Image

ദേശീയ ഗാനത്തോട് അനാദരവ് കാട്ടുന്ന കളിക്കാരെ പുറത്തിരുത്തുമെന്ന് കൗബോയ്‌സ് ഉടമ ജെറി ജോണ്‍സ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 13 October, 2017
ദേശീയ ഗാനത്തോട് അനാദരവ് കാട്ടുന്ന കളിക്കാരെ പുറത്തിരുത്തുമെന്ന് കൗബോയ്‌സ് ഉടമ ജെറി ജോണ്‍സ് (ഏബ്രഹാം തോമസ്)
ഡാലസ്: അമേരിക്കയില്‍ നടക്കുന്ന വലിയ കളികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ ചില കളിക്കാര്‍ മുട്ടുകുത്തി നിന്നും മറ്റും അനാദരവ് പ്രകടിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരെ ഡോണാള്‍ഡ് ട്രമ്പ് ശക്തമായി പ്രതികരിച്ചു. അനാദരവ് പ്രദര്‍ശിപ്പിക്കുന്ന കളിക്കാരെ അപ്പോള്‍ തന്നെ പുറത്തേക്ക് വിളിച്ച് ടീമില്‍ നിന്നൊഴിവാക്കാന്‍ ടീം ഉടമകള്‍ തയ്യാറാവണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

അമേരിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും ശക്തവും സമ്പന്നവുമായ ടീമുകളില്‍ ഒന്നാണ് ഡാലസ് കൗബോയ്‌സ്. കൗബോയ്‌സിന്റെ ഉടമ ജെറി ജോണ്‍സ് പ്രബലനും വളരെ സമ്പന്നനുമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്രോ (അമേരിക്കന്‍) ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയ്മില്‍ ജോണ്‍സിനെ ആദരിച്ചിരുന്നു. പ്രസിഡന്റിന് അഭ്യര്‍ത്ഥന മാനിക്കുകയാണെന്നും തന്റെ കൗബോയ്‌സ് ടീമിലെ ഏതെങ്കിലും കളിക്കാരന്‍ ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നത് കണ്ടാല്‍ അയാളെ തിരിച്ച് വിളിച്ച് കളിക്കളത്തിന് പുറത്തുള്ള ബെഞ്ചില്‍ ഇരുത്തുമെന്നും ജോണ്‍സ് പറഞ്ഞു.

'നമ്മുടെ ആരാധകര്‍ ആഗ്രഹിക്കുന്നത് പോലെ നമ്മുടെ പതാകയെ ബഹുമാനിക്കുവാനും എണീറ്റ് നില്‍ക്കുവാനും നിങ്ങള്‍ തയ്യാറാവുന്നില്ലെങ്കില്‍ നിങ്ങള്‍ കളിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഇതാണ് ഞാന്‍ കൗബോയ്‌സിന് വേണ്ടി ആഗ്രഹിക്കുന്നത്' ജോണ്‍സ് തുടര്‍ന്നു. പ്രസിഡന്റിന്റെ ആവശ്യം അംഗീകരിക്കുന്ന ആദ്യ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് ടീം ഉടമയായി ജോണ്‍സ്. ഈ വിഷയം എന്‍ എഫ് എല്ിന്റെ ഒക്ടോബര്‍ 17.18 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ ചേരുന്ന ഫാള്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്ന് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. എന്‍ എഫ് എല്ലില്‍ 32 ടീമുകള്‍ക്കും എഴുത്തയച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ റോജന്‍ ഗോഡല്‍ പറഞ്ഞു.

ഫുട്ബാളിലേയും മറ്റ് കളികളിലേയും വലിയ കളിക്കാര്‍ക്ക് ലഭിക്കുന്ന ഭീമന്‍ പ്രതിഫലങ്ങള്‍ക്കൊപ്പം കളികള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ക്ക് നല്‍കുന്ന ഫെഡറല്‍ നികുതി ഇളവുകളും ജനങ്ങള്‍ വഹിക്കുന്നു. അപ്പോള്‍ ജനങ്ങളോട് കളിക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്ന വാദത്തിന് പിന്തുണ വര്‍ദ്ധിപ്പിക്കുകയാണ്. 2000 മുതല്‍ 2014 വരെ സ്‌പോര്‍ട്ട്‌സ് ടീമുകള്‍ക്ക് 3.2 ബില്യണ്‍ ഡോളര്‍ നികുതി ഇളവ് നല്‍കി. ദേശീയ ഗാനാലാപനത്തിനോട് അനാദരവ് കാട്ടുന്നത് തുടര്‍ന്നാല്‍ നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്തി നേടിയ മുനിസിപ്പല്‍ ബോണ്ടുകളിലൂടെ നിര്‍മ്മിച്ച ഫുട്‌ബോള്‍, ബേസ്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ സ്‌റ്റേഡിയങ്ങളും ഹോക്കി അറീനകളും സൗജന്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു.

ഡാലസ് കൗബോയ്‌സിന്റെ 2009 ല്‍ ഉദ്ഘാടനം ചെയ്ത സ്‌റ്റേഡിയത്തിന്റെ 1.2 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ 325 മില്യണ്‍ ഡോളര്‍ നികുതി ഇളവുള്ള കടത്തിലൂടെയാണ് നേടിയത്. ജെറി ജോണ്‍സ് ലഭ്യമായ ഒരു വലിയ സബ്‌സിഡി ആണിത്. ഡാലസ് മേവ്‌റിക്കും ഡാലസ് സ്റ്റ്ാഴ്‌സും കളിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്റര്‍ തുറന്നത് 2001 ലാണ്. നിര്‍മ്മാണ ചെലവില്‍ 152 മില്യണ്‍ ഡോളര്‍ ഫെഡറല്‍ നികുതി ഇളവുള്ള ബോണ്ടുകളാണ്. ടെക്‌സസ് റേഞ്ചേഴ്‌സിന്റെ പുതിയ ബില്യണ്‍ ഡോളറിന്റെ സ്‌റ്റേഡിയം ഗ്‌ളോംബ് ലൈഫ് ഫീല്‍ഡും നിര്‍മ്മിക്കുന്നത് ഇത്തരം ധനസഹായത്തിലൂടെയാണ്.

ട്രംമ്പിന്റെ നീക്കം പ്രധാനമായും ഫുട്‌ബോള്‍ കളിക്കാര്‍ അമേരിക്കന്‍ പതാകയോട് കാട്ടുന്ന അനാദരവ് നിര്‍ത്തുന്നതിന് വേണ്ടിയാണ്. നമ്മുടെ രാജ്യത്തോടും പതാകയോടും ദേശീയ ഗാനത്തോടും അനാദരവ് കാട്ടുമ്പോഴും എന്‍ എഫ് എല്ലിന് ഭീമന്‍ നികുതി ഇളവ് എങ്ങനെ ലഭിക്കുന്നു? പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനും നികുതി ദായകര്‍ ബില്യണ്‍ കണക്കിന് ഡോളര്‍ സബ്‌സിഡിയായി നല്‍കുന്നു. വൈറ്റ് ഹൗസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക