Image

പത്തനംതിട്ടയില്‍ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ തെര. കമ്മീഷന്‍ അയോഗ്യരാക്കി

Published on 16 October, 2017
പത്തനംതിട്ടയില്‍ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ തെര. കമ്മീഷന്‍ അയോഗ്യരാക്കി
പത്തനംതിട്ട: ജില്ലയിലെ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ മൂന്ന് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ജനതാദള്‍യു പ്രതിനിധിയും മൂന്നാം വാര്‍ഡ് മെന്പറുമായിരുന്ന മനോജ് മാധവശേരില്‍, നാലാം വാര്‍ഡ് അംഗവും കേരള കോണ്‍ഗ്രസ്എം മെന്പറുമായിരുന്ന രമ ഭാസ്‌കര്‍, ഒന്‍പതാം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായിരുന്ന പി.എ.നാരായണന്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. ഇവര്‍ക്ക് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നതിന് 2017 ഒക്ടോബര്‍ 13 മുതല്‍ ആറു വര്‍ഷത്തേക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

2015ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ മൂവരും യുഡിഎഫില്‍ നിന്നാണ് ജയിച്ചു കയറിയത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചുകൊണ്ട് ഇവര്‍ എല്‍ഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചതാണ് തിരിച്ചടിയായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മനോജ് മാധവശേരില്‍ എല്‍ഡിഎഫുമായി സഹകരിക്കുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ്എം അംഗമായിരുന്ന രമ മനോജിനെ പിന്തുണച്ചു. കോണ്‍ഗ്രസ് അംഗമായിരുന്ന നാരായണന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

മൂവരുടെയും നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം സദാശിവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ നടപടി. 13 വാര്‍ഡുകളുള്ള മല്ലപ്പുഴശേരി പഞ്ചായത്തില്‍ യുഡിഎഫിന് അഞ്ചും എല്‍ഡിഎഫിന് നാലും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്. ഒരു വാര്‍ഡില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക