ പ്രദേശത്ത് ആര്‍ എസ് എസ് അക്രമത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ ബോര്‍ഡുകളും പലയിടത്തായി വെച്ചിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം വിഷയമാക്കി ബിജെപിയുടെ ദേശീയദ്ധ്യക്ഷന്‍ കടന്നു പോകുമ്‌ബോള്‍ ബോര്‍ഡുകളും നാട്ടുകാര്‍ കാണട്ടെ എന്ന് ഉദ്ദേശിച്ചു കൊണ്ടു ഹിന്ദിയിലും ഇംഗ്‌ളീഷിലുമായിരുന്നു ബോര്‍ഡുകള്‍ വെച്ചിരുന്നത്. ഇതൊക്കെ ഷാ കാണാതെ പോയതില്‍ ചില അണികള്‍ക്ക് വിഷമം കാണുമായിരിക്കാം.

അമിത് ഷായുടെ പ്രലോഭനങ്ങളില്‍ ചാടിയിറങ്ങിയ കുമ്മനത്തിന്റെ അവസ്ഥയും പരുങ്ങലില്‍ ആയി. സ്ഥലം കണ്ണൂരാണ്, ഈ യാത്ര തങ്ങളെ രക്ഷിക്കാനല്ല , ഭക്ഷിക്കാനാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളുടെ സജീവ ''സഹകരണം'' കാരണം കുമ്മനത്തിന് വഴി ചോദിക്കാന്‍ പോലും ഒരാളേയും കിട്ടിയില്ലന്നാണ് പാര്‍ട്ടി സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത് .

ചുരുക്കത്തില്‍ മാടമ്പള്ളിയില്‍ നിന്നും താക്കോലെടുക്കാന്‍ ദാസപ്പനേയും കൂട്ടിപ്പോയ ഉണ്ണിത്താന്റെ അവസ്ഥയിലാണിപ്പോള്‍ കുമ്മനം. ജനരക്ഷായാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നിലൂടെ പോകുമ്‌ബോള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ കൊണ്ട് കൊഞ്ഞനം കുത്തിക്കാണിക്കാനുള്ള എല്ലാ പദ്ധതിയും പൊളിച്ച സന്തോഷത്തില്‍ ആണ് സഖാക്കള്‍ .

ജനരക്ഷായാത്ര കണ്ണൂരില്‍ മൂന്നാം ദിവസം തുടങ്ങുന്നതിന് തൊട്ടു മുമ്ബാണ് അമിത്ഷാ പങ്കെടുക്കില്ലെന്ന വിവരം കുമ്മനം അറിയുന്നത് . പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലൂടെ യാത്ര കടന്നു പോകാനും ഇതിന് തൊട്ടടുത്ത് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ഉത്തമന്റെ വീട്ടില്‍ കയറാനും ആയിരുന്നു അമിത്ഷായുടെ നേരത്തേ നിശ്ചയിച്ച പരിപാടി. പിണറായിയില്‍ വലിയ പ്രചാരണം സിപിഎം നടത്തിയിരിക്കെയാണ് അമിത് ഷാ യാത്രയില്‍ നിന്നും പിന്മാറിയത്. എന്നാല്‍ സിപിഎമ്മിന് മറുപടി നല്‍കാന്‍ തങ്ങള്‍ തന്നെ മതിയാകുമെന്ന നിലപാടാണ് ബിജെപി നേതൃത്വം ഇപ്പോള്‍ എടുത്തിരിക്കുന്നത്.

അതേസമയം എന്തുകൊണ്ടാണ് അമിത് ഷാ പെട്ടെന്ന് തന്നെ സന്ദര്‍ശനം മതിയാക്കി മടങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു കോടിയേരിയും പറഞ്ഞത് .സത്യത്തില്‍ മോഡി വിളിച്ചിട്ടു തന്നെയാണ് അമിത് ഷാ പോയത് . ഇത് ട്രോളര്‍മാരും, സി പി എമ്മും വിശ്വസിക്കുമോ?

ഷായുടെ പൊടുന്നനെയുള്ള മാറ്റം പ്രവര്‍ത്തകരെയും ബി.ജെ.പി നേതാക്കളേയും നിരാശരാക്കി. ആവേശം അലതല്ലാതെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ജനരക്ഷായാത്ര ആദ്യദിനം കടന്നുപോയത്. ഇത് തന്നെയാണ് വരുന്ന ദിവസങ്ങളിലും കാണാന്‍ പോകുന്നതെന്ന് ഷായ്ക്ക് പിടി കിട്ടി . പയ്യന്നൂര്‍ ബസ് സ്റ്റാന്റില്‍ നടന്ന പരിപാടിയിലും ആദ്യദിന പദയാത്രയിലും 25,000 ലേറെ പേര്‍ പങ്കെടുക്കുമെന്ന സംഘാടകരുടെ വാദം പൊളിയുന്ന കാഴ്ചയായിരുന്നു യഥാര്‍ത്ഥത്തില്‍ അമിത് ഷാ കണ്ടത് . സംഘാടകര്‍ പറഞ്ഞതിന്റെ പകുതി പേര്‍ പോലും യാത്രയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിച്ചയത്ര ആളുകള്‍ എത്തിയിരുന്നില്ല.

ആദ്യദിനം പദയാത്രയില്‍ പങ്കെടുത്തവരില്‍ അധികവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരായിരുന്നു. അമിത്ഷാ വേദിയില്‍ വന്നിറങ്ങിയപ്പോഴും മറ്റും വലിയ ആവേശമൊന്നും ഉണ്ടായിയില്ല. മാത്രമല്ല അമിത്ഷാ വന്ദേമാതരം ചൊല്ലിയപ്പോഴും സദസിന്റെ ഏറ്റുവിളിക്ക് ആവേശം പോരായിരുന്നു. ഇതോടെ കൂടുതല്‍ ഉച്ചത്തില്‍ ഏറ്റുവിളിക്കൂവെന്ന് അമിത് ഷാ ആവര്‍ത്തിക്കുകയായിരുന്നു. ഇതെല്ലാം മനസില്‍ കുത്തിക്കുറിച്ചാണ് പിണറായിലെ ജാഥയില്‍ നിന്നും അദ്ദേഹം പിന്മാറിയത് . സംഭവം എന്തായാലും സോഷ്യല്‍ മീഡിയ ആഘോഷമാക്കി. രണ്ടു ദിവസം മുന്‍പ് സി പി എം നേതാവ് പി രാജീവനും മറ്റും കൊടുത്ത പണി ഇന്ന് അമിത് ഷായ്ക്ക് നല്‍കി ട്രോളന്മാര്‍ . നാളെ ആരാണാവോ ? 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക