Image

മലങ്കര ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ യോജിപ്പിന് സാധ്യതയേറുന്നു (ഫ്രാന്‍സിസ് തടത്തില്‍)

Published on 05 October, 2017
മലങ്കര ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ യോജിപ്പിന് സാധ്യതയേറുന്നു (ഫ്രാന്‍സിസ് തടത്തില്‍)
  • * സുപ്രീം കോടതി വിധി ജൂലൈ മൂന്നിന്
  • * 1934 ലെ ഭരണഘടനക്കു വിധേയമാകണം. ഇരു സഭകളും ഭരിക്കപ്പെടേണ്ടത്.
  • * യോജിപ്പല്ലാതെ മറ്റൊരു മാര്‍ഗമില്ല.
  • * മഞ്ഞുരക്കല്‍ പ്രക്രിയകള്‍ ആരംഭിച്ചുകഴിഞ്ഞു.
  • * വിധിയിലെ അവ്യക്തതകള്‍ മാറ്റാന്‍ യാക്കോബായ സഭ വീണ്ടും കോടതിയെ സമീപിക്കും.
  • * സോഷ്യല്‍ മീഡിയായകളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു.
  • * ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്യാഗം ചെയ്‌തേക്കുമെന്നും അഭ്യൂഹം
  • * പാത്രിയാര്‍ക്കീസീന്റെ മനസറിയാന്‍ ഇരുവിഭാഗങ്ങളും 
  • * യാക്കോബായ സഭ  പ്രത്യേക സഭ രൂപീകരിച്ചാല്‍ സ്വത്തുക്കള്‍ കൈവിടേണ്ടിവരും.
  • * പുതിയ സഭയെങ്കില്‍ സ്വതന്ത്രസഭ.
 
ന്യൂജേഴ്‌സി: വര്‍ഷങ്ങളായി വിശ്വാസ-അധികാര തര്‍ക്കങ്ങളെതുടര്‍ന്ന് ഭിന്നിപ്പിലായ മലങ്കര സുറിയാനി സഭയില്‍ യോജിപ്പിന്റെ മാര്‍ഗങ്ങള്‍ തെളിയുന്നു. 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെതുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ യോജിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നത്. സുപ്രീം കോടതിവിധി മലങ്കര ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പൂര്‍ണ്ണമായും അനുകൂലമാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ യാക്കോബായ വിഭാഗത്തിന് യോജിപ്പല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കാണുന്നില്ല. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് അമിതവ റോയി എന്നിവരടങ്ങിയ ബഞ്ചാണ് മലങ്കര സഭ ഭിന്നിക്കുന്നതിനു മുമ്പ് 1934-ല്‍ രൂപീകരിച്ച ഭരണഘടന പ്രകാരമാണ് മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലുപ്പെട്ട പള്ളികളും സ്ഥാപനങ്ങളും വൈദികരും മറ്റ് സഭാ മേലധ്യക്ഷന്മാരും ഭരിക്കപ്പെടേണ്ടത് എന്ന് വിധി പ്രസ്താവിച്ചത്.
 
യാക്കോബായ വിഭാഗം (ബാവാ കക്ഷി ) 2002-ല്‍ രൂപീകരിച്ച ഭരണഘടന റദ്ദാക്കിയ സുപ്രീം കോടതി ആ ഭരണഘടനയ്ക്ക് നിയമസാദ്ധ്യത ഇല്ലെന്നും പ്രഖ്യാപിച്ചു. 1934 ലെ ഭരണഘടന അനുശാസിക്കുന്ന പ്രകാരമല്ലാതെ മറ്റൊരു ഭരണമാര്‍മില്ലെന്നും വിധി പ്രസ്താവയില്‍ പറയുന്നു. ഇതോടെ യാക്കോബായ വിഭാഗ(ബാവാ കക്ഷി)ത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളികളും സ്ഥാപനങ്ങളും കോടതി ഔദ്യോഗികസഭയായി നിരീക്ഷിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അധീനതയില്‍ വരും. കോടതി വിധി പ്രകാരം ഇരുവിഭാഗത്തിലെയും പള്ളികളിലെ ആരാധനയും വൈദികരുടെ നിയമനവും മറ്റും ക്രമീകരിക്കപ്പെടേണ്ടത് 1934 ലെ ഭരണഘടനാ പ്രകാര മായിരിക്കും. ഈ ഭരണഘടനയെ അവഗണിച്ചുകൊണ്ട് യാക്കോബായ വിഭാഗം 2002-ല്‍ സമാന്തര ഭരണഘടന രൂപീകരിച്ചിരുന്നു.ഇത്‌  അസാധു ആയതോടെ യാക്കോബായ വിഭാഗക്കാര്‍ക്ക് രണ്ട് മാര്‍ഗമാണ് മുമ്പിലുള്ളത്.  ഒന്ന്: ഓര്‍ത്തഡോക്‌സ് വിഭാഗവുമായി രമ്യപ്പെട്ടുകൊണ്ട് മലങ്കരസഭ ഒന്നിച്ചു ഒരു കുടക്കീഴില്‍ അണിനിരക്കുക അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യമനുസരിച്ച് സ്വന്തമായി ഒരു സഭയുണ്ടാക്കി വേര്‍പിരിയുക..
എന്നാല്‍ ഇപ്പോഴത്തെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ആദ്യത്തെ മാര്‍ഗം സ്വീകരിക്കാനാണ് സാധ്യത. മറിച്ചാണെങ്കില്‍ അവരുടെ അധീനതയിലുള്ള പള്ളികളും സ്ഥാവരജംഗമ വസ്തുക്കളും പൂര്‍ണ്ണമായും ഉപേക്ഷിച്ച് പുതിയ പള്ളികളും സ്ഥാപനങ്ങളും ആരംഭിക്കേണ്ടതായി വരും. മറിച്ചുള്ള തീരുമാനത്തെ ഭൂരിപക്ഷ വിശ്വാസ സമൂഹം പിന്തുണക്കുമെന്നു കരുതുന്നില്ല. വര്‍ഷങ്ങളുടെ പ്രയത്‌നങ്ങള്‍കൊണ്ട് സ്ഥാപിച്ച സ്ഥാപനങ്ങളും പള്ളികളും ഉപേക്ഷിച്ച് വെറും കയ്യോടെ ഇറങ്ങിപ്പോകാന്‍ ആരാണ് താല്‍പ്പര്യപ്പെടുക? മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലായിടത്തും പുതിയ പള്ളികളും സ്ഥാപനങ്ങളും ആരംഭിക്കുക ഭഗീരഥ പ്രയത്‌നം തന്നെയാണ്.
ഇപ്പോഴത്തെ കോടതി വിധി അനുശാസിക്കുന്ന 1934 ലെ ഭരണഘടനാപ്രകാരം വിശ്വാസ സംരക്ഷണവും പ്രാര്‍ത്ഥനകളും ആരാധനകളും നടത്താതെ വന്നാല്‍ യാക്കോബായ സഭ മലങ്കര സഭയുടെ ഭാഗമല്ലാതായിതീരുകയും അവരുടെ പള്ളികളും മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുത്തൻകുരിശ് ആസ്ഥാനമായി സ്രേഷ്ട കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ അന്ത്യോഖ്യായിലെ പരിശുദ്ധ  പാത്രിയാര്‍ക്കീസിനു വിധേയപ്പെട്ടു  പ്രവര്‍ത്തിച്ചിരുന്ന ബാവാ കക്ഷിയും കോട്ടയം ദേവലോകം ആസ്ഥാനമായി പരിശുദ്ധ കാതോലിക്കാ ബാവായുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഓർത്തഡോക്സ്  വിഭാഗവും  കോടതിവിധിയോടെ   ഒരു സഭയായി മാറും. 1934 ലെ  ഭരണഘടനാ പ്രകാരം  ഏകീകൃത സഭാ നേതൃത്വം മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കീഴിലാകും. അതേ സമയം മറുഭാഗത്തെ മേല്‍പ്പട്ടക്കാരുടെയും വൈദികരുടെയും നിയമനം അസാധുവാകുമോ എന്ന് നിയമ വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. കാരണം കോടതി വിധി പ്രകാരം അങ്ങനെ ഒന്ന് ഇപ്പോള്‍ നിലവില്‍ ഇല്ല.
അതേസമയം ധൃതി പിടിച്ചൊരു നീക്കത്തിന് യാക്കോബായ സഭ മുതിരുമെന്ന് കരുതുന്നില്ല. കോടതിവിധി അന്തിമമായതിനാല്‍ ഇനി ഒരു അപ്പീലിനു മാര്‍ഗമില്ലെന്നറിയാം. എന്നാല്‍ കോടതി വിധിയിലെ അവ്യക്തതകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനാണ് യാക്കോബായ വിഭാഗം ഇപ്പോള്‍ ആലോചിചുവരുന്നത്. പെട്ടൈന്നൊരു തീരുമാനമെടുക്കാതെ അതീവ ജാഗ്രതയോടെ നീങ്ങാനാണ് അവര്‍ ശ്രമിക്കുക.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിശ്വാസ അധികാര തര്‍ക്കങ്ങളുടെ പേരില്‍ തെരുവുയുദ്ധങ്ങള്‍ പോലെയായിരുന്നു ഒരു കാലത്ത് ആത്മീയ-വിശ്വാസ രംഗത്ത് ലോകത്തിനു തന്നെ മാതൃകയായിരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ രണ്ടായി പിരിഞ്ഞുകൊണ്ട് പോര്‍വിളികള്‍ നടത്തിയത്. പോലീസ് സംര്കഷണത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക, സെമിത്തേരിയില്‍ മൃതദേഹമടക്കുന്നതു സംബന്ധിച്ചു തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുക, പള്ളികളില്‍ ആരാധനാ മധ്യേ സംഘര്‍ഷം നടത്തുക തുടങ്ങി ക്രൈസ്തവ സമൂഹത്തിനു നാണക്കേടാകുന്ന നിരവധി സംഭവങ്ങളാണ് ഇതിനകം അരങ്ങേറിയത്. സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുകയായിരുന്ന ബാവ കക്ഷി വിഭാഗത്തിലെ മെത്രാപ്പോലീത്തമാരെയും വൈദികരെയും വിശ്വാസികളെയും പോലീസ് നിഷ്ഠൂരം തല്ലിച്ചതച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഒരേ സ്ഥലത്ത് അടുത്തടുതായി വരെ ഇരു വിഭാഗങ്ങളുടെയും പള്ളികളും മറ്റ് ആരാധനാലയങ്ങളും ഉയര്‍ന്നു. തര്‍ക്കങ്ങളുടെ പേരില്‍ ചില പള്ളികള്‍ കോടതി ഇടപെട്ട് പൂട്ടിച്ചു. മറ്റ് ചിലയിടങ്ങളില്‍ സമയം ക്രമീകരിച്ച് ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേക കുര്‍ബാനകളും മറ്റ് പ്രാര്‍ത്ഥനകളും വരെ നടത്തിയിരുന്നു. ഈ ഒരൊറ്റ കോടതി വിധിയോടെ ഇത്തരത്തിലുള്ള എല്ലാ നടപടികൾക്കും  പരിസമാപ്തികുറിക്കും. അങ്ങനെ വരുമ്പോള്‍ പിന്നെ ഒന്നാകുകയാണ് ഇരുവിഭാഗത്തിനും നല്ലതെന്നു കരുതുന്നവരാണ് ഭൂരിഭാഗവും.
കോടതി വിധി തങ്ങള്‍ക്കാനുകൂലമായെങ്കിലും മറുവിഭാഗത്തിന്റെ സ്വത്തുക്കള്‍ കൈയ്യടക്കുന്നതിലുപരി ഒന്നു ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം താല്‍പ്പര്യപ്പെടുന്നതെന്ന് സഭാ നേതൃത്വം സൂചിപ്പിച്ചു. 1934 ലെ ഭരണ ഘടനക്കനുസൃതമായിക്കൊണ്ടും അതോടൊപ്പം  യാക്കോബായ വിഭാഗത്തെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തുകൊണ്ടുമായിരിക്കും ഈ ശ്രമങ്ങള്‍ നടത്തുകയെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു. ആദ്യം ഇരു വിഭാഗത്തിലെയും മഞ്ഞുരുകട്ടെ, അങ്ങനെ പടിപടിയായി ഏകീകൃതസഭ എന്ന ലക്ഷ്യത്തിലേക്കടുക്കാമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
 
 ഒന്നിക്കാനാണെങ്കില്‍ പിന്നെന്തിനു വ്യവഹാരങ്ങള്‍ക്കുപോയി എന്നു ചോദിക്കുന്നവരുണ്ട് ഇരുവിഭാഗങ്ങളിലും. അതേ സമയം സ്വത്തുക്കള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല ഈ പോരാട്ടമെന്ന് നിലപാടുകള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ് ഇക്കാലമത്രയും നടത്തിവന്നതെന്നും യാക്കോബായ പ്രതിനിധിയും നോര്‍ത്ത്-ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനുമായ സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത 'ഈ മലയാളി' യോട് പറഞ്ഞു.
മാര്‍ത്തോമ്മാശ്ലീഹായുടെ പാരമ്പര്യമുള്ള ചരിത്രപ്രാധാന്യമുള്ള ഈ സഭയ്ക്ക് ലിഖിതമായ ഒരു ഭരണഘടന നിലവില്‍ വന്നത് 1934ലാണ്. അതുവരെ വ്യക്തമായ ഒരു ഭരണഘടന ഇല്ലാതിരുന്നതിനാല്‍ പലപ്പോഴും തര്‍ക്കങ്ങളും വ്യവഹാരങ്ങളും നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് 1934 ല്‍ അന്നത്തെ മലങ്കരസഭാ അധ്യക്ഷനായിരുന്ന ഗീവര്‍ഗീസ് മാര്‍ ദിയോത്യോസ് വട്ടശേരിന്റെ നേതൃത്വത്തില്‍ ഒരു ഭരണഘടനക്കു രൂപം നല്‍കി. പിന്നീട് ഈ ഭരണഘടനയിലെ നിലപാടുള്‍ക്കെതിരെ വീണ്ടും തര്‍ക്കങ്ങളും വ്യവഹാരങ്ങളും തുടര്‍ന്നു. ഇതിനിടെ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് റോയല്‍ കോടതി വിധി ഉള്‍പ്പെടെ നാലു സുപ്രധാന വിധികളാണ് സഭാ തര്‍ക്കങ്ങളില്‍ ഉണ്ടായിരുന്നത്. 2017 ജൂലൈ മൂന്നിലെ സുപ്രധാന വിധിക്കുപുറമെ 1958 ലും 1995ലുമായിരുന്നു സുപ്രീംകോടതി വിധികളുണ്ടായത്. ഇതിനു മുമ്പു രണ്ടു തവണയും 1934 ലെ ഭരണഘടനാ പ്രകാരം മലങ്കര സഭകള്‍ ഭരിക്കപ്പെടണമെന്നായിരുന്നു കോടതി വിധി.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗത്തെയും നേതൃത്വം യഥാര്‍ത്ഥത്തില്‍ അങ്കലാപ്പിലാണിപ്പോള്‍. ഇത്രയും വ്യക്തമായ അനുകൂലത്തോടെയുള്ള ഒരു വിധി ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രതീക്ഷിച്ചിരുന്നില്ല. നിലപാടികളുടെ പേരില്‍ തുടങ്ങിയ പോരാട്ടം അന്തിമ കോടതിവിധിയോടെ അവസാനിച്ചെങ്കിലും നൂലാമാലകള്‍ തീരുന്നില്ല. യാക്കോബായ വിഭാഗം വെറും കയ്യോടെ ഇറങ്ങിപ്പോയി പെന്റക്കേസ്റ്റല്‍ സഭ പോലെ പുതിയസഭ രൂപീകരിക്കുക എന്നത് പ്രായോഗികപരമായും വിശ്വാസപരമായും ബുദ്ധിമുട്ടുളവാക്കുന്നതാണ്. ഇതിനിടെ യാക്കോബായ വിഭാഗത്തിനു സ്വാന്തനമേകി യോജിപ്പോടെ മുന്നേറാന്‍ തയ്യാറാണെങ്കില്‍ കൈകോര്‍ക്കാന്‍ തയ്യാറാണെന്നു അവകാശപ്പെട്ട് കെ.പി.യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച് മുന്നിട്ടുവന്നതായി സോഷ്യല്‍മീഡിയാകളില്‍ പ്രചരിച്ചിരുന്നു. യാതൊരു ഓര്‍ത്തഡോക്‌സ് പാരമ്പര്യവുമില്ലാത്ത ബിലീവേഴ്‌സ് ചര്‍ച്ചുമായി കൈകോര്‍ക്കുന്നതിനോട് വിശ്വാസികള്‍ യോജിക്കുമെന്നും കരുതുന്നില്ല. കോടതിവിധിയോടെ സമൂഹമാധ്യമങ്ങള്‍ വഴി ഊഹാപോഹങ്ങള്‍ പെരുകുകയാണ്. ശ്രേഷ്ഠ കാതോലിക്കാ ബാവ സ്ഥാനത്യാഗം ചെയ്യുകയാണെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയാകളില്‍ വൈറലാകുന്നുണ്ട്. ഇത് കോടതിവിധിക്കു ശേഷമുള്ളതാണോ അതോ മുമ്പു നടത്തിയതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഏതായാലും യാക്കോബായ സഭാ നേതൃത്വത്തിനു സമ്പൂര്‍ണ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപനമാണുണ്ടായിട്ടുള്ളത്. ഒന്നായാല്‍ ഇപ്പോള്‍ പലരും വഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ഇവിടെ സ്വത്തുക്കളെക്കാള്‍ പ്രാധാന്യം സ്ഥാനമാനങ്ങള്‍ക്കാണ്. സ്വത്ത് സഭയുടേതായതിനാല്‍ സഭകള്‍ ഒന്നാകുമ്പോള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. ബാങ്കുകളുടെ ലയനം പോലെ ആയിരിക്കും സഭ ഒന്നാകുമ്പോൾ ഉണ്ടാകുക. പുറത്തുപോയാല്‍ യാക്കോബായ സഭക്ക് അതിലേറെ പ്രശ്‌നമായിരിക്കും. പള്ളികളും സ്ഥാപനങ്ങളും തുടങ്ങി ഒന്നില്‍ നിന്ന് ആരംഭിക്കണം. തീരുമാനം രണ്ടായാലും നേതൃത്വത്തിലും ആത്മായരിലും ഭിന്നിപ്പ് ഉണ്ടാകുമെന്ന് ഉറപ്പിക്കാം.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിലും സ്ഥതിവ്യത്യസ്തമല്ല. തികച്ചും ഏകപക്ഷീയമായ വിജയം ഒരു തരം കയ്പ്പേറിയ  മധുരമായിട്ടു കാണാം. യാക്കോബായ സമുദായത്തെ തള്ളിക്കളഞ്ഞാല്‍ ഒരു വലിയ വിശ്വാസ സമൂഹത്തെ, അതും ഒരു കാലത്ത് സഹോദരങ്ങളെപ്പോലെ കരുതിയവരെ തെരുവിലുപേക്ഷിച്ചെന്ന പേരുദോഷം കിട്ടും. അവരെ ഉള്‍ക്കൊണ്ടാല്‍ തലവേദനകള്‍ പലതുമുണ്ട്. യാക്കോബായ  സഭയിലെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കു കൂടി സ്ഥാനങ്ങള്‍ കണ്ടെത്തേണ്ടിവരും. പള്ളികള്‍, സ്ഥാപനങ്ങള്‍, ആരാധനാക്രമീകരണങ്ങള്‍, വൈദികനിയമനങ്ങള്‍, പള്ളി ഭരണസമിതി, വിവിധ ഭദ്രാസനങ്ങളുടെ ലയനം ഏകോപനം തുടങ്ങി എണ്ണമറ്റ കടമ്പകളാണ് കടക്കേണ്ടിയിരിക്കുന്നത്. ഒരു മൃദുസമീപനത്തോടെ മാത്രമെ ഈ കോടതിവിധി നല്‍കുന്ന ഉജ്ജ്വല വിജയത്തെ കാണാന്‍ കഴിയൂ.
തികച്ചും സന്തുലിതമായ, ഇരുപക്ഷത്തെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സമാധാനപരമായ ഒരുമിക്കലാവും കാലം കാത്തിരിക്കുന്നത്. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പറയുന്നതുപോലെ തിരശീലക്കു പിന്നില്‍ നിന്നുകൊണ്ട് മഞ്ഞുരുക്കാനുള്ള നിരന്തരമായ പ്രയത്‌നങ്ങള്‍ നടത്തേണ്ടി വന്നേക്കാം. അന്ത്യോഖ്യാ പ്രഥമന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് എന്തുപറയുന്നു എന്നു കേള്‍ക്കാന്‍ ഇരുപക്ഷവും കാതോര്‍ക്കുകയാണ്. ഇരുപക്ഷത്തെയും പ്രതിനിധികള്‍ പ്രാതിനിധ്യസ്വഭാവമില്ലാതെ തന്നെ അനൗദ്യോഗികമായി പാത്രിയാര്‍ക്കീസ് ബാവയെ തന്താങ്ങളുടെ നിലപാടുകള്‍ ധരിപ്പിച്ചു വരികയാണ്. പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ അഭിപ്രായമറിയാന്‍ കാതോര്‍ക്കുകയാണ് ഇരു വിഭാഗങ്ങളും. ഓര്‍ത്തഡോക്‌സ് സുന്നഹദോസ് കഴിഞ്ഞമാസം കൂടിയപ്പോള്‍ യോജിപ്പിന്റെ സ്വരമാണ് മുഴങ്ങികേട്ടത്. സുന്നഹദോസ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ പാത്രിയാര്‍ക്കീസ് ബാവയെ അറിയിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയെയും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിസിയോസ് മെത്രാപ്പോലീത്തയേയും ചുമതലപ്പെടുത്തിയിരുന്നു. ഇരുവരു കഴിഞ്ഞദിവസം ബെയ്‌റൂട്ടില്‍ വച്ച് പാത്രിയാര്‍ക്കീസുമായി രണ്ടുദിവസം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി.ഏതായാലും വരാനിരിക്കുന്ന ദിവസങ്ങളിൽ ചൂടേറിയ ചർച്ചകളും വാഗ്‌വാദങ്ങളും നടന്നേക്കാം.
Join WhatsApp News
യാക്കോബായ ഫാൻ 2017-10-06 13:19:17
ശ്രീ ഫ്രാൻസിസിന്റെ ലേഖനം വായിച്ചപ്പോൾ കുറെ വർഷങ്ങൾ മുൻപ് ശ്രീ പിണറായി വിജയൻ മാതൃഭൂമി പത്രാധിപരോട് പറഞ്ഞ ഒരു ഡയലോഗ് ആണ് ഓര്മ വരുന്നത്. "എടൊ ഗോപാലകൃഷ്ണ തനിക്കു ഈ പാർട്ടിയെക്കുറിച്ചു ഒരു ചുക്കും അറിയില്ല". ഞങ്ങളുടെ തിരുമേനിമാരെയും ബാവയെയും ഒക്കെ ഒരു പരിധി വരെ മനസ്സിലാക്കിയതുകൊണ്ടു പറയട്ടെ ഇതൊന്നും ഈ നൂറ്റാണ്ടിൽ നടക്കാൻ പോകുന്നില്ല. കാരണം, ചുരുക്കം ചിലർ ഒഴിച്ചാൽ ഓട്ടോ റിക്ഷ കണക്കിനുള്ള (കടപ്പാട് ഗീ വറുഗീസ് മോർ കൂറിലോസ്) മെത്രാൻ മാരിൽ ആർക്കും അതിനു താല്പര്യം ഇല്ല. സഭ ഒരുമിച്ചാൽ ഇവരുടെ വരവ് കുറയും അധികാരം കുറയും. അത് അംഗീകരിക്കുക ഈ ആഡംബര ജീവിതം നയിക്കുന്ന തിരുമേനിമാർക്‌ ബുദ്ധിമുട്ടുള്ള കാര്യം ആണ്.
യാക്കോബായ സഭ ഒരു കാരണവശാലും യോജിക്കാൻ സമ്മതിക്കില്ല. അഥവാ എങ്ങാനും യോജിച്ചാൽ പതിറ്റാണ്ടുകളായി യാതൊരു വിധ വരവ് ചെലവ് കണക്കും ഇല്ലാത്ത സഭയുടെ കോടി കണക്കിന് സ്വത്ത് പലരും അടിച്ചുമാറ്റികൊണ്ടിരുക്കുന്നത് നിന്ന് പോകും. ബാവായുടെ സ്ഥാന ത്യാഗം ഞങ്ങൾ വർഷങ്ങൾ ആയിട്ട് കേൾക്കുന്നതാണ്. രാജി പിൻവലിപ്പിക്കാനുള്ള തന്ത്രങ്ങൾ എല്ലാം ശരിയാക്കിയിട്ടാണ് ബാവ രാജി സമർപ്പിക്കാറ്. ഇത് പലകുറി ആവർത്തിച്ചതാണ്. പരസ്പര ബഹുമാനത്തോടെ രണ്ടായിത്തന്നെ പോകുന്നതാണ് നല്ലതു. കാരണം ആൻമേനികളുടെ മനസ്സിൽ പകയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ ആവശ്യത്തിന് പാകിയിട്ടുള്ളതുകൊണ്ടു യോജിപ്പ് അവർക്കു ബുദ്ധിമുട്ടായിരിക്കും. തിരുമേനിമാർക് രാഷ്ട്രീയക്കാരെപോലെ ഇന്നലെ വരെ പറഞ്ഞ തെല്ലാം ഒറ്റ ദിവസ്സം കൊണ്ട് വിഴുങ്ങാനാവും  .ഞങ്ങൾക്ക് അതിനാവില്ല, വരും തലമുറയെ മാറ്റിയെടുക്കാൻ മാത്രമേ സാധിക്കൂ അതിനു  സാവകാശം വേണം.
ചെകുത്താൻ 2017-10-06 16:06:54
യാക്കോബായ ഫാനും പള്ളികളും പട്ടക്കാരും തിരുമേനിമാരും എന്റെ അരുമ കിടാങ്ങളാണ് .  അവരാണ് എന്റെ ജീവനാടി. ഭിന്നിപ്പ്, പക, അധികാരമോഹം, പാരപണി, പണം അടിച്ചുമാറ്റൽ, പള്ളിപണി, സിംഹാസനം ഉണ്ടാക്കൽ അങ്ങനെ പലതും ഭൂമിയിൽ നടപ്പാക്കാൻ ഞാൻ ഇവർക്ക് അധികാരം നൽകിയിരിക്കുന്നു. ഇവരെ തൊടുന്നവർ എല്ലാം ധൂളിയായിപ്പോകും. മോനെ യാക്കോബായ ഫാനെ നീ എന്റെ പ്രിയപുത്രൻ ഞാൻ നിന്നിൽ പ്രസാധിച്ചിരിക്കുന്നു. നീ ഓരോ വാക്കുകളും എന്റെ കർണ്ണങ്ങൾക്ക് സംഗീതമാണ് ഫ്രാൻസിസല്ല പോപ്പ് ഫ്രാൻസിസ് വിചാരിച്ചാലും നിന്നെ ഒന്നും ചെയാൻ കഴിയില്ല നിനക്കായി ഞാൻ ആയിരക്കിണക്കിനു ചെകുത്താന്മാരുടെ ഒരു പട തന്നെ അയച്ചിട്ടുണ്ട് .  എന്നോടാ കളി.

ദൈവം 2017-10-06 22:37:29
നീ നമ്മടെ പങ്ക് കച്ചവടം പൊളിക്കാനുള്ള ശ്രമമാണ് അല്ലെ ? നിന്നെ ഞാൻ വെറുതെ വിടില്ലിട ചെകുത്താനെ   ഇത് രണ്ടും ഞാൻ ഒന്നാക്കും, ഒരുത്തനെ ഞാൻ പുറംതള്ളും. മോനെ യാക്കോബായ ഫാനെ തോമാച്ചാ തുമ്പയിലെ എന്നിൽ നിങ്ങൾ വിഷ്വസിച്ചാൽ നിങ്ങൾക്ക് രക്ഷയുണ്ട് അല്ലാത്തവനെല്ലാം പോക്കാ .  പിന്നെ നമ്മുടെ പത്തിലൊന്നു തരാൻ മറക്കരുത് . നമ്മുടെ കഞ്ഞികുടി മുട്ടിക്കരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക