Image

ഇത്രയധികം തോക്കുകള്‍ ഇവിടെ വേണോ? (പകല്‍ക്കിനാവ്- 72: ജോര്‍ജ് തുമ്പയില്‍)

Published on 09 October, 2017
ഇത്രയധികം തോക്കുകള്‍ ഇവിടെ വേണോ? (പകല്‍ക്കിനാവ്- 72: ജോര്‍ജ് തുമ്പയില്‍)
എന്തിനാണ് അേമരിക്കയില്‍ ഇത്രമാത്രം തോക്കുകള്‍ സാധാരണക്കാര്‍ കൈവശം വയ്ക്കുന്നത്. അത് അക്രമം പേടിച്ചിട്ടു തന്നെയാണ്. എന്നാല്‍ ലാസ് വേഗസില്‍ സംഗീതപരിപാടിക്കിടെയുണ്ടായ വെടിവയ്പില്‍ 59 പേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഈ തോക്കുകള്‍ ഇത്രമാത്രം സജീവമായതിന്റെ സാംഗത്യമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. സാധാരണക്കാര്‍ തോക്ക് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ തന്നെ അതു വലിയ പ്രശ്‌നങ്ങളിലേക്ക് മാറുമെന്നതും തര്‍ക്കമില്ല. അമേരിക്ക പോലെയുള്ള രാഷ്ട്രങ്ങളില്‍ തോക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളില്ല. ഇതാണ് ഇപ്പോള്‍ ലാസ് വേഗസിനെ ദുരന്ത കടലാക്കി മാറ്റിയത്. തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമം ശക്തമാക്കണമെന്ന് ആവശ്യം ഇതോടെ വീണ്ടും ശക്തമായി. അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജരാണ് തോക്കുനിയന്ത്രണ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. തോക്കുധാരികളുടെ ആക്രമണം നിരപരാധികളുടെ മരണത്തിനിടയാക്കുന്നതിന് പരിഹാരം കാണാന്‍ ജനപ്രതിനിധിസഭ മുന്നോട്ടുവരണമെന്ന് കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍ പറഞ്ഞത് ശ്രദ്ധേയം.

ഈ വര്‍ഷംമാത്രം അമേരിക്കയില്‍ 273 വെടിവയ്പ് നടന്നിട്ടുണ്ട്. ഇവയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 വരും. ഏകദേശം 90 അമേരിക്കക്കാര്‍ ദിനംപ്രതി വെടിയേറ്റു മരിക്കുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് തോക്കുനിയന്ത്രണ നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുന്നത്. ലാസ് വേഗസ് തെരുവിലെ തുറന്നവേദിയില്‍ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്കിടയിലേക്ക് സമീപത്തെ മാന്‍ഡലേ ബേ ചൂതാട്ടകേന്ദ്രത്തിന്റെ 32-ാംനിലയില്‍ നിന്നു അക്രമി, സ്റ്റീഫന്‍ പഡോക് യന്ത്രത്തോക്ക് ഉപയോഗിച്ചതു പോലെ തോക്കുള്ള പലരും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എന്താവും സ്ഥിതി?. അതാണ് ഭീകരപ്രവര്‍ത്തനങ്ങളേക്കാള്‍ വലിയ പ്രതിസന്ധിയായി അമേരിക്കന്‍ അധികൃതര്‍ക്ക് മുന്നിലുള്ളതും. ഇപ്പോള്‍ വെടിയുതിര്‍ത്ത അക്രമി മുന്‍പൊരു ക്രിമിനല്‍ പോലുമായിരുന്നില്ല. അതായത്, ഇതിനു വേണ്ടി ഒരു ക്രിമിനല്‍ സാഹചര്യം വേണ്ടതില്ലെന്നും വ്യക്തം. ആധുനിക അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി മാറിയ ലാസ് വേഗസ് വെടിവയ്പ്പ് ഈ രാജ്യത്തിനു നല്‍കുന്നത് ഇത്തരമൊരു മുന്നറിയിപ്പ് കൂടിയാണ്.

അക്രമിയായ പഡോക്ക് താമസിച്ചിരുന്ന മാന്‍ഡ്‌ലേ ഹോട്ടലിലെ അയാളുടെ മുറിയില്‍ നിന്ന് കമ്പ്യൂട്ടറും 23 തോക്കുകളും കണ്ടെടുത്തു. ഇത്രമാത്രം ആയുധങ്ങള്‍ അയാള്‍ക്ക് അവിടെ ശേഖരിക്കാന്‍ കഴിഞ്ഞതു തന്നെയാണ് അക്രമികള്‍ക്ക് അഴിഞ്ഞാടന്‍ അവസരമുണ്ടെന്ന വാദം ശക്തമാക്കുന്നത്. ഇതില്‍ ഓട്ടോമാറ്റിക് റൈഫിളുകളും ഉള്‍പ്പെടുന്നു. പഡോക്കിന്റെ വീട്ടില്‍ നിന്ന് 26 തോക്കുകളും അന്വേഷണസംഘം കണ്ടെത്തിയത്രേ. ഈ തോക്കുകളൊന്നും സാധാരണക്കാരന് എടുത്തു പ്രയോഗിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ളതാണ്.

തോക്കുകള്‍ വാങ്ങാനും ഉപയോഗിക്കാനും കൊണ്ടുനടക്കാനുമൊന്നും ഇവിടെ വലിയ നിയമപ്രശ്‌നങ്ങളില്ല. വാസ്തവത്തില്‍, വെറും 18,000 മാത്രം ജനസംഖ്യയുള്ള നഗരമായ മെസ്ക്യുറ്റ് തന്നെ ഉദാഹരണം. ഇത് തോക്കുകളുടെ നഗരമെന്നാണ് പൊതുവേ പറയുന്നത്. ഇവിടെ മിക്കയിടങ്ങളും ആള്‍ത്തിരക്കില്ലാത്തതാണ്. അരിസോണ സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശത്തുള്ള ഈ പട്ടണം പക്ഷെ തോക്കുകള്‍ പരസ്യമായി കൊണ്ടുനടക്കാന്‍ അനുവാദം നല്‍കുന്ന പ്രദേശം കൂടിയാണ്. അതില്‍ തന്നെ തോക്കുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രിയപ്പെട്ട പ്രദേശവും. തൊട്ടടുത്ത വാള്‍മാര്‍ട്ടില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആയുധങ്ങള്‍ വാങ്ങാം. തൊട്ടടുത്ത പണയക്കടയില്‍ നിന്നും മറിച്ചുവില്‍ക്കുന്ന ആയുധങ്ങള്‍ വാങ്ങാം. തൊട്ടടുത്തുള്ള മരുഭൂമിയില്‍ പോയി ആയുധ പരിശീലനം നടത്താം. ഇതിനു പത്തുമിനിട്ട് യാത്ര ചെയ്താല്‍ മതിയാവും. ഇങ്ങനെയുള്ള മെസ്ക്യൂറ്റില്‍ നിന്നും ആര്‍ക്കും ആയുധവിദഗ്ധനായി യാതൊരു മുന്നൊരുക്കങ്ങളുടെയും ആവശ്യമില്ലാതെ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നതാണ് സ്ഥിതി. അതായത്, അധികൃതരുടെ മൂക്കിനു താഴെ നടക്കുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളെ അവര്‍ തന്നെ കണ്ടില്ലെന്നു നടിക്കുന്നു. ഇനി അക്രമം നടന്ന ലാസ് വേഗസിന്റെ സ്ഥിതിയെന്താണെന്നു കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ പൂര്‍ണ്ണമാവും.
നെവാഡ സ്‌റ്റേറ്റിലെ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് ലാസ് വേഗസ് രതിസാമ്രാജ്യത്തിന്റെയും ചൂതാട്ടത്തിന്റെയും മയക്കുമരുന്നുകളുടെയും അംഗീകൃത ലോകമാണ്. ലോകത്തിന്റെ വിനോദതലസ്ഥാനം. 1905ല്‍ സ്ഥാപിതമായ ഈ പട്ടണം രാത്രിയില്‍ വര്‍ണ്ണവിളക്കുകളാലും ജനങ്ങളാലും നിറയും. നെവാഡ മരുഭൂമിയുടെ മദ്ധ്യത്തിലുള്ള ഈ കൃത്രിമ നഗരത്തില്‍ മദ്യപാനവും ചൂതുകളിയും നിശാക്ലബ്ബുകളും സര്‍വ്വത്ര. പതിനായിരങ്ങള്‍ കൈ നിറയെ ഡോളറുമായി ലാസ് വെഗാസിലെത്തുന്നു. ജീവിതം ആസ്വദിക്കുന്നു.

ലാസ് വേഗസില്‍ എല്ലാവരും വരുന്നത് സുഖിക്കാനാണ്, മദിക്കാനാണ്, ജീവിതം ആസ്വദിക്കാനാണ്. എല്ലാ ടാക്‌സികളുടെ മുകളിലും നൈറ്റ് ക്ലബ്ബുകളുടെ പരസ്യങ്ങള്‍ കാണാം. തെരുവോരങ്ങളില്‍ പോസ്റ്റ് ബോക്‌സു പോലെയുള്ള പെട്ടികള്‍ തുറന്ന് ആര്‍ക്കും അതിലുള്ള പേപ്പര്‍ എടുക്കാം. അതിലെല്ലാ നഗ്‌ന നൃത്തശാലകളുടെ പരസ്യവും വിവിധ പ്രായത്തിലും രൂപത്തിലും വേഷത്തിലുമുള്ള പെണ്‍കുട്ടികളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുകളുമാണ്. പരമാനന്ദ സ്വാതന്ത്ര്യം. വിചിത്രമായ മറ്റൊരു വസ്തുത. ഇത്രയധികം ജനങ്ങള്‍ പരിധികളില്ലാതെ തിങ്ങിനിറഞ്ഞ് നടമാടുന്ന നഗരത്തില്‍ ഒരു പോലീസുകാരനെയും എങ്ങും കാണാന്‍ കഴിയില്ലെന്നതു തന്നെ. അതു തന്നെയായിരുന്നു, അക്രമി ഈ നഗരം തെരഞ്ഞെടുക്കാനുള്ള കാരണവും. സര്‍വ്വത്ര സുരക്ഷയുണ്ടെന്ന് അവകാശപ്പെടുമ്പോഴും നിയമത്തിന്റെ പരിരക്ഷയോടെയുള്ള വിടവുകള്‍ ഒട്ടനവധി.

വാസ്തവത്തില്‍ ഈ ലാസ് വേഗസ് ഒരു മായാ നഗരമാണ്. വെറുെമാരു മായികഭൂമിയല്ല, എല്ലാ ആധുനിക സൗകര്യങ്ങളും നിറഞ്ഞ മഹാനഗരം. ലോകത്തിലെ എല്ലാ നാടുകളിലും സഞ്ചരിച്ചിട്ടുള്ളവര്‍ ലാസ് വേഗസില്‍ എത്തിയാല്‍ അറിയാതെ പറഞ്ഞു പോകും. അതാണ് സ്വര്‍ഗ്ഗം. പണം ചെലവഴിക്കാന്‍ ഇത്രത്തോളം നല്ലൊരു സ്ഥലം വേറെയില്ലെന്നും പറഞ്ഞു പോകും. പക്ഷേ, അപ്പോഴുമറിയില്ല, ഒരു ജനാലയ്ക്കപ്പുറത്ത് നമ്മെ ഫോക്കസ് ചെയ്ത് ഒരു അതിഥി മരണത്തിന്റെ ദൂതുവാക്യങ്ങളുമായി ഒളിഞ്ഞിരിപ്പുണ്ടെന്ന്. അതാണ് ലാഗ് വേഗസില്‍ കണ്ടത്. അയാളും ആസ്വദിക്കുകയായിരുന്നു. തോക്കുകളുടെ ലോകത്ത് നിന്നും തൊടുത്തു വിട്ട ബുള്ളറ്റുകളാല്‍ അയാള്‍ ആ മരണപ്പിടച്ചില്‍ ആസ്വദിക്കുകയായിരുന്നുവെന്നതാണ് സത്യം. ഇപ്പോള്‍ പക്ഷേ ഒന്നറിയാം, അടിയന്തരമായി ഗണ്‍കണ്‍ട്രോള്‍ ലോ ഇവിടെ അംഗീകരിച്ചേ മതിയാവൂ. സുരക്ഷിതമായി കുട്ടികളെയുമായി സ്കൂളില്‍ പോകാനോ, സിനിമയ്ക്കു പോകാനോ, ഓഫീസില്‍ പോകാനോ ഒന്നും ചിലയിടങ്ങളില്‍ കഴിയുന്നുണ്ടാവില്ലെന്നതു സത്യമാണ്. എന്നാല്‍ അതിനെ ന്യായീകരിച്ചു കൊണ്ട് ഇപ്പോള്‍ അനുവദിക്കുന്ന ഈ തോക്കിന്‍ കുഴല്‍ സുരക്ഷ ഒരിക്കല്‍ നമ്മുടെ തന്നെ ജീവനെടുക്കും. ലാസ് വേഗസ് അമേരിക്കയ്ക്ക് നല്‍കിയ മുന്നറിയിപ്പ്, വാസ്തവത്തില്‍ നമുക്ക് തന്നെയുള്ളതാണ്. അതാണ് നാം തിരിച്ചറിയേണ്ടതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക