Image

മുന്നണി ചര്‍ച്ചകളില്‍ മെര്‍ക്കലിനെ വെള്ളം കുടുപ്പിച്ച് സിഎസ് യു

Published on 10 October, 2017
മുന്നണി ചര്‍ച്ചകളില്‍ മെര്‍ക്കലിനെ വെള്ളം കുടുപ്പിച്ച് സിഎസ് യു
ബെര്‍ലിന്‍: ജര്‍മന്‍ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടും ഏതെങ്കിലുമൊരു മുന്നണിയുമായി കൂട്ടുകെട്ടുണ്ടാക്കി നാലാംവട്ടവും ഭരണത്തിലേറാമെന്ന നിലവിലെ ചാന്‍സലറുടെ കാത്തിരുപ്പ് തുടരുന്നതിനിടെ സിഡിയു പാര്‍ട്ടിയുടെ സഹോദരപാര്‍ട്ടിയായ ബവേറിയയിലെ സിഎസ് യു മെര്‍ക്കലിനെ വെള്ളം കുടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 

ഞായറാഴ്ച നടന്ന പാര്‍ട്ടി ചര്‍ച്ചകളില്‍ മെര്‍ക്കലിനെതിരെ ആഞ്ഞടിഞ്ഞ പാര്‍ട്ടിയുടെ യുവജനവിഭാഗം മെര്‍ക്കല്‍ രാജിവയ്ക്കണമെന്നു വരെ ആവശ്യപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥനപ്രകാരം ആവശ്യത്തില്‍ ഉറച്ചു നിന്നുവെങ്കിലും സ്വരം അല്‍പ്പം മയപ്പെടുത്തിയത് മെര്‍ക്കലിന് ആശ്വാസമായി. അതേസമയം അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും വരവിന് പരിധി വയ്ക്കണമെന്ന സിഎസ്യുവിന്റെ ശക്തമായ വാദത്തില്‍ മെര്‍ക്കലിന് അടിറവു പറയേണ്ടിവന്നു. അതുകൊണ്ടുതന്നെ സിഎസ്യു ചെയര്‍മാന്‍ ഹോര്‍സ്റ്റ് സീഹോഫറിന്റെ ശക്തമായ വാദം ഇരുകക്ഷികളും അംഗീകരിച്ചു. ഇനിയിപ്പോള്‍ മെര്‍ക്കലിന് ലിബറല്‍ പാര്‍ട്ടിയുമായും ഗ്രീന്‍ പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു കൂട്ടുകക്ഷിമുന്നണി രൂപീകരിച്ച് നാലാം വട്ടവും അധികാരം ഉറപ്പിക്കാമെന്നുള്ള അവസ്ഥയിലേയ്ക്കു നീങ്ങുകയാണ് കാര്യങ്ങള്‍.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിഡിയു 32.9 ശതമാനവും എഫ്ഡിപി. 10.7 ശതമാനവും, ഗ്രീന്‍ 8.9 ശതമാനവും വോട്ടാണ് നേടിയത്. മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയു, എഫ്ഡിപി, ഗ്രീന്‍ എന്നീ കക്ഷികളെ കൂട്ടി ജെമൈക്ക മുന്നണി രൂപീകരി്ക്കാനാണ് മെര്‍ക്കലിന് താത്പര്യം. 

സിഡിയു തങ്ങളുടെ സഹോദരി പാര്‍ട്ടിയായ സിഎസ്യു മുന്നോട്ടുവച്ചു പത്തിന ഇമിഗ്രേഷന്‍ പോളിസി അംഗീകരിച്ചതോടെ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരമെന്നും ഉറപ്പായി. നിലവില്‍ നവംബര്‍ 17 വരെയാണ് മെര്‍ക്കലിന് അധികാരത്തില്‍ തുടരാനുള്ള അവകാശം. അതിനുള്ളില്‍ മുന്നണി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പുതിയ മന്ത്രിമാരെ നിശ്ചയിച്ച് അധികാരമേല്‍ക്കാം എന്നതാണ് മെര്‍ക്കലിന്റെ കണക്കുകൂട്ടല്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക