ഹോര്‍ഷം: യുക്മ നാഷണല്‍ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജണല്‍ കലാമേളകളില്‍ ഏവരും ആവേശപൂര്‍വം കാത്തിരിക്കുന്ന കലാമേളയാണ് സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേള. ഓഗസ്റ്റ് 14ന് (ശനി) സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് റീജണുകളിലാണ് മത്സരം.
സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേള ഹോര്‍ഷമില്‍ അരങ്ങേറും. മുന്നൂറില്‍പരം മത്സരാര്‍ഥികളാണ് റീജണല്‍ കലാമേളക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംയുക്ത സൗത്ത് റീജണില്‍ നിന്നും യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് എന്നിങ്ങനെ വിഭജിച്ച ശേഷം ആദ്യമായിട്ടാണ് ഇത്രയും ജനകീയമായി ഒരു റീജണല്‍ കലാമേള നടത്തപ്പെടുന്നത്. ഒരു റീജണല്‍ കലാമേളയില്‍ 21 അസോസിയേഷനില്‍ നിന്നും മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നതു തന്നെ യുക്മ കലാമേളയുടെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്.
സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേളയില്‍ ഡബിള്‍ ഹാട്രിക്ക് വിജയം നേടി അജയ്യരായി നിലകൊള്ളുന്ന ഡോര്‍സെറ്റ് കേരളാ കമ്യൂണിറ്റി (ഡികെസി) ക്ക് അസോസിയേഷനുകളുടെ ഈ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാവുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. യുക്മ മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസ്, മുന്‍ റീജണല്‍ പ്രസിഡന്റ് മനോജ് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ എക്കാലവും മികച്ച പ്രകടനമാണ് ഡികെസി കാഴ്ച്ചവച്ചിട്ടുള്ളത്.
റീജണല്‍ കലാമേളയുടെ പൂര്‍ണ വിജയത്തിന് യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ റീജണല്‍ കമ്മിറ്റി അശ്രാന്ത പരിശ്രമത്തിലാണ്. ദേശീയ കലാമേള ഈ റീജണില്‍ തന്നെയാണ് നടക്കുന്നത് എന്നുള്ളതും മത്സരങ്ങളുടെ വീറും വാശിയും വര്‍ധിപ്പിക്കും.