Image

മനസ്സ് തൊട്ടറിയുന്ന മാന്ത്രികന്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 05 October, 2017
മനസ്സ് തൊട്ടറിയുന്ന മാന്ത്രികന്‍ (സുധീര്‍ പണിക്കവീട്ടില്‍)
കവിതക്കുള്ള ലാന അവാര്‍ഡ് നേടിയ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു അഭിനന്ദനങ്ങള്‍. മുപ്പത്തിയാറു കവിതകള്‍ ഉള്‍ക്കൊള്ളുന്ന. "മീന്‍കാരന്‍ ബാപ്പ.'എന്ന കവിതാസമാഹാരത്തിനാണു അദ്ദേഹം അവാര്‍ഡിനര്‍ഹനായത്.

ഈ അവസരത്തില്‍ ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ കവിതകളെ വിലയിരുത്തികൊണ്ട് ഈ ലേഖകന്‍ എഴുതിയ നിരൂപണത്തില്‍നിന്നും ചിലപ്രസക്ത ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു.

മനോവ്യാപാരങ്ങളുടെ ഒരു സര്‍ഗ്ഗവിപണി അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ രചനകളില്‍ കാണാം. വ്യക്തിബന്ധങ്ങളുടെ ഉലച്ചിലും ഉറപ്പും ഈ കമ്പോളത്തിലെ ലാഭനഷ്ടങ്ങളുടെ ഏറ്റക്കുറച്ചിലുകളെ ആസ്പദമാക്കിയാണ് കഥകളിലും കവിതകളിലും ഈ എഴുത്തുകാരന്‍ ആവിഷ്ക്കരിക്കുന്നത് ഒരു മനശാസ്ര്തജ്ഞന്റെ കണ്ടെത്തലുകളുടെ കാവ്യാത്മകവും കലാത്മകവുമായ അവതരണമായിട്ടാണ്. സര്‍ഗ്ഗശക്തിയുടെ മാന്ത്രിക വിരലുകള്‍കൊണ്ട് തൊട്ടറിയുന്ന മനസ്സുകളുടെ കമനീയമായ കലാവിഷ്ക്കാരം. ആധുനികതയുടെ വാങ്ങലേറ്റിട്ടുണ്ടെങ്കിലും ആശയങ്ങളെ പ്രതിമാനങ്ങളിലൂടെ സന്നിവേശിപ്പിക്കുന്ന ഒരു പ്രത്യേക ശൈലി ഇദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നു. എന്നാല്‍ ദുരൂഹതകളും നിഗൂഢസമസ്യകളും കൊണ്ടു അവയെമൂടി കളയുന്നില്ല. മനസ്സാണ്് എല്ലാമെന്ന് ചിലരചനകളിലൂടെ പ്രകടമാക്കുന്നുണ്ട്.

ഗദ്യകവിതകളുടെ വിഭാഗത്തില്‍പ്പെടുന്നവയാണ് "മീന്‍കാരന്‍ ബാപ്പ.' എന്ന ഈ സമാഹാരത്തിലെ മിക്ക കവിതകളും. എങ്കിലും വികാരങ്ങള്‍ ഉതിര്‍ന്ന് വീഴുന്ന അക്ഷരങ്ങളുടെ ക്രമങ്ങള്‍ക്ക് ഒരു ചടുലതാളമുണ്ട്. അവ വൃത്തത്തെക്കാള്‍ വൃത്തമില്ലായ്മയില്‍ സൗന്ദര്യം ചൊരിഞ്ഞ് നില്‍ക്കുന്നു.കവി മനസ്സ്താലോലിക്കുന്ന ചിലസങ്കല്‍പ്പങ്ങളുണ്ട്. അവയെനിതാന്തം നിരീക്ഷണം നടത്തുന്ന കവിക്ക് ചിലപ്പോള്‍ ആശയും നിരാശയും അനുഭവപ്പെടുന്നു. സന്തോഷാശ്രുക്കള്‍ വെറും തുള്ളികളാണുമറിച്ച് കണ്ണുനീരാണ് പ്രവഹിക്കുന്നത് എന്നു മനസ്സിലാക്കുന്ന കവി ഈ ലോകവുമായി ആശയവിനിമയം ചെയ്യുകയാണ് കവിതകളിലൂടെ.കവിതയെ സ്വ്പനസീമകള്‍ക്കപ്പുറം പാടുന്ന സ്വര്‍ഗ്ഗ നായികയായിട്ടാണ് കവിപ്രതിഷ്ഠിക്കുന്നത്. അവള്‍ കവിയെ ചിരിക്കാന്‍, ചിരിപ്പിക്കാന്‍, നിര്‍ഭയം ലോകത്തെ സ്‌നേഹിക്കാന്‍പഠിപ്പിക്കുന്നു.കവിയുടെ മുന്നിലിടക്കിടെ വന്നുമന്ദസ്മിതത്തിന്‍ ചിത്രം വരച്ച് പാറിക്കളിക്കുന്ന ഒരു ചിത്രശലഭമായും കവി കവിതയെ കാണുന്നു. അവള്‍ കവിക്ക് മാത്രമറിയുന്ന ഭാഷയില്‍പ്രേമസന്ദേശകാവ്യമെഴുതി കവിയെനിരന്തരം പ്രണയിച്ചുകൊണ്ടിരിക്കുന്നു. അതില്‍കെട്ടിയോള്‍ക്ക് അമര്‍ഷമുണ്ട്.പുതിയാപ്ല അങ്ങനെ കവിതയെഴുതാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനാഥരാകുമെന്നു അവര്‍ ഭയപ്പെടുന്നു. ഭാവനാലോകത്തെ ഭര്‍ത്താവും യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തെ ഭാര്യയും തമ്മിലെ പൊരുത്തമില്ലായ്മയുടെ ഒരു നര്‍മ്മരംഗം കവിവാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വളരെ രസപ്രദമാക്കുന്നു.

ശ്രീ അബ്ദുള്‍പുന്നയൂര്‍ക്കുളത്തിനു എല്ലാാഭാവുകങ്ങളും നേരുന്നു!! ഒപ്പം ലാന ഭാരവാഹികള്‍ക്കും ലാന സമ്മേളനത്തിനും വിജയാശംസകള്‍.

ശുഭം
Join WhatsApp News
G. Puthenkurish 2017-10-05 22:09:38
ശ്രീ. സുധീർ പണിക്കവീട്ടിലിന്റെ അവലോകനങ്ങൾക്ക് കവിതയുടെ ആത്മാവിനെ തൊട്ടറിയാനുള്ള കഴിവുണ്ട്.  അത്തരം ഒരാൾ അമേരിക്കയിലുള്ളത് മലയാള സാഹിത്യത്തിന്റെ സുകൃതം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക