Image

ഉത്തമകാവ്യം (കവിത: തൊടുപുഴ കെ. ശങ്കര്‍)

Published on 07 October, 2017
ഉത്തമകാവ്യം (കവിത: തൊടുപുഴ കെ. ശങ്കര്‍)
സഭ്യതയൊരുമുഖ്യ-
ഘടകം കവിതയില്‍
ലഭ്യമാകണമോരോ
കവിക്കും പിഴയ്ക്കാതെ!

പദ്യരൂപമോ അല്ല
ഗദ്യരൂപമോ കാവ്യം,
ഉദ്യമിക്കണം സഭ്യ-
ശൈലിയില്‍വിരചിപ്പാന്‍

വൃത്തവുമതുപോലെ
ചന്തവും ചമല്‍ക്കാര
വൃത്തിയും പാലിക്കിലേ
കാവ്യമാകുകയുള്ളു!

മുഗ്ദ്ധസൗന്ദര്യം വേണ-
മൊപ്പത്തിനൊപ്പം ഭാഷാ-
ശുദ്ധിയുമതിനൊപ്പം
കാവ്യത്തിലുടനീളം

പകവീട്ടുവാനുള്ള
മാധ്യമമല്ല കാവ്യം
പകരം പരസ്പര-
സ്‌നേഹവര്‍ദ്ധനയ്ക്കല്ലോ!

സത്തമ, സമാധാന,
സുന്ദര, സുഹ്രുദ്ബന്ധം
സതതം വളര്‍ത്തുവാന്‍
മാത്രമാകണം കാവ്യം!

********
Join WhatsApp News
Vayanakaaran 2017-10-07 17:03:22
സാർ ഇത് അമേരിക്കൻ മലയാളി കവികൾക്ക് കൊടുക്കുന്ന ഉപദേശമാണോ?  അവരൊക്കെ പൂരം കാണാൻ പോയിരിക്കുവാ.  വന്നിട്ട് വായിക്കും.
കാവ്യം 2017-10-07 23:57:23
വൃത്ത(താള) നിബന്ധമായെഴുതുന്നതാണ് പദ്യം(കാവ്യം). വാമൊഴിയായി വിജ്ഞാനം പകർത്താനും തലമുറകളിലൂടെ തലച്ചോറിൽ നിലനിർത്താനുമുള്ള ഒരു ഉപാധിയാണ് പദ്യം. അതുകൊണ്ടാണ് ആയുർവേദ ഫോർമുലകൾ പദ്യരൂപത്തിൽ എഴുതിയിരിക്കുന്നത്. പക്ഷെ അവ കവിതയല്ല. ഒരു കൃതി കവിതയാവണമെങ്കിൽ അതിൽ ‘കവിത’  വേണം.
വിദ്യാധരൻ 2017-10-08 12:02:29
 ഗദ്യവും പദ്യവും എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നു.കവി ശബ്ദതിൽ നിന്ന് വ്യുല്പന്നമായ ഭാവനാമമാണു കവിത. .കവി സൃഷ്ടിയുടെ ഗുണ ധര്മ്മം മാത്രമാണ് കവിത. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അർത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തിൽ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓർമ്മയിൽ നിറുത്താനും പദ്യരൂപങ്ങൾ കൂടുതൽ ഉചിതമാണു എന്നതിലൂടെ വ്യംഗ്യ- ഭാഷയിൽ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്ക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തിൽ ഉദിച്ചുയർന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വർദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അർത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അർത്ഥം വ്യക്തമാക്കുന്ന എന്ന ധർമ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നൽ നൽകുന്നവയാണ്‌ കവിതകൾ. ട്ഃആസർഗാത്മക സൃഷ്ടിയിൽ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വോർദ്സ്‌വോർത്ത്(Wordsworth) ആണ് :

"Poetry is the spontaneous overflow of powerful emotions".

"അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത".

പൗരസ്ത്യ സാഹിത്യത്തിൽ
കവിയുടെ കർമ്മമാണ് കാവ്യം. കാവ്യത്തെ ഗദ്യം, പദ്യം, മിശ്രം എന്നും ദൃശ്യം, ശ്രവ്യം എന്നും വിഭജിക്കാം. കവിത എന്ന പദവുമായി കാര്യമായ വ്യത്യാസമില്ല. എന്നാൽ പൗരസ്ത്യസാഹിത്യത്തിൽ കൂടുതലും കവിത എന്ന പദത്തേക്കാൾ കാവ്യം എന്നാണ് പ്രയോഗിച്ചു കാണാറ്. നാടകത്തെയും വേണമെങ്കിൽ സാഹിത്യത്തെ തന്നെ മൊത്തത്തിൽ കാവ്യം എന്ന പദംകൊണ്ട് അർത്ഥമാക്കാം. ഉദാഹരണം. കാവ്യനാടകം, കാവ്യശാസ്ത്രം.

കാവ്യശാസ്ത്രം എന്നതിനു പകരം സാഹിത്യശാസ്ത്രം എന്നും പ്രയോഗിക്കാറുണ്ട്. ശബ്ദാർത്ഥങ്ങൾ സമഞ്ജസമായി സമ്മേളിക്കുന്നതാണ് സാഹിത്യം.

"ശബ്ദാർഥൗ സഹിതൗ കാവ്യം-" എന്നാണ് ഭാമഹൻ കാവ്യത്തെ നിർവ്വചിച്ചത്. കാവ്യശബ്ദത്തിന്റെ പര്യായമായാണ് സാഹിത്യം എന്ന വാക്ക് ഉപയോഗിച്ചത് സാർഥകശബ്ദങ്ങൾകൊണ്ട് രചിക്കുന്ന ഒരു കലാശിൽപ്പമായതുകൊണ്ട് ശബ്ദവും അർത്ഥവും മനോഞ്ജമായി സമ്മേളിക്കുന്നതാണ് കാവ്യമെന്ന് ഭാമഹൻ പറയുന്നു

''രമണീയാർഥപ്രതിപാദക ശബ്ദ കാവ്യം'' എന്ന് രസഗംഗാധരത്തിൽ ജഗന്നാഥ പണ്ഡിതൻ കവിതയെ നിർവ്വചിക്കുന്നു

വികാരനിർഭരമായി ഹൃദയം നിയതമോ അനിതയതമോ ആയ് താളത്തിൽ ഭാഷയിലൂടെ ആവിഷ്കാരം കണ്ടെത്തുന്നതാണ് കാവ്യം എന്നു പറയാം.- എന്ന് വാട്ട്സ് ഡൺടൺ പ്രസ്താവിച്ചിട്ടുണ്ട്. (അവലംബം -ഭാരതീയ കാവ്യശാസ്ത്രം-ഡോ. ടി ഭാസ്‌ക്കരൻ കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്‌)

ഏഴാം നൂറ്റാണ്ടിനോടടുത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സംസ്കൃതകവിയാണ് ഭാമഹൻ. അലങ്കാരപ്രസ്ഥാനത്തിലെ പ്രമുഖാചാര്യനാണ്. ഭാമഹന്റെ ജീവിതകാലം തിട്ടപ്പെടുത്തിയിട്ടില്ല. ആറ്, ഏഴ്, എട്ട് നൂറ്റുണ്ടുകളിലാണെന്ന് വിവിധ പക്ഷങ്ങളുണ്ട്. ദണ്ഡിക്ക് സമകാലീനനെന്നും, മുൻപെന്നും പിൻപെന്നും വിവിധപക്ഷങ്ങളുണ്ട്.
 
"ഭാമഹൻ

സ്വതേ ശോഭയുള്ളതിനും അലങ്കാരം വേണമെന്ന് ഭാമഹൻ കരുതുന്നു. ആകർഷകമാണെങ്കിലും ഭൂഷയില്ലെങ്കിൽ വനിതമുഖം ശോഭിക്കില്ലത്രേ ('ന കാന്തമപി നിർഭൂഷം വിഭാതി വനിതാമുഖം'-കാവ്യാലങ്കാരം "

 കവിത എന്ന സങ്കലപ്പത്തെ തച്ചുടച്ച് എന്തൊക്കയോ ആക്കി തീർക്കണം എന്ന ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ചിരിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടങ്കിലും അതെല്ലാം ഈയലുകളെപ്പോലെ അൽപ്പായുസുകളാണ്   ഇവർക്ക് കവിത എന്താണ് എന്ന് അറിയാത്തതുകൊണ്ടല്ല  നേരെ മറിച്ച് കാവ്യ പാരമ്പര്യം നൂറ്റാണ്ടുകളിലൂടെ കെട്ടിപ്പെടുത്തവർ എല്ലാം പമ്പര വിഡ്ഢികളാണ് എന്നും തങ്ങൾ കവിതയുടെ പുതിയൊരു തലം കണ്ടെത്തിയിരിക്കുന്നും എന്നും വരുത്തി തീർക്കാനാണ്.  മനസ്സിൽ ഒരിക്കലും തങ്ങി നില്ക്കാൻ കഴിവില്ലാത്ത ഇത്തരം സാധനങ്ങൾ എന്തിനാണോ ഇവർ പടച്ചു വിടുന്നത്.  ലാസ് വേഗസിലെ കുലയാളിയുടെ   കൂട്ട കുലപാതകത്തിന്റെ പിന്നിലെ ആന്തരോദ്ദേശ്യം എന്താണെന്ന് കണ്ട്പിടിക്കാൻ ശ്രമിക്കുന്നതുപോലെത്തെ പാഴ് ശ്രമമാണ് ഈ കപികളുടെ ഗൂഢോദ്ദേശ്യം കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് 

കോൽത്തേനോണമോരോ പദമതിനെ നറും -
            പാലിൽ നീരെന്നപോലെ 
ചേർത്തീടേണം വിശേഷിച്ചതിലുടനൊരല -
            ങ്കാരമുണ്ടായിവരേണം 
പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചിതോ -
           ന്നേണമിന്നിത്ര വന്നേ 
തീർത്തീടാവു ശ്ലോകം ........
കാവ്യം 2017-10-08 22:19:15
ഗദ്യത്തെ വര്‍ണ്ണസംഖ്യാക്ലിപ്തമാക്കുമ്പോള്‍ അതിനൊരു താളഭംഗി കൈവരുന്നു. അതൊരു പദ്യമായി മാറുന്നു. എന്നാല്‍ താളഭംഗിയില്‍ അക്ഷരങ്ങള്‍ നിരത്തിയാല്‍ എല്ലാ ഗദ്യവും പദ്യമാവുകയുമില്ലാ.
“മേല്‍പ്പടിവസ്തുക്കള്‍ ഇന്നുമുതല്‍ കൈവശംവച്ചും കരംതീര്‍ത്തും ആദായമെടുത്തും അനുഭവിച്ചും“ എന്നൊക്കെ ആധാരമെഴുത്തുകാരന്‍ എഴുതുമ്പോള്‍
“മേല്‍പ്പടിവസ്തുക്കള്‍ ഇന്നുമുതല്‍
കൈവശംവച്ചും കരംതീര്‍ത്തും
ആദായമെടുത്തും അനുഭവിച്ചും“എന്നരീതിയില്‍ താളത്തില്‍ വായിച്ചുപോവാന്‍ പറ്റുന്നില്ലേ? പക്ഷേ ഇതു പദ്യമല്ലല്ലോ.കാരണം ഇതു വര്‍ണ്ണക്ലിപ്തമല്ലാ. ആസ്വാദ്യതയും ഇല്ലാ.
വര്‍ണ്ണക്ലിപ്തമായാല്‍ പദ്യം കവിതയാവുമോ? ഇല്ലാ,ഇതൊന്നു നോക്കൂ.
ഇന്ദിരാ ലോകമാതാ മാ
രമാ മംഗലദേവത
ഭാര്‍ഗ്ഗവീ ലോകജനനീ
ക്ഷീരസാഗരകന്യക...ഇതു ഛന്ദോബദ്ധമാണു്.താളമുണ്ടു്.അനുഷ്ടുപ്പുവൃത്തത്തിലുമാണു്.പക്ഷേ ഇതു ലക്ഷ്മീദേവിയുടെ പര്യായങ്ങള്‍ ആ രീതിയില്‍ എഴുതിയതാണെന്നേയുള്ളൂ. കവിതയല്ലാ.
അതുപോലെ,
കടുകാ മുളകും ചുക്കും
കണ്ടശ്ശര്‍ക്കരയും മലര്‍
പൊരിച്ചു മധുനാജ്യേന
നക്കിലിക്കിളൊഴിഞ്ഞുപോം എന്നതും അക്ഷരക്ലിപ്തമാണു്, താളഭംഗിയുണ്ടു് .പഥ്യാവക്ത്രം എന്ന വൃത്തത്തിലുമാണു്. പക്ഷേ ഇതു് കടുകാദിചൂര്‍ണ്ണത്തിന്റെ ആയുര്‍വേദകുറിപ്പടിമാത്രമാണു്. .ശ്ലോകത്തിലാക്കുമ്പോള്‍ ഓര്‍ത്തിരിക്കുവാന്‍ എളുപ്പമുണ്ടെന്നതിനാലാണു് ഇങ്ങനെ ഇവ എഴുതപ്പെട്ടതു്. ഇവയൊന്നും കവിതകളല്ലാ.
എന്നാല്‍ മുറ്റത്തുനില്‍ക്കുന്ന സൂര്യകാന്തിയോടു കവി സംവദിക്കുന്നതു് നോക്കൂ.
“അരികില്‍ ഞാനെത്തി നിന്‍ കവിളില്‍ തലോടവേ
ഇതളുകള്‍ കവിതകളായ് തിളങ്ങി
എന്‍ സൂര്യകാന്തീ ! നീയെന്നിലുണര്‍ത്തിടൂ
എന്നുമീ മട്ടിലീ കാവ്യഭംഗി.“ഇതു വായിക്കുമ്പോള്‍ ആസ്വാദകനും ആ സൂര്യകാന്തിയുടെ കവിളിലൊന്നു് അറിയാതെതന്നെ തലോടുകയില്ലേ?

ശ്രീലെകം വേണുഗോപാല്‍/കാവ്യഭംഗികള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക