Image

ഷാ- യോഗി ദ്വയത്തിന്റെ കേരള ദൗത്യത്തിന്റെ രാഷ്ട്രീയ പൊരുള്‍ എന്ത്? (ഡല്‍ഹി കത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 06 October, 2017
ഷാ- യോഗി ദ്വയത്തിന്റെ കേരള ദൗത്യത്തിന്റെ രാഷ്ട്രീയ പൊരുള്‍ എന്ത്?  (ഡല്‍ഹി കത്ത് : പി.വി.തോമസ് )
ബി.ജെ.പി. ഇപ്പോള്‍ കേരളം വെട്ടിപ്പിടിക്കുവാനുള്ള ഒരു പടയോട്ടത്തില്‍ ആണ്. ഇതിന് ജനരക്ഷയാത്ര എന്നും ജിഹാദ്-ചുവപ്പ് ഭീകര വിരുദ്ധ യാത്ര എന്നും ആണ് വിളിച്ച് ആഘോഷിക്കുന്നത്. ഈ 14 ദിന കലാപരിപാടി ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആണ് പയ്യന്നൂരില്‍(കണ്ണൂര്‍) ഒക്ടോബര്‍ ആദ്യവാരത്തില്‍ ഉദ്ഘാടനം ചെയ്തത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതില്‍ സജീവ  പങ്കാളിയായി മറ്റ് ദിവസങ്ങളില്‍ സന്നിഹിതന്‍ ആയിരുന്നു. ബി.ജെ.പി.യുടെ ഈ ദേശീയ പ്രതിഷേധത്തിന്റെ ഉന്നം പിണറായി വിജയന്‍(സി.പി.എം.) നയിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റ് ആണ്. അതിനും അപ്പുറം കേരളത്തില്‍ ഒരു സ്വാധീനം സ്ഥാപിക്കുക എന്നത് ആണ്. അതിന് കണ്ണൂരിലെ രാഷ്ട്രീയ കലാപം ഒരു കരു ആക്കി എന്ന് മാത്രം. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും
 അവര്‍ക്ക് യാതൊരു സ്വാധീനവും ഇല്ലാത്ത പ്രദേശങ്ങളില്‍ ഇതുപോലെ ഓരോരോ അടവു നയങ്ങളിലൂടെ നുഴഞ്ഞ് കയറുവാന്‍ ശ്രമിക്കുക സ്വാഭാവികം ആണ്. അതുകൊണ്ട് ബി.ജെ.പി.യെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അമിത്ഷായെയും യോഗി ആദിത്യനാഥിനെയും ഇതിന് കുറ്റം പറയുക വയ്യ. ഇവര്‍ മാത്രം അല്ല ഈ മഹായജ്ഞത്തില്‍ വേറെയും ബിജെ.പി.യുടെ പ്രമുഖരായ അഖിലേന്ത്യ നേതാക്കന്മാര്‍ പങ്കെടുക്കുന്നുണ്ട്. അവരും കേരളത്തിലേക്ക് വരുവാന്‍ കച്ചകെട്ടുകയാണ്. ആരൊക്കെ ആണ് ഇവര്‍ ? അത് അത്രപ്രസക്തമല്ല. എന്താണ് ഇവരുടെ ഒക്കെ ലക്ഷ്യം? അത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തം ആണ്. സി.പി.എം.-ന്റെ കൊലപാതക രാഷ്ട്രീയത്തെ- പ്രത്യേകിച്ചും കണ്ണൂര്‍- പ്രതിഷേധിച്ച് കേരളത്തിന്റെ വിരിമാറിലൂടെ മാര്‍ച്ച് ചെയ്യുവാന്‍ സന്നദ്ധരായി വരുന്നവരില്‍ ബി.ജെ.പി.യുടെ മുന്‍നിര നേതാക്കന്മാരില്‍ പ്രമുഖര്‍ ഉണ്ടെന്നാണ് ശ്രുതി. മദ്ധ്യപ്രദേശ്, ഗോവ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ ശിവരാജ് സിംങ്ങ് ചൗഹാന്‍, മനോഹര്‍ പരീക്കര്‍, ദേവേന്ദ്രഫാട്‌നവിസ് ഇവരും ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്രമന്ത്രിമാരായ ആനന്ദ് കുമാര്‍, സ്മൃതി ഇറാനി, തുടങ്ങി അര ഡസന്‍ പേരും കേരളത്തെയും കേരള ഗവണ്‍മെന്റിനെയും കുലുക്കി മറിക്കുവാന്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ ഭാഗവാക്കുകള്‍ ആകുമെന്ന് ആണ് ഭീഷണി.

സി.പി.എം.ന്. എതിരെയുള്ള ഈ ജനരക്ഷയാത്ര വളരെ പ്രധാനപ്പെട്ടത് ആണ്. അത് നയിക്കേണ്ടത് മോഡിയും, ഷായും, യോഗി ആദിത്യനാഥും തന്നെയാണ്. ഗുജറാത്ത് വംശകലാപവും പശു സംരക്ഷകരുടെ നരനായാട്ടും ഇവരില്‍ ഏല്‍പിച്ച രക്തപങ്കിലമായ ചരിത്രാരോപണങ്ങള്‍ ഇവര്‍ മറന്നിട്ടുണ്ടാകാം. പക്ഷേ, ജനം മറക്കുകയില്ല. ഞാന്‍ മറക്കുകയില്ല.

ഇനി ഇതിന്റെ ഗൗരവതരമായ രാഷ്ട്രീയ വശത്തിലേക്ക് വരാം. ശരിയാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍ സംഭവിക്കുന്നുണ്ട്. സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഇതിന്റെ ഇരകള്‍ സി.പി.എം.കാരും ആര്‍.എസ്.എസ്.-ബി.ജെ.പി. അനുഭാവികളും ആണ്. ഇതിന്റെ തര്‍ക്കം ഇല്ല. സി.പി.എം.കാര്‍ മാത്രം അല്ല, അല്ലെങ്കില്‍ സംഘപരിവാര്‍കാര്‍ മാത്രം അല്ല അക്രമികളും ഇരകളും. ഇത് യാഥാര്‍ത്ഥ്യം ആണ്. കണക്കുകള്‍ ഇത് തെളിയിക്കും. ഔദ്യോഗിക കണക്ക് പ്രകാരം ഒരു കൊലക്ക് പകരം ഒരു കൊല എന്നതാണ് ഇവിടത്തെ കണക്ക്. ഈ കൊലയുടെ സൈക്കിള്‍ ആരില്‍ നിന്ന് ആരംഭിച്ചു എന്നതിന് കൃത്യമായ കണക്ക് ഇല്ല. സി.പി.എം.കാര്‍ പറയും ആര്‍.എസ്.എസ്. മറിച്ചും. ഇരുകൂട്ടര്‍ക്കും നല്ല സംഖ്യാബലം ഉള്ള സ്ഥലം ആണ് ഈ വടക്കന്‍ മലബാര്‍. ബി.ജെ.പി. നിലവില്‍ വരുന്നതിനു മുമ്പും(1980) ആര്‍.എസ്.എസ്. വളരെ ശക്തമായ ശാഖാബലം ഉള്ള ഒരു പ്രസ്ഥാനം ആയിരുന്നു മലബാറിലും കേരളത്തിലും. സി.പി.എം. പുറത്തുവിട്ട ഒരു കണക്ക് പ്രകാരം കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍(2000-2017) 85 സി.പി.എം. പ്രവര്‍ത്തകരാണ് കേരളത്തില്‍ ആര്‍.എസ്.എ.എസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ 65 ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ മാത്രം ആണ് ഈ കാലയളവില്‍ കൊലചെയ്യപ്പെട്ടത്. ഇതിന്റെ സത്യാവസ്ഥ എന്ത് തന്നെ ആയാലും സംഭവം ഭീകരം ആണ്. ആര് ഇതിനെ ഇല്ലായ്മ ചെയ്യും? മോഡി, ഷാ, യോഗി, പിണറായി വിജയന്‍, കുമ്മനം രാജശേഖരന്‍? ഈ ജനസംരക്ഷണ യാത്ര ഏതായാലും ഇതിന് ഉപകരിക്കുകയില്ല.

എങ്കില്‍ എന്താണ് ഇതിന്റെ ഉദ്ദേശം? ഇതിന്റെ ലക്ഷ്യം കൊലഇല്ലാതാക്കുകയല്ല. ഇതിന്റെ ലക്ഷ്യം സമാധാനം സ്ഥാപിക്കുകയില്ല. കാരണം ഇരുകൂട്ടരും തുല്യതെറ്റുകാരാണ്. ഇതിന്റെ ഒരേ ഒരു ഉദ്ദേശം രാഷ്ട്രീയം ആണ്. അതായത് മതാടിസ്ഥാനത്തില്‍ രാഷ്ട്രീയ ധ്രുവീകരണം. തുറന്നു പറഞ്ഞാല്‍ ഹിന്ദുക്കളെ ബി.ജെ.പി.യില്‍ കൊണ്ടുവരുക. ബി.ജെ.പി.ക്ക് മലബാറിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും വളരുവാനുള്ള ഒരേ ഒരു മാര്‍ഗ്ഗം അതുമാത്രം ആണ്. സ്വയം വളരുവാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വ്യഗ്രതയെ ആര്‍ക്കും കുറ്റം പറയുവാന്‍ സാധിക്കുകയില്ല. പക്ഷേ, മതധ്രുവീകരണത്തിലൂടെയുള്ള വളര്‍ച്ച അപകടകരം ആണ്. അത് ഭൂരിപക്ഷ മതം ആയാലും ന്യൂനപക്ഷമതം ആയാലും. ഉത്തര്‍പ്രദേശിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, ഗുജറാത്ത് തുടങ്ങി, ബി.ജെ.പി.യും ആര്‍.എസ്.എസും സംഘപരിവാറും ഇതു പരീക്ഷിച്ച് വിജയിച്ചു. ഇത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് അപകടം ആണ്.

എന്തുകൊണ്ടാണ് ഈ യാത്രകളുടെ- ഷാ-യോഗി- ലക്ഷ്യം കണ്ണൂര്‍ കൊലപാതകള്‍ മാത്രം അല്ല എന്ന് ഞാന്‍ പറയുന്നത്? അത് ഇരു കൂട്ടരും തുല്യ കുറ്റവാളികള്‍ ആണെന്നതുകൊണ്ട് മാത്രം അല്ല. എന്താണ് ഷായും, യോഗിയും ഇവിടെ പറഞ്ഞത്? അവര്‍ക്ക് കൊലപാതകത്തെ കുറിച്ച് അധികം പറയുവാന്‍ ഇല്ല. കാരണം അവരുടെ കൈകളിലും ധാരാളം രക്തം ഉണ്ട്. പറഞ്ഞത് മുഴുവനും തന്നെ സനാതന്‍ ഹിന്ദു രാഷ്ട്രയെ കുറിച്ച് ആണ്. ജിഹാദിനെകുറിച്ച് ആണ്്. ലൗ ജിഹിദിനെകുറിച്ച് ആണ്. ഒപ്പം ചുവപ്പ് ഭീകരതയും. എന്താണ് ഇതിന്റെയൊക്കെ ലക്ഷ്യം. ഹിന്ദുക്കളും മുസ്ലീങ്ങളും ജീവിക്കുന്ന ഒരു പ്രദേശം ആണ് മലബാര്‍, കേരളം മൊത്തം. ഇതില്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിലും, സി.പി.എം.-ലും, മുസ്ലീം ലീഗിലും ഉണ്ട്. ഹിന്ദുക്കളും ഇതില്‍ ഹിന്ദുക്കളെ ബി.ജെ.പി.യിലേക്ക് ഒരു മതധ്രുവീകരണത്തിലൂടെ ആകര്‍ഷിക്കുവാനാണ് ഈ സന്ദര്‍ശനങ്ങളുടെയും, സനാതന്‍ ഹിന്ദു രാഷ്ട്രയുടെയും ജിഹാദിന്റെയും ലൗജിഹാദിന്റെയും ലക്ഷ്യം. അതിനാണ് യോഗിയെ കേരളത്തില്‍ ഇറക്കിയത്. അദ്ദേഹം ഇപ്പോഴും പാര്‍ട്ട് ടൈം ഗോരക്ക് നാഥ് ക്ഷേത്രത്തിന്റെ പ്രധാന വൈദിക മേലദ്ധ്യക്ഷനും പാര്‍ട്ട് ടൈം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ആണ്. ഈ നവരാത്രി ഉത്സവത്തില്‍ 10 ദിവസം ആണ് അദ്ദേഹം പൂജക്കും, ആരതിക്കും മറ്റ് ജപ മന്ത്രങ്ങള്‍ക്കും ആയി ചിലവഴിച്ചത്. ഇതില്‍ കാല്‍ രാത്രി പൂജ, അഷ്ടമി പൂജ, ഗൗരി ശങ്കര്‍ പൂജ, വരുണ്‍ പൂജ, യന്ത്രപൂജ, ദുര്‍ഗ്ഗപൂജ, രാമപൂജ, സീത പൂജ, കൃഷ്ണപൂജ, ഗോമത പൂജ, നവഗൃഹപൂജ എല്ലാം ഉള്‍പ്പെടും. സംസ്ഥാനത്തിന്റെ ഭരണം ഈ വേദ മന്ത്രോച്ചാരണത്തിനും മണിയടിക്കും ഇടയില്‍ അല്പം മുടങ്ങിയാലും ക്ഷമിക്കാം. ഗോരക്ക്പൂര്‍ ശിശുമരണങ്ങള്‍ക്കും വിട. യോഗി ആദി ശങ്കരനെകുറിച്ചും അദ്ദേഹം ഹിന്ദുമതത്തെ നവീകരിച്ചതിനെകുറിച്ചും അതിനെ സംരക്ഷിച്ചതിനെകുറിച്ചും സംസാരിച്ചു. കമ്മ്യൂണിസം ഒരു വിദേശ രാഷ്ട്രീയ തത്വസംഹിത ആണെന്നും അതില്‍ നിന്നും കേരളത്തെ രക്ഷിക്കണമെന്നും പറഞ്ഞു. ഉദ്ദേശം വ്യക്തം. ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് ജിഹാദും ലൗ ജിഹാദും അതിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് സംരക്ഷിക്കുന്നതും. അപ്പോള്‍ ചിത്രം പൂര്‍ത്തി ആയി. ഉദ്ദേശവും. ലൗജിഹാദിനെ കുറിച്ച് യോഗി പറഞ്ഞത് വാസ്തവം അല്ല. കേരള ഹൈക്കോടതിയുടെ അനുകൂല വിധിയെ ആദ്യം സുപ്രീം കോടതി ശരിവച്ചെങ്കിലും ഇപ്പോള്‍ പുതിയ ചീഫ് ജസ്റ്റീസ് അടങ്ങുന്ന ബഞ്ച് അതിനെ ചോദ്യം ചെയ്തിരിക്കുകയാണ്. അതില്‍ വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് പരമോന്നത നീതിപീഠം. അതല്ല ഇവിടെ വിഷയം. പക്ഷേ മുഖ്യമന്ത്രി യോഗി അത് പഠിക്കണം, വായിക്കണം. ജിഹാദിനെ കേരള ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നു, സംരക്ഷിക്കുന്നു എന്ന ആരോപണവും മുഖ്യമന്ത്രി യോഗി സ്ഥാപിക്കണം, തെളിയിക്കണം. കാരണം, അത് വളരെ ഗൗരവമായ ഒരു ആരോപണം ആണ്. പ്രത്യേകിച്ചും ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാന ഗവണ്‍മെന്റിനുമേല്‍ ഉന്നയിക്കുമ്പോള്‍.

ബി.ജെ.പി.യുടെ കേന്ദ്രനേതൃത്വത്തിന്റെ കേരള പരീക്ഷണം കാത്തിരുന്നു കണ്ടറിയേണ്ടതാണ്. രാഷ്ട്രീയത്തില്‍ ഒന്നും പ്രവചനാതീതം അല്ല. അസംഭ്യവും അല്ല. പക്ഷേ, മതധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ പ്രവേശനം ജനാധിപത്യത്തിന് നല്ലതല്ല. കാരണം അത് ക്രമേണ മതാധിഷ്ഠിത ഭരണവ്യവസ്ഥയിലേക്ക് വഴിതെളിക്കും. ന്യൂനപക്ഷം ആയാലും ഭൂരിപക്ഷം ആയാലും അതിന് ശ്രമിക്കരുത്. രണ്ടും അപകടകരം ആണ്. ഭൂരിപക്ഷ മതധ്രുവീകൃത രാഷ്ട്രീയം കൂടുതല്‍ ആപത്ക്കരമാണ്. ന്യൂനപക്ഷ ധ്രുവീകരണവും ഒരു പോലെ വിഷലിപ്തം ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക