Image

സാമൂഹ്യ പ്രവര്‍ത്തകര്‍ തുണയായി, കെട്ടിടത്തില്‍ നിന്നുവീണു പരിക്കേറ്റ രണ്ട് മലയാളികളെ നാട്ടിലയച്ചു

Published on 14 October, 2017
സാമൂഹ്യ പ്രവര്‍ത്തകര്‍ തുണയായി, കെട്ടിടത്തില്‍ നിന്നുവീണു പരിക്കേറ്റ രണ്ട് മലയാളികളെ നാട്ടിലയച്ചു
 റിയാദ്: താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണു ഗുരുതര പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോയി. കിളിമാനൂര്‍ സ്വദേശികളായ അനുഅന്പിളി (27), പ്രശാന്ത് (27) എന്നിവരാണ് സാമൂഹിക പ്രവര്‍ത്തകരായ ലത്തീഫ് തെച്ചിയുടെയും ഷാനവാസ് രാമഞ്ചിറയുടെയും സഹായത്താല്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയായത്. രണ്ടാഴ്ച്ച മുന്‍പ് നടന്ന അപകടത്തില്‍ ഒരാളുടെ കഴുത്തിനും മറ്റൊരാള്‍ക്ക് നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. 

റിയാദിലെ ഇസ്താന്‍ബൂള്‍ സ്ട്രീറ്റില്‍ കന്പനി അക്കമഡേഷനില്‍ വച്ചാണ് അപകടം. ജോലി കഴിഞ്ഞുവന്ന ശേഷം ഉണങ്ങാനിട്ടിരുന്ന വസ്ത്രം എടുക്കാന്‍ കെട്ടിടത്തിന് മുകളിലേക്ക് കയറിപോയപ്പോള്‍ രണ്ട് ബില്‍ഡിംഗുകള്‍ക്കിടയില്‍ വച്ചിരുന്ന ഷീറ്റില്‍ ചവിട്ടി ഇരുവരും താഴെ വീഴുകയായിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവരെ കന്പനി കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. പരിക്കേറ്റ ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രി ഡിസ്ചാര്‍ജ് ആക്കിയെങ്കിലും മലയാളിയായ നഴ്‌സിന്റെ അഭ്യര്‍ഥന മാനിച്ചു ഇവരെ ആശുപത്രിയില്‍ തുടരാന്‍ അധികൃതര്‍ അനുവദിക്കുകയായിരുന്നു. ഇവരെ ചികില്‍സിച്ചിരുന്ന അല്‍ ഈമാന്‍ ആശുപത്രിയിലെ മലയാളി നഴ്‌സ് സൂനമ്മയുടെ പ്രത്യേക സഹായവും ഇതിനായി സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. 

സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം ഇവരെ വിദഗ്ദ്ധ ചികിത്സക്കായി എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോയി. 

സാമൂഹിക പ്രവര്‍ത്തകരായ ലത്തീഫ് തെച്ചി ഷാനവാസ് രാമഞ്ചിറ എന്നിവരോടൊപ്പം എംബസി ഉദ്യോഗസ്ഥന്‍ ലാല്‍ചക്രപാണി ലത്തീഫ് പോങ്ങനാട്, ബഷീര്‍ പാണക്കാട്, റഹ്മത്ത് മേലാറ്റൂര്‍, ഹുസാം വള്ളികുന്നം, ഇല്യാസ് കാസര്‍ഗോഡ്, ഷെഫീകുല്‍ അനസ് എടവണ്ണപ്പാറ, നിഷാദ് തഴവ, ദിലീപ് ഗോപാലകൃഷ്ണന്‍, ബന്ധുവായ ഷിബി കിളിമാനൂര്‍ എന്നിവരും സഹായത്തിന് കൂടെയുണ്ടായിരുന്നു. 

റിപ്പോര്‍ട്ട് : ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക