Image

ലാനയുടെ ത്രിദിന സാഹിത്യശിബിരം(ഷീല എന്‍.പി.)

ഷീല എന്‍.പി Published on 12 October, 2017
ലാനയുടെ ത്രിദിന സാഹിത്യശിബിരം(ഷീല എന്‍.പി.)
ഇക്കഴിഞ്ഞ 6, 7, 8 തീയതികളില്‍ ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ കവി ഒ.എന്‍.വി. കുറുപ്പ് സംസ്മരണഹാള്‍ എന്ന് നാമകരണം ചെയ്ത ഹാളില്‍ വച്ചായിരുന്നു ആഘോഷപരിപാടികള്‍ അരങ്ങേറിയത്. വിശിഷ്ടാതിഥി നാട്ടില്‍ നിന്നെത്തിയ ശ്രീ.പി.എഫ്.മാത്യൂസ് ചെറുകഥാകൃത്ത് ആദിയായ തലങ്ങളില്‍ പ്രശസ്തനാണ്. കൂടാതെ മുന്‍ സാഹിത്യഅക്കാദമി പ്രസിഡന്റും, അറിയപ്പെടുന്ന സാഹിത്യകാരിയുമായ ശ്രീമതി പി.വത്സലയും പ്രസംഗകയായി സമ്മേളനത്തില്‍ പങ്കെടുത്തു.

ഉദ്ഘാടനസമ്മേളനം 6 മണിക്കുതന്നെ ആരംഭിച്ചു. ലാന പ്രസിഡന്റ് ശ്രീ. ജോസ് ഓച്ചാലില്‍ അധ്യക്ഷനായി സെക്രട്ടറി ശ്രീ.ജെ.മാത്യൂസ് മോഡറേറ്ററായും ഇരുന്ന യോഗത്തില്‍ പ്രിന്‍സ് മാര്‍ക്കോസ് സദസ്സിനെ സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിനുശേഷം ശ്രീ.പി.എഫ്. മാത്യൂസ് തന്റെ പ്രഭാഷണത്തില്‍ സാഹിത്യത്തിന്റെ ഉന്നമനാര്‍ത്ഥം, ലാന നടത്തുന്ന സേവനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കയും അംഗങ്ങളുടെ ഈ പരസ്പരം സഹകരണവും ഉത്സാഹവും അഭംഗുരം തുടരട്ടെയെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആഴത്തിലേക്കും പരപ്പിലേക്കും വിശാലതയിലേക്കും ഉയരത്തിലേക്കും വ്യാപിക്കട്ടെ എന്ന് ആശംസിക്കയും സാഹിത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു ഹ്രസ്വമായി പ്രതിപാദിക്കയും ചെയ്തു.

തുടര്‍ന്ന് ജോസന്‍ ജോര്‍ജ്ജ്, വര്‍ഗ്ഗീസ് ഏബ്രഹാം, ഷാജന്‍ ആനിത്തോട്ടം, മനോഹര്‍ തോമസ്, പീറ്റര്‍ നീണ്ടൂര്‍, ഏബ്രഹാം തെക്കേമുറി, അബ്ദുള്‍ പുന്നയൂര്‍ക്കുളം, അശോകന്‍ വേങ്ങശേരി എന്നിവരുടെ ആശംസാ പ്രസംഗങ്ങളും ബാബു പാറയ്ക്കലിന്റെ നന്ദി പ്രകാശനത്തിനും ശേഷം അത്താഴം കഴിഞ്ഞ് 9 മണിയോടെ ചൊല്‍ക്കാഴ്ച(പദ്യം ചൊല്ലല്‍) ആരംഭിച്ചു. ജോസ് ഓച്ചാലില്‍ തുടങ്ങി വച്ച കവിതാ പാരായണം 25 പേരടങ്ങുന്ന കവിതാപാരായണം റോസമ്മ ജോര്‍ജ്ജില്‍ പര്യവസാനിച്ചു. കവി രാജുതോമസ് നന്ദിപ്രകാശിപ്പിച്ചതോടെ ആദ്യ ദിവസത്തെ പരിപാടി സമാപിച്ചു.

ഒക്ടോബര്‍ ശനിയാഴ്ച രാവിലെ പ്രഭാതഭക്ഷണാനന്തരം 9 മണിക്കു തന്നെ സാഹിത്യസദ്യ ആരംഭിച്ചു.
ശ്രീമതി പി.വത്സലടീച്ചറും മി.പി.എഫ്. മാത്യൂസും ചേര്‍ന്ന്, പരിപാടികള്‍ക്കു തുടക്കം കുറിച്ചു. കവിത, സിനിമാ മണ്ഡലങ്ങളില്‍ പ്രശസ്തനായ ജയന്‍ കെ.സി.യും കവിയിത്രി ഡോണ മയൂരയും പരിപാടികള്‍ക്കു നേതൃത്വം വഹിച്ചു. നാട്ടിലെയും ഇവിടുത്തെയും കവികള്‍ വെബ്‌സൈറ്റ് വഴിയും മുഖദാവിലും കവിതകള്‍ അവതരിപ്പിച്ചു പരിപാടി ആകര്‍ഷകമാക്കി.

തുടര്‍ന്ന് 'മലയാളകവിതയുടെ സൈബര്‍ ഇടങ്ങള്‍' എന്ന വിഷയത്തില്‍ തോമസ് ജേക്കബിന്റെ അധ്യക്ഷതയില്‍ കവിതാസംവാദം നടന്നു. മലയാള കവിതയ്ക്ക് തലമുറകളിലൂടെ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഇവിടുത്തെ അറിയപ്പെടുന്ന കവികള്‍- പീറ്റര്‍ നീണ്ടൂര്‍, ജോസ് ചെരിപുറം, രാജു തോമസ്, മോന്‍സി കൊടുമണ്‍ തുടങ്ങി ഡസനോളം പേര്‍ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവച്ചു. പൊതു ചര്‍ച്ചയ്ക്കുശേഷം അനിലാല്‍ ശ്രീനിവാസന്റെ നന്ദിപ്രകാശത്തിനുശേഷം ലഞ്ചിനു പരിപാടികള്‍ അവസാനിപ്പിച്ച് വീണ്ടും 1.30ന് ചെറുകഥയിലെ നൂതനപ്രവണതകളെയും രചനാതന്ത്രങ്ങളെയും ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങള്‍ക്ക് ശ്രീമതി പി.വത്സലയും, ശ്രീ.പി.എഫ്. മാത്യൂസും നാന്ദികുറിച്ചു.

സമകാലിക ചെറുകഥകളിലെ രാഷ്ട്രീയം എന്നതായിരുന്നു ചര്‍ച്ചാവിഷയം. കെ.കെ.ജോണ്‍സണ്‍, രാജു മൈലപ്രാ, ബിജോ ചെമ്മാന്ത്ര, സി.വി.ജോര്‍ജ്ജ് തുടങ്ങിയവര്‍ തങ്ങളുടെ ആശയങ്ങള്‍ സദസ്സില്‍ അവതരിപ്പിച്ചു. പഴയ രചനാ സമ്പ്രദായങ്ങള്‍ ഒഴിവാക്കി തങ്ങളുടെ ഇച്ഛയ്‌ക്കൊത്ത നൂതന വഴികള്‍ തുറന്ന് അതിലൂടെ മുന്നോട്ടു പോകാനാണ് ആധുനിക പുതുതലമുറ ഇഷ്ടപ്പെടുന്നതെന്ന ആശയമാണ് പൊതുവെ മുഴങ്ങിക്കേട്ടത്.

പ്രവാസകഥകള്‍ക്ക് മലയാള ചെറുകഥകളിലുള്ള സ്ഥാനമെന്തെന്ന് വിശദമാക്കാനാണ് ശ്രീ.തമ്പി ആന്റണിയും ജയന്ത് കാമിച്ചേരി തുടങ്ങിയവര്‍ തങ്ങളുടെ ദൗത്യമായി കരുതിയത്. കഥാരചനയില്‍ ഏതാണ്ട് സമാന അഭിരുചിയുള്ളവരും സമാനശീര്‍ഷരുമായ ഇരുവരും തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു. ഡോണ മയൂര, റിനി മമ്പലം, മീനു എലിസബേത്ത് എന്നിവരും തങ്ങളുടെ അഭിപ്രായങ്ങള്‍ യഥായോഗം പ്രകടമാക്കി.

നാലരമണിക്ക് നോവല്‍ സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അതിഥികള്‍ മാത്യൂസും, വത്സലടീച്ചറും നാന്ദി കുറിച്ചു. പ്രഭാഷകരായി സാംസി കൊടുമണ്‍, കെ.വി.പ്രവീണ്‍ ആദിയായവര്‍ തങ്ങളുടെ ആശയം സസ്‌നേഹമായി പങ്കുവച്ചു.

5.30 ന് തെരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ സാഹിത്യ സദ്യയായിരുന്നു. തുടര്‍ന്ന് നാമമാത്രമായ പുസ്തക പരിചയം എന്ന പ്രഹസനവും അരങ്ങേറി. നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം എന്ന ഗാനശകലമാണ് ഈ പരിപാടി കണ്ടപ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞത്; കൂടാതെ ഒരു പഴങ്കഥയിലെ ഉണിക്കോരന്‍ എന്ന കഥാപാത്രവും. ജന്മിയുടെ പശുപാലനാണ് ടി. കഥാനായകന്‍; പശുക്കള്‍ക്ക് പുല്ലുമാജ്ഞ ഉണിക്കോരന്‍ സ്തുത്യര്‍ഹമായിത്തന്നെ ഇവ്വിധം നിര്‍വ്വഹിച്ചു. ഓരോ പിടി പുല്ല് എല്ലാറ്റിന്റെയും വായില്‍ തിരുകിയ ശേഷം ഒരു ചിരട്ടയില്‍ വെള്ളമെടുത്ത് പശുക്കളുടെ വായില്‍ മുട്ടിച്ച് തന്റെ കടമ ചെയ്തതായി യജമാന സമക്ഷം അറിയിച്ചു! പിറ്റേദിവസം മുട്ടകം പുല്ലുള്ളിടത്ത് പശുക്കളെ മേയാന്‍ വിടണം എന്ന ഉത്തരവും ഉണിക്കോരന്‍ യഥാവിധി നടപ്പാക്കിയതിങ്ങനെ: പശുക്കളെ ഒരു പുല്‍ത്തകിടിയിലേക്കു തെളിച്ച് എല്ലാറ്റിന്റെയും മുട്ടുകളൊടിച്ച് അവിടെ കിടത്തി...
കഥയിതു തുടരുന്നു. സാഹിത്യംപ്രേമികള്‍ക്ക് സാഹിത്യസദ്യ ചെടിച്ചു തുടങ്ങിയതോടെ മയക്കത്തിലേക്കു വഴുതി വീഴാന്‍ തുടങ്ങി. അധികപേരും അത്താഴം എത്തിയെന്ന വാര്‍ത്തകേട്ട് 'അന്നവിചാരം, മുന്നവിചാരം' എന്ന ചൊല്ലിന് ഊന്നല്‍ നല്‍കി അങ്ങോട്ടു ഗമിച്ചു.

എല്ലാമവസാനിക്കുവോളം സദസ്സിലുണ്ടാവുന്നതാണു മര്യാദയും മാന്യതയും എന്ന വിചാരക്കാര്‍  ബകുള ധ്യാനത്തോടെയെങ്കിലും സദസ്സില്‍ ഉപവിഷ്ടരായി. പുസ്തക പരിചയം നടത്തിയവരും രചയിതാക്കളും തങ്ങള്‍ 'അകപ്പെട്ടുപോയല്ലൊ' എന്ന ചിന്തയില്‍ സ്‌റ്റേജിലും തങ്ങളുടെ കാര്യം ഒപ്പിച്ചു മാറി!. പാല്‍പായസസമായാലും ഏറെയായാല്‍ ചെടിക്കില്ലേ? സാധുവും സാത്വികനും 'സാഹിത്യസേവ ഈശ്വരസേവ' എന്ന വ്രതം സ്വീകരിച്ച് തന്റെ ദൗത്യം സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കുന്ന ശ്രീ.ജെ.മാത്യൂസ് ആരെ തള്ളണം, കൊള്ളണം എന്ന അന്തരാളത്തില്‍ അതിഥികളെ എല്ലാവരെയും സ്വീകരിക്കാന്‍ ബാധ്യസ്ഥനുമായി. സദാ മൃദുസ്‌മേരം സ്ഫുരിക്കുന്ന അദ്ദേഹത്തിന്റെ സുന്ദരവദനം കഠിനാധ്വാനത്തിന്റെ ക്ഷീണമോ തിരസ്‌കാരത്തിന്റെ കരിനിഴലോ പതിഞ്ഞതായി ഇത:പര്യന്തം  ആരും ആക്ഷേപം പറഞ്ഞിട്ടുമില്ല. അടുത്ത ലാനാ പ്രസിഡന്റാകാന്‍ സര്‍വ്വഥാ യോഗ്യനായ അദ്ദേഹം അന്തസ്സായി തല്‍സ്ഥാനം ത്യജിച്ച് മാതൃക കാട്ടുകയും ചെയ്തു! സ്ഥാനമോഹികള്‍ അതു മനസ്സിലാക്കിയോ ഇല്ലയോ എന്ന വസ്തുത ഭാവിയുടെ ഗര്‍ഭത്തില്‍.

ലാനയുടെ പുതിയ ഭാരവാഹികള്‍ക്ക് സ്വാഗതം; ഒപ്പം സ്ഥാനം സ്വമനസ്സാ ത്യജിച്ച സെക്രട്ടറിക്കും സ്ഥാനമൊഴിഞ്ഞ പഴയ ഭാരവാഹികള്‍ക്കും ഔദ്യോഗിക പദവികളിലെങ്കിലും ലാനയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുമെന്നു വാഗ്ദാനം നല്‍കിയവര്‍ക്കും നന്ദിയുടെ വാടാമലരുകള്‍കൊണ്ടുതീര്‍ത്ത പൂച്ചെണ്ടും സമര്‍പ്പിക്കുന്നു; സ്‌നേഹവന്ദനം!


ലാനയുടെ ത്രിദിന സാഹിത്യശിബിരം(ഷീല എന്‍.പി.)ലാനയുടെ ത്രിദിന സാഹിത്യശിബിരം(ഷീല എന്‍.പി.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക