Image

മെല്‍ബണ്‍ സെന്റ് മേരിസ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്തായുടെ സന്ദര്‍ശനവും ഒവിബിഎസും

Published on 06 October, 2017
മെല്‍ബണ്‍ സെന്റ് മേരിസ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്തായുടെ സന്ദര്‍ശനവും ഒവിബിഎസും
മെല്‍ബണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനത്തില്‍പ്പെട്ട മെല്‍ബണ്‍ സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും, ഇടവക മെത്രാപ്പോലീത്തായുടെ സന്ദര്‍ശനവും ഒക്ടോബര്‍ നാലുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്തപ്പെടും. 150ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ബൈബിള്‍ ക്ലാസുകള്‍ക്കു വികാരി ഫാ. പ്രദീപ് പൊന്നച്ചന്‍ നേതൃത്വം നല്‍കും. 

' എല്ലാവര്‍ക്കും നന്മ ചെയ് വിന്‍ (1 തെസ്സലൊനീക്യര്‍ 5:15) 'എന്നതാണ് ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയം. അഞ്ചാം തീയതി മെല്‍ബണില്‍ എത്തിച്ചേരുന്ന ഭദ്രാസനാധിപന്‍ അഭി. ഡോ. യുഹാന്നോന്‍ മാര്‍ ദിയസ്‌ക്കോറോസ്‌മെത്രാപ്പോലീത്തായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കും. വിവിധ ആദ്ധ്യാത്മിക സംഘടനാ പ്രവര്‍ത്തകരുമായും, ഇടവക ഭരണ സമിതിയുമായും അഭി. തിരുമേനി പ്രത്യേക കൂടികാഴ്ചകള്‍ നടത്തും. ഒക്ടോബര്‍ ആറിന് വൈകുന്നേരം കത്തീഡ്രലില്‍ വച്ചു നടത്തപ്പെടുന്ന സന്ധ്യാനമസ്‌കാരത്തിനും മധ്യസ്ഥപ്രാര്‍ത്ഥനക്കും അഭി. തിരുമേനി നേതൃത്വം നല്‍കും.

ഏഴിനു ശനിയാഴ്ച രാവിലെ 8ന് ക്ലേറ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ചാപ്പലില്‍ അഭി. തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്നു പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുകയും ചെയ്യും. 11 ഓടെ സഹോദരീ സഭയായ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭയുടെയും, മലങ്കര സഭയുടെയും യുവജനങ്ങളുടെ സംയുക്ത സമ്മേളനത്തെ മെത്രാപ്പോലീത്ത അഭിസംബോധന ചെയ്യും. എട്ടിനു ഞായറാഴ്ച കത്തീഡ്രല്‍ ദേവാലയത്തില്‍ വി. കുര്‍ബാനക്കും അഭി. തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന ഒവിബിഎസിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കുകയും ചെയ്യും. പ്രസ്തുത പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍, സഹ. വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി, കൈക്കാരന്‍ എം സി ജേക്കബ്, സെക്രട്ടറി ജിബിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി അറിയിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക