Image

നേത്രനാരായണന്‍ എല്ലാം കാണുന്നുണ്ട്

Published on 05 October, 2017
നേത്രനാരായണന്‍ എല്ലാം കാണുന്നുണ്ട്
സംഭാഷണം : ഡി. ബാബുപോള്‍/സി. പി. രാജശേഖരന്‍

അകലെ, കുറവന്‍ മലയെയും കുറത്തിമലയെയും കൂട്ടിയിണക്കി, വലിയൊരു മഴവില്ലു പോലെ ഇടുക്കി അണക്കെട്ട്. അതിനു താഴെ പുളിയന്മലയില്‍ നിന്ന് മുകളിലേക്കു നോക്കി ഒരിക്കല്‍ വസിഷ്ഠന്‍ മനസില്‍ പറഞ്ഞു. നാളത്തെ കേരളത്തിന്റെ ഏത് ആവശ്യവനും നിറവേറ്റാന്‍ പോന്ന കാമധേനുവാണത്.

ഈ കാമധേനുവിനെ കൈവശം വച്ചിരുന്ന വസിഷ്ഠനിപ്പോള്‍ തിരുവനന്തപുരത്താണ് താമസം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് വിളിപ്പാടകലെ മമ്മീസ് കോളനിയിലെ അപ്പാര്‍ട്ട്‌മെന്റില്‍. മുന്‍കൂട്ടി അനുമതി തേടിയാണു വസിഷ്ഠന്റെ പര്‍ണ്ണാശ്രമത്തിലെത്തിയത്. മുറ്റത്ത് അപ്പോള്‍ പോക്കുവെയില്‍ മായാറായിരുന്നു. പൂമുഖത്ത് ഇരുള്‍ പരന്നിരുന്നു.

അരണ്ട വെളിച്ചത്തില്‍ കോളിംഗ് ബെല്‍ പരതി. അവിടെ ഒരു കുറിപ്പു തൂക്കിയിട്ടിരുന്നതിനാല്‍ പെട്ടെന്നു കണ്ടെത്താനായി.

ആദ്യത്തെ വരികളിങ്ങനെ:
“മണിയടിക്കേണ്ട.
നേത്രനാരായണന് എന്ത് അമ്പലമണി...!”
ഈശ്വരാ, കുഴപ്പമായോ?
വസിഷ്ഠന്‍ ഉറക്കത്തിലായിരിക്കുമോ?
അതോ മുഖം കാണിക്കാന്‍ മനസ്സില്ലാതെ മുങ്ങിയോ?

വായിക്കാന്‍ ഇനിയുമുണ്ട് ഏതാനും വരികള്‍.

“അകത്തുള്ളയാള്‍ എല്ലാം അറിയുന്നുണ്ട്.
പുറത്തുള്ളയാള്‍ കാത്തിരുന്നാല്‍ തെളിയും. നമസ്ക്കാരം!”

സമാധാനമായി. ഇനി കാത്തിരിക്കാം.

എന്റെ വിശ്വാസത്തിലെ വസിഷ്ഠന്‍ ഇഴിടെ നേത്രനാരായണനാണ്. എല്ലാം കാണുന്നവന്‍. ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണഘട്ടിലെ മുഖ്യ കോ ഓര്‍ഡിനേറ്റര്‍.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇടുക്കിയില്‍ ഒരു അണക്കെട്ടിനെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയത്. യാഥാര്‍ത്ഥ്യമായത് 1975-ലും. 1971 മുതല്‍ 76 വരെ കോട്ടയം ജില്ലാ കളക്ടറായിരുന്ന ഡോ. ഡി. ബാബുപോളാണ് ഈ അണക്കെട്ട് യാഥാര്‍ത്ഥ്യമാക്കിയത്. ഇന്നു കേരളത്തിന്റെ പ്രകാശവാഹിനി മാത്രമല്ല, ഏത് ആവശ്യവും നിറവേറ്റുന്ന യഥാര്‍ത്ഥ കാമധേനു.

? വസിഷ്ഠന്റെ പേരില്‍ ഇപ്പഴവിടെയൊരു സ്മാരകശില പോലുമില്ല.
˜ എന്തിന്? ഐ.എ.എസ്. ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ ജേക്കബ് ആദ്യമായി ഇടുക്കി പദ്ധതിപ്രദേശത്തെത്തിയപ്പോള്‍, നാട്ടുകാരായ ചിലര്‍ പറഞ്ഞത്രേ, ബാബുപോള്‍ സാറിന്റെ സംഭാവനയാണത്രേ, ഇടുക്കി അണക്കെട്ട്. അവര്‍ ഇത്തിരി അതിശയോക്തിയോടെ പറഞ്ഞതാകാം. പക്ഷേ, അലക്‌സാണ്ടര്‍ പറഞ്ഞതുപോലെ അതൊരു അദൃശ്യ ശിലാഫലകമോ സ്മാരകശിലയോ ആയിരിക്കാം, ഒരാളുടേതല്ല, ഒരുപാടുപേരുടെ.

ലോകത്തെ നാലാമത്തെയും ഇസ്രയേലിലെ ആദ്യത്തെയും വനിതാ പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡാ മെയര്‍ അവിടുത്തെ വിദേശകാര്യമന്ത്രിയായിരിക്കെ, അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗൂറിയോണ്‍ അവരെ വിശേഷിപ്പിച്ചത്, തന്റെ സര്‍ക്കാരിലെ ഏറ്റവും ശക്തനായ ‘പുരുഷന്‍’ എന്നായിരുന്നു.

ഈ വിശേഷണത്തെ മേയര്‍ പക്ഷേ, മുഖവിലയ്‌ക്കെടുത്തത് ഇങ്ങനെ: “ഇസ്രയേലിന്റെ ചരിത്രത്തിലെ ഒരു പ്രധാനഘട്ടത്തില്‍ ചില കര്‍മ്മങ്ങള്‍ ചെയ്യാന്‍ നിയുക്തയാക്കപ്പെട്ട വെറുമൊരു വ്യക്തി മാത്രമാണ് ഞാന്‍. എന്നില്‍ നിക്ഷിപ്തമായ ചില ജോലികള്‍ ചെയ്തു എന്നു മാത്രം. ജോലി കഴിഞ്ഞാല്‍ ഞാന്‍ പിന്മാറണം. എന്റെ പേര് നമ്മുടെ രാജ്യത്തെ ഒരു റോഡിനു പോലും ഇട്ടേക്കരുത്”. അതു തന്നെയാണ് നേത്രനാരായണന്റെയും ഇഷ്ടം.

“ഞാന്‍ എനിക്കായി ഒരു സ്മാരകം സൃഷ്ടിച്ചിട്ടുണ്ട്. വേദശബ്ദരത്‌നാകരം എന്ന ബൃഹദ്ഗ്രന്ഥം. മൂല്യവത്തായ ബൈബിള്‍-പുരാണ നിഘണ്ടു. ഭൂമിയില്‍ അതു നിലനില്‍ക്കുന്നിടത്തോളം ഞാനും നിലനില്‍ക്കും. ഇരുപതു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്ത ശബ്ദതാരാവലിയാണ് ശ്രീകണ്‌ഠേശ്വരം പദ്‌നാഭപിള്ള എന്ന കൈരളീ സേവകന്റെ നിത്യസ്മാരകം. അതിലും വലിയൊരു സ്മാരകം അദ്ദേഹത്തിന്റെ പേരില്‍ കല്ലിലും ഫലകത്തിലും തീര്‍ക്കാനായില്ല”.

? ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണഘട്ടത്തിലെ മറക്കാനാവാത്ത അനുഭവം.
˜ ഒരുപാടുണ്ട്. പ്രോജക്ട് കോ ഓര്‍ഡിനേറ്ററായിരുന്നെങ്കിലും കമ്മ്യൂണിക്കേഷന് ഒരു ഫോണണ്‍ പോലുമില്ലാതിരുന്ന കാലത്ത് കേവലം ആറു വര്‍ഷം കൊണ്ട് ഇത്രയും വലിയൊരു കൂറ്റന്‍ പ്രോജക്ട് പൂര്‍ത്തിയാക്കുക ശ്രമകരമായിരുന്നു. കോട്ടയം കളക്ടറുടെയും ഇടുക്കി പദ്ധതിയുടെയും കാര്യങ്ങള്‍ വളരെ കൃത്യമായി ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു. പക്ഷേ, കുടുംബത്തിലെ കാര്യങ്ങള്‍ നോക്കാന്‍ അന്നു തീരെ സമയം കിട്ടിയിരുന്നില്ല. എന്റെ മക്കളുടെ ശൈശവം ഞാന്‍ കണ്ടിട്ടില്ല. അവര്‍ക്കു ഫാരക്‌സും ചോക്ലേറ്റും വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അതെല്ലാം നിറവേറ്റിയത് അവരുടെ അമ്മ അന്നയാണ്.
മമ്മീസ് കോളനിയിലെ വില്ലയില്‍ ഇപ്പോള്‍ അന്നയില്ല. അവരെ ദൈവം നേരത്തേ വിളിച്ചു. മകനും മകളും വിദേശത്താണ്. നേത്രനാരായണന്‍ തനിച്ചാണ് ഇവിടെ താമസം.
തന്റെ കര്‍മ്മങ്ങളും തീര്‍ന്നെന്നു നേത്രനാരായണന്‍. ഇനി ദൈവത്തിന്റെ അവസരം കാത്തിരിക്കുന്നു എന്ന് ആത്മഗതം.

? ജീവിതത്തോട് ആത്മാര്‍പ്പണം ചെയ്ത ഈ കര്‍മ്മയോഗിക്ക് ഇടുക്കി പദ്ധതികാലത്തെ യൗവ്വനം തിരികെത്തരാമെന്നു ദൈവം തീരുമാനിച്ചാല്‍ ഇനി ഏതു പദ്ധതിയാകും ഏറ്റെടുക്കുക.
˜ അത് എനിക്കു മാത്രം തീരുമാനിക്കാവുന്ന കാര്യമല്ല. ഞാന്‍ ഐ.എ.എസ് സ്വീകരിക്കുമ്പോള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് ആയിരുന്നു മുഖ്യമന്ത്രി. കെ. ആര്‍. ഗൗരിയമ്മ റവന്യൂമന്ത്രി. ഇടുക്കി പദ്ധതികാലത്ത് സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. എം.എന്‍. ഗോവിന്ദന്‍ നായര്‍ വൈദ്യുതമന്ത്രിയും. അവര്‍ക്കെന്നെ വിശ്വാസമായിരുന്നു. അവരെ എനിക്കും. അങ്ങനെ കുറേ വിശ്വസ്തരുണ്ടെങ്കിലേ ആര്‍ക്കും എന്തും ചെയ്യാന്‍ കഴിയൂ.
രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതികളില്‍ ഒന്നിന്റെ സ്രഷ്ടാവായിട്ടും വീട്ടില്‍ വൈദ്യുതിയുടെ ഉപയോഗം തീരെ കുറവ്. പൂമുഖത്ത് നേത്രനാരായണന്റെ തലയ്ക്കു മുകളിലേക്കു മാത്രം പ്രകാശിക്കുന്ന, സീറോ വോള്‍ട്ട് ശേഷിയുള്ള വളരെച്ചെറിയ ഒരു എല്‍.ഇ.ഡി. ബള്‍ബ്. അതിന്റെ വെള്ളിവെളിച്ചം നേത്രനാരായണന്റെ വെളുത്തു തുടത്ത നെറ്റിയിലും കവിളിലും തിളക്കമുള്ള കൃഷ്ണമണികളിലും പതിച്ച ശേഷം, അഭിമുഖക്കാരന്റെ മുഖത്തേക്കു വീഴും. സൂര്യപ്രകാശം പ്രതലത്തില്‍ പതിച്ച്, ഭൂമിയിലേക്കു പെയ്‌തൊഴിയുന്ന ധനുമാസ ചന്ദ്രിക പോലെ.
അകത്തും പുറത്തും ആലക്തിക വെളിച്ചങ്ങളും വാതാനുകൂലതയുടെ അനാവശ്യ പൊങ്ങച്ചങ്ങളുമില്ലാതെ, ഇരുളും വെളിച്ചവും കലര്‍ന്ന ഒരിടം.
പിശുക്കാണോ? ഏയ്...! ഇതുതന്നെ ധാരാളം എന്ന മട്ട്.
ചിരിയുടെ വലിയ തമ്പുരാന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുമൊത്ത് നേത്രനാരായണന്‍ ജയില്‍ സന്ദര്‍ശിക്കാന്‍ പോയ കഥ ഓര്‍മ്മ വന്നു. പുള്ളികളോടു മെത്രാപ്പോലീത്ത ഉപദേശിച്ചതിങ്ങനെ:
പ്രിയ സഹോദരന്മാരേ, കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണം. നിങ്ങള്‍ക്കു കക്കാന്‍ മാത്രമേ അറിയൂ. നില്‍ക്കാന്‍ അറിയില്ല. എന്നാല്‍, എനിക്കും ബാബു പോളിനുമൊക്കെ കക്കാനുമറിയാം, പിടിച്ചു നില്‍ക്കാനുമറിയാം. അതുകൊണ്ടാണ് നിങ്ങള്‍ അകത്തും ഞങ്ങള്‍ പുറത്തും നില്‍ക്കുന്നത്. വേദിയിലും സദസിലും ചിരിയുടെ മാലപ്പടക്കം പൊട്ടി.
സമ്മേളനം കഴിഞ്ഞു വേദി വിട്ടപ്പോള്‍ തിരുമേനിയെ കൈയോടെ പിടികൂടി ബാബുപോള്‍ കല്‍പിച്ചു.
“തിരുമേനി വല്ല കള്ളത്തരവും ഒപ്പിച്ചിട്ടുണ്ടെങ്കില്‍, അതിനു മറയിടാന്‍ എന്നെ കൂട്ടുപിടിക്കേണ്ട.”
ഉടന്‍ തിരുമേനി തിരിച്ചടിച്ചു.
“അല്ല ബാബുപോളേ, എല്ലാ കാര്യങ്ങളിലും താന്‍ എന്റെ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയില്‍ പറഞ്ഞുപോയതാ...!”
˜ മാലപ്പടക്കമല്ല, കാതടപ്പിക്കുന്ന കതിനകളാണു പിന്നീടു പൊട്ടിയത്.
Join WhatsApp News
V.George 2017-10-06 07:32:16
Very nice article. SriRamachandran (Nethra Narayanan's another avatar)has moved from Dubai to a hamlet in South Carolina (he too has a commander plaque from Patiarch.) He is now in a hospital with broken bones and broken heart. Nethra Narayanan can see the hearts. I don't know whether he has forgiven to all his debtors.
GEORGE V 2017-10-06 12:32:46
ആവർത്തന വിരസ്സമെങ്കിലും ശ്രീ ബാബു പോളിന്റെ ലേഖനങ്ങൾ വായിക്കാൻ സുഹം ഉണ്ട്.
ശ്രീ വി ജോർജ് പറയുന്ന ശ്രി രാമചന്ദ്രനെക്കുറിച്ചു അറിയാൻ താല്പര്യം ഉണ്ട് (I am also in SC)
V.George 2017-10-08 07:16:43
Any hidden agenda to inaugurate a Malayalee organization in South Carolina? NethraNarayanaRamachandran is also known as APS. He was kindhearted, influential, humble and helpful while he was in Dubai. Ex Ministers, MPs, MLAs, and District Collectors from Kerala took advantage of this innocent soul. He was the one time sponsor for this VIPs to Dubai and most of them borrowed money from him during their Dubai tours and never returned a penny. I can reveal the identity of APS if you contact me at puthencavu689123@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക