Image

വായനക്കാരുടെ ഉദ്വേഗത്തെ ചൂഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്(ജോയ് ഇട്ടന്‍)

ജോയ് ഇട്ടന്‍ Published on 09 October, 2017
വായനക്കാരുടെ ഉദ്വേഗത്തെ ചൂഷണം ചെയ്യാന്‍  മാധ്യമങ്ങള്‍ ശ്രമിക്കരുത്(ജോയ് ഇട്ടന്‍)
ഒരു ജനാധിപത്യ പ്രക്രിയയുടെ നാലാം തൂണാണ് മാധ്യമം. ലോകത്തിന്റെ ദൈനം ദിന ജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് ഇന്ന് വിവരണങ്ങള്‍ക്കും അപ്പുറത്താണ്. പക്ഷെ ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടു വരുന്ന ഒരു പ്രവണത നമ്മുടെ മലയാള മാധ്യമങ്ങളിലേക്കും വ്യാപിച്ചു എന്ന് വേദനയോടെ പറയേണ്ടി വരുന്നു. ചാനലിന്റെ റേറ്റിംഗ് കൂട്ടാനും വായനക്കാരുടെ ഉദ്വേഗത്തെ ചൂഷണം ചെയ്യാനും വാര്‍ത്തകള്‍ ഉണ്ടാക്കുന്ന രീതിയിലേക്ക്  നമ്മുടെ മാധ്യമലോകം തരംതാണു കൂടാ. അങ്ങനെ പോകുന്നു എന്ന് സമീപകാലത്തെ പല വാര്‍ത്തകളുടെ അവതരണത്തില്‍ നിന്നും നമുക്ക് മനസിലാകുന്നു. എല്ലാ മീഡിയകളും ഇക്കാര്യത്തില്‍ ഒന്നിനൊന്നു മത്സരിക്കുന്ന കാഴ്ച നമുക്ക് കാണാം.

 അക്രമങ്ങള്‍ക്കും ലൈംഗികപീഡനങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മാനവും സ്വകാര്യതയും സംരക്ഷിക്കുവാന്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള ബാദ്ധ്യതകളെ ഓര്‍മിപ്പിക്കുന്ന പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 2010ലെ മാര്‍ഗരേഖകളും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പത്രപ്രവര്‍ത്തകര്‍ക്കുള്ള നിയമാവലിയും എന്‍ബിഎസ്എ വാര്‍ത്താപ്രക്ഷേപണം നടത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും മറന്നു പോകുന്നു.

 കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടുപിടിക്കാനും മാതൃകാപരമായി ശിക്ഷിക്കാനുമുള്ള ഉത്തരവാദിത്വം പേറുന്നവരാണ് ഇവിടത്തെ പൊലീസും നീതിന്യായവ്യവസ്ഥയും. ആ ദൗത്യം നിര്‍വഹിക്കാന്‍ അവരെ അനുവദിക്കുക; അതു വാര്‍ത്തയാക്കുക എന്ന ദൗത്യം ഇപ്പോള്‍ മാറിയിരിക്കുന്നു. കോടതി വിചാരണ ആരംഭിക്കാത്തതും വിധി പറയാത്തതുമായ കേസിലാണു ദൃശ്യസാമൂഹ്യമാധ്യമങ്ങളും പത്രങ്ങളും ഇങ്ങനെ വിധിപ്രസ്താവങ്ങളും വിചാരണകളും മാധ്യമദ്വാരാ നടത്തിക്കൊണ്ടിരിക്കുന്നത്.

 കോടതിമുറിയിലെ നീണ്ട വിചാരണകള്‍ക്കൊടുവില്‍ ജഡ്ജിയുടെ വിധിവാചകത്തിലാണു കുറ്റാരോപിതന്‍ കുറ്റവാളിയോ കുറ്റവിമുക്തനോ ആകുന്നത്. ന്യായാധിപന്റെ ഈ ജോലി ചില അവതാരകര്‍ ഏറ്റെടുത്തതായി ഇപ്പോള്‍ തോന്നുന്നില്ലേ. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21ഉം ഇന്ത്യന്‍ പീനല്‍കോഡ് 228 എയും കുറ്റാരോപിതനും ഇരയ്ക്കും നല്കുന്ന ജീവിക്കാനുള്ള അവകാശത്തിലും സ്വകാര്യതയിലും കടന്നുകയറാന്‍ ആര്‍ക്കും അധികാരമില്ല. ജനങ്ങളുടെയും അധികാരികളുടെയും സത്വരശ്രദ്ധ കിട്ടേണ്ട എത്ര വാര്‍ത്തകളും സംഭവങ്ങളുമാണ് ഈ പൊലിപ്പിച്ചെടുക്കുന്ന വര്‍ണനകളിലും വിചാരണയിലും മുങ്ങിപ്പോകുന്നത്!

 പൊലീസിന്റെ കൈയിലും കോടതിമുറിയിലും രണ്ടു കോളം വാര്‍ത്തയിലും ഒതുങ്ങേണ്ട ഇത്തരം കുറ്റകൃത്യങ്ങളെ എന്തിന് അമിതപ്രാധാന്യം നല്കി സമൂഹമദ്ധ്യത്തിലേക്കും വാര്‍ത്താവിചാരങ്ങളിലേക്കും കൊണ്ടെത്തിക്കണം? ഇത്തരം കുറ്റകൃത്യങ്ങളെ പ്രധാന വാര്‍ത്തകളാക്കാന്‍ സകല റോഡ് നിയമങ്ങളും പൊതുസ്ഥല നിയന്ത്രണങ്ങളും ലംഘിച്ചു പായുന്ന മാധ്യമപടയെയും കാണികളെയും നിയന്ത്രിക്കാന്‍ നമ്മുടെ പൊലീസും നിയമസംവിധാനവും ശ്രമിക്കാത്തത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്.

 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയന്ത്രണരേഖകള്‍ സര്‍ക്കാര്‍ പുതുക്കണം. കേസുകളും സംഭവങ്ങളും മാധ്യമങ്ങള്‍ വിചാരങ്ങള്‍ ആക്കേണ്ടതിനു പകരം അവയെ വിചാരണ ചെയ്തു വഷളാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. സമൂഹത്തിലെ അനീതികളും അക്രമങ്ങളും പ്രത്യേകിച്ചു ലൈംഗികാതിക്രമങ്ങള്‍, മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു വായനക്കാരിലും കാണികളിലും വൈകാരികത ഉണ്ടാക്കാനാനായിരിക്കരുത്. അവകൊണ്ടു സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങള്‍ ആണ് സമൂഹത്തില്‍ ഉണ്ടാക്കേണ്ടത്. അത് ഉണ്ടാക്കിയെടുക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കു തന്നെയാണ്.

വായനക്കാരുടെ ഉദ്വേഗത്തെ ചൂഷണം ചെയ്യാന്‍  മാധ്യമങ്ങള്‍ ശ്രമിക്കരുത്(ജോയ് ഇട്ടന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക