Image

മാര്‍ സ്‌തെഫാനോസിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 28-ന്

മോഹന്‍ വര്‍ഗീസ് Published on 13 October, 2017
മാര്‍ സ്‌തെഫാനോസിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 28-ന്
ന്യൂയോര്‍ക്ക്: അമേരിക്കയിലേയും കാനഡയിലേയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിയമിതനായിരിക്കുന്ന അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്‌തെഫാനോസ് പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ 2017 ഒക്‌ടോബര്‍ 28 ശനിയാഴ്ച എല്‍മോണ്ടിലെ സീറോ മലങ്കര കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവനും, പിതാവുമായ കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവയാണ്.

ഏകദേശം ഇരുപതോളം മെത്രാപ്പോലീത്തമാരും ധാരാളം വൈദീകരും സന്യസ്തരും, അമേരിക്കയിലേയും കാനഡയിലേയും വിവിധ ഇടവകകളില്‍ നിന്നുള്ള വലിയ വിശ്വാസിഗണവും തിരുകര്‍മ്മങ്ങള്‍ക്കായി ഒത്തുചേരും. കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത തോമസ് മാര്‍ യൗസേബിയോസ്, പുതുതായി സ്ഥാനം ഏല്‍ക്കുന്ന മാര്‍ സ്‌തെഫാനോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

2017 ഓഗസ്റ്റ് മാസം അഞ്ചാം തീയതിയാണ് മാര്‍ സ്‌തെഫാനോസ് അമേരിക്കയിലേയും കാനഡയിലേയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിയമിതനായത്. 1952 സെപ്റ്റംബര്‍ അഞ്ചിന് ജനിച്ച പിതാവ് 1979 ഏപ്രില്‍ 27-നാണ് വൈദീകനായി അഭിഷേകം ചെയ്യപ്പെട്ടത്. 2010 മാര്‍ച്ച് 13 മുതല്‍ തിരുവല്ല അതിരൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ നടത്തിവരുകയായിരുന്നു. തിരുവല്ല അതിരൂപതയുടെ വികാരി ജനറാള്‍, അഡ്മിനിസ്‌ട്രേറ്റര്‍, പുഷ്പഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, യുവജന സംഘടനാ ഡയറക്ടര്‍, തീക്ഷ്ണമതിയായ മിഷണറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ റോമിലെ അക്കാഡമിയ അല്‍ഫോന്‍സിയാനത്തില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള അഭിവന്ദ്യ പിതാവ് സീറോ മലങ്കര കത്തോലിക്കാ മേജര്‍ സെമിനാരിയുടെ റെക്ടര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാര്‍ സ്‌തെഫാനോസിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 28-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക