Image

യോഗി ആദിത്യനാഥ് നന്ദി; അമിത് ഷാ വീണ്ടും വരിക!!(ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 07 October, 2017
യോഗി ആദിത്യനാഥ് നന്ദി; അമിത് ഷാ വീണ്ടും വരിക!!(ഷോളി കുമ്പിളുവേലി)
ബി.ജെ.പി.യുടെ ചെലവില്‍ സി.പി.ഐ.(എം) ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേടിയത് സമാനതകളില്ലാത്ത രാഷ്ട്രീയ മുന്നേറ്റമാണ്. കോടിക്കണക്കിന് പണം ചെലവഴിച്ചിട്ടും, ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വിയര്‍പ്പ് ഒഴുക്കിയിട്ടും, ബി.ജെ.പി. നടത്തുന്ന 'ജന മുന്നേറ്റ യാത്ര' ഉദ്ദേശിച്ച ഫലം നല്‍കിയില്ലെന്നു മാത്രമല്ല, ബി.ജെ.പി.യുടെ മുഖം കൂടുതല്‍ വികൃതമാക്കുകയും ചെയ്തു. അതേ സമയം ഒരു നയാ പൈസാ മുടക്കാതേയും, അദ്ധ്വാന ഒട്ടു തന്നെ ഇല്ലാതേയും, സി.പി.ഐ.(എം) മുഖ്യമന്ത്രി പിണറായി വിജയനും ദേശീയ തലത്തില്‍പ്പോളും കൂടുതല്‍ ശ്രദ്ധേയമാകുകയും ചെയ്തു. കൂടാതെ ജാതി-മത ചിന്തകള്‍ക്കും രാഷ്ട്രീയ ചേരി തിരിവുകള്‍ക്കും അപ്പുറം, കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഏവരുടെയും പ്രശംസയും അംഗീകാരവും നേടുകയും ചെയ്തു! ഇത് ഒരു പക്ഷെ വേങ്ങര ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കാം.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?
ആറു മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ മുന്നൊരുക്കങ്ങള്‍! അമിത് ഷായുടെ ആവശ്യപ്രകാരവും, അദ്ദേഹത്തിന്റെ മാത്രം സൗകര്യാര്‍ത്ഥവും സംഘടിപ്പിക്കപ്പെട്ട 'ജന മുന്നേറ്റ യാത്ര', ഒക്ടോബര്‍ മൂന്നിന് തുടങ്ങി 16ന് സമാപിക്കേണ്ടതാണ്. പറയുന്നത് പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെ നീളുന്ന കാല്‍ നട യാത്രയാണെങ്കിലും, സി.പി.ഐ.(എം)ന്റെ ശക്തികേന്ദ്രമായ കണ്ണൂരിലൂടെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിലെ ഗ്രാമവീഥികളിലൂടെ, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍, പട്ടാളത്തിന്റേയും, പോലീസിന്റേയും അകമ്പടിയോടെ ഒരു ജാഥ നടത്തി, മാര്‍ക്‌സിറ്റ് പാര്‍ട്ടിയെ ഒന്നു 'വിരട്ടുക' എന്നതു മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതായത് സി.പി.ഐ.(എം)നെ മാത്രമായിരുന്നു ലകഷ്യം വച്ചിരുന്നത്!!

എവിടെയാണ് പാളിച്ച പറ്റിയത്? യാത്രയുടെ പേര് 'ജന രക്ഷ' എന്നായിരുന്നുവെങ്കിലും, അതില്‍ പറയുന്ന കാര്യങ്ങളൊന്നും തന്നെ കേരളത്തില്‍ ചെലവാകുന്നതായിരുന്നില്ല. നാട്ടുകാരുടെ നിസംഗതയും, ആളെക്കൂട്ടാന്‍ അന്യസംസ്ഥാന തൊഴിലാളികളെ ജാഥയില്‍ കൂട്ടിയതും, കഥ അറിയാതെ അവര്‍ സി.പി.എം. ന് സിന്ദാബാദ് വിളിച്ചതൊക്കെ 'ജന മുന്നേറ്റ യാത്ര'യെ, ബി.ജെ.പി.യുടെ 'പിന്നോക്ക' യാത്രയാക്കി മാറ്റി. ഇത് മനസിലാക്കിയാകണം അമിത് ഷാ സ്ഥലം വിട്ടു. അതോടുകൂടി ഏവരും ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന 'പിണറായി' യാത്ര ശോക മൂകമായി മാറി. ഇതിന് പുറമേ ഉത്തരപ്രദേശ് മുഖ്യമന്ത്രിയും, ജാഥയിലെ മറ്റൊരു ആകര്‍ഷണകേന്ദ്രവുമായ, യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്താവന 'വികസ കാര്യത്തില്‍ കേരളം, യു.പി.യെ. കണ്ടു പഠിക്കണം'-, എന്നതു കൂടി ആയപ്പോള്‍, ഇടി വെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയായി. അതുവരെ ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയനെ ചൊറിഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസുകാരുള്‍പ്പെടെ, കേരളം ഒന്നടങ്കം സംഗതി ഏറ്റെടുത്തു. കേരളത്തിലെ എല്ലാ പത്രങ്ങളും, ചാനലുകളും സര്‍ക്കാറിനൊപ്പം നിന്നു! ദേശീയ പത്രങ്ങളും ചാനലുകളും സര്‍ക്കാറിനൊപ്പം നിന്നു! ദേശീയ പത്രങ്ങളും ചാനലുകളും കേരളത്തേയും, ഉത്തരപ്രദേശിനേയും താരതമ്യം ചെയ്തുകൊണ്ട്, വികസനകാര്യത്തില്‍ കേരളം ഏറെ മുന്നില്‍ ആണെന്ന് സ്ഥാപിക്കുക കൂടി ചെയ്തപ്പോള്‍, ഒറ്റദിവസം കൊണ്ട് പിണറായി വിജയനും, സി.പി.ഐ.(എം) ദേശീയ തലത്തില്‍ പ്പോലും കൂടുതല്‍ പ്രശസ്തരാകുകയും ചെയ്തു. അതാണ് ജാഥ കൊണ്ടുണ്ടായ നേട്ടം!!

എന്തായിരുന്നു ബി.ജെ.പി. ചെയ്യേണ്ടിയിരുന്നത്? കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ പശ്ചാത്തലം മനസിലാക്കി കൊണ്ടുള്ള പ്രസ്താവനകളും, സന്ദേശങ്ങളുമായിരുന്നു 'ജന മുന്നേറ്റ യാത്രയില്‍ മുന്നോട്ടു വയ്‌ക്കേണ്ടിയിരുന്നത്. പകരം കേരളത്തില്‍, ഏകപക്ഷീയമായി ബി.ജെ.പി.ക്കാര്‍ മാത്രം കൊല്ലുകയാണെന്നും, കേരളം മോശമായ ഒരു സംസ്ഥാനമാണെന്നും ദേശീയ തലത്തില്‍, ബി.ജെ.പി. നടത്തിയ പ്രചാരണങ്ങള്‍, നിഷ്പക്ഷമതികളുടെ ഇടയില്‍ സി.പി.ഐ.എം.ന് അനുകൂലമാകുകയാണ് ചെയ്തത്. ചുരുക്കത്തില്‍ പിണറായി വിജയന്‍ കൂടുതല്‍ തിളങ്ങുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്തു.

'യോഗി ആദിത്യനാഥ് നന്ദി, അങ്ങേയ്ക്ക് ഒരായിരം നന്ദി, സമയം കിട്ടുമ്പോഴൊക്കെ വന്ന് ഞങ്ങളെ സഹായിക്കുക.' കേരളം ദേശീയ തലത്തില്‍ കൂടുതല്‍ ശോഭിക്കട്ടെ!!
ഷോളി കുമ്പിളുവേലി

യോഗി ആദിത്യനാഥ് നന്ദി; അമിത് ഷാ വീണ്ടും വരിക!!(ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക