Image

കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി ഫൊക്കാന കണ്‍വന്‍ഷന്‍ (മാധവന്‍ ബി. നായര്‍)

Published on 16 October, 2017
കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി ഫൊക്കാന കണ്‍വന്‍ഷന്‍ (മാധവന്‍ ബി. നായര്‍)
അമേരിക്കന്‍ മലയാളികള്‍ക്കായി നിവര്‍ത്തിയ കുടയാണ് ഫൊക്കാന. 1983ല്‍ രൂപീകൃതമായ ഫൊക്കാനയുടെ നാള്‍വഴികള്‍ വിജയങ്ങളുടേതു മാത്രമാണ്. 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍ ഇന്നുവരെയുള്ള ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രസക്തിയുണ്ട്. ഇതുവരെ ഫൊക്കാന പിന്നിട്ട വഴികളില്‍ ഒരിക്കലും മായാത്ത മുദ്രകളാണ് ഈ സംഘടന അവശേഷിപ്പിച്ചത്. ഒരു കുഞ്ഞിന്‍റെ വളര്‍ച്ചപോലെ. ഒരു കുഞ്ഞിനു പിടിച്ചു നില്ക്കാന്‍ അമ്മയുടെ കൈകള്‍ എന്നപോലെ അമേരിക്കന്‍ മലയാളികള്‍ക്ക് പിടിച്ചു നില്ക്കാന്‍ തായ് വേരിനു ബലമുള്ള അമ്മയായി മാറി ഫൊക്കാന. പിന്നിട്ട വര്‍ഷങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിനുണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. ഇവിടെയാണ് അമേരിക്കന്‍ മലയാളികളുടെ ആദ്യ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസക്തി. പണത്തിനൊ, പേരിനോ, പ്രശസ്തിക്കോ വേണ്ടി ആയിരുന്നില്ല ഫൊക്കാനയുടെ പിറവി. ജീവിതത്തിലേക്കുള്ള ഓട്ട പാച്ചിലുകള്‍ക്കിടയില്‍ ഒന്നിച്ചിരുന്നു കുശലം പറയാനും ജാതി മത ചിന്താഗതികള്‍ വെടിഞ്ഞു മലയാളികളായി അല്പസമയം എന്നതിനപ്പുറത്തു ഒരുപക്ഷെ ഇതിന്റെ തുടക്കത്തില്‍ ആരും ചിന്തിച്ചിട്ടുണ്ടാവില്ല. കാലം മാറി, നമ്മുടെ ചിന്താഗതികള്‍ മാറി, പുതിയ ചിന്താഗതികള്‍ വന്നു. പക്ഷെ ഫൊക്കാനയ്ക്ക് മാത്രം മാറ്റമുണ്ടായിട്ടില്ല. ഈ മുപ്പതു വര്‍ഷത്തിനിടയില്‍ ഈ മാതൃ സംഘടന വളര്‍ത്തിയെടുത്ത നേതാക്കള്‍, കലാകാരന്മാര്‍ തുടങ്ങിയവരുടെ എണ്ണമെടുക്കാന്‍ സാധിക്കില്ല. കാരണം ഫൊക്കാന്യ്ക്ക് ശേഷം വന്ന ചെറുതും വലുതുമായ എതു സംഘടന എടുത്താലും അതിന്‍റെ അമരത്ത് ഫൊക്കാനയുടെ ഒരു പ്രതിനിധി ഉണ്ടാകും. അതിനു ഒരു സംഘടനയ്ക്ക് സാധിക്കുക എന്ന് പറയുമ്പോള്‍ ആ സംഘടന ആ വ്യക്തിക്കും വ്യക്തി ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും നല്കുന്ന കരുതല്‍ ആണ് വെളിവാക്കുന്നത്. ഇവിടെയാണ് ഫൊക്കാനയുടെ കരുത്ത്. അവിടെ നേതാക്കളില്ല. പകരം ഫൊക്കാനയുടെ തലപ്പാവണിഞ്ഞ പ്രധിനിധികള്‍ മാത്രം. ഈ തലപ്പാവ് അപവാദങ്ങളില്ലാതെ അണിയാന്‍ നാളിതുവരെ ഇതിനെ നയിച്ചവര്‍ക്ക് കഴിഞ്ഞു എന്നത് സംഘടയുടെ വലിയ നേട്ടമായിത്തന്നെ കരുതാം. അതാണ് ഫൊക്കാനയുടെ ബലവും. ഇതൊരു മാതൃകയാണ്. ഫൊക്കാന മുന്‍പേ നടക്കുകയാണ്.അതിന്റെ ചുവടു പിടിച്ചാണ് മറ്റു സംഘടനകളുടെ എല്ലാം പിറവി.

ഫൊക്കാനയെ കുറിച്ച് പറയുമ്പോള്‍ 1983 കാലഘട്ടം മറക്കാന്‍ പറ്റില്ല. ആദ്യമായി ഉണ്ടായ കുഞ്ഞിന്‍റെ ജനനം എന്നപോലെ ഓരോ അമേരിക്കന്‍ മലയാളിക്കും ഫൊക്കാന ഒരു സമ്പത്താണ്. ഫൊക്കാനയുടെ ആദ്യ കൂട്ടായ്മ ഉണ്ടാകുമ്പോള്‍ മലയാളികളുടെ ഒത്തൊരുമ മാത്രമല്ല, മതത്തിന്റെയും ജാതിയുടെയും പേരില്‍ ഉണ്ടാകുന്ന സംഘടനകളും അതുവഴി ഉണ്ടാകുന്ന അകല്‍ച്ചയും പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഫൊക്കാനയ്ക്ക് നേതൃത്വം നല്‍കിയവരുടെ മനസ്സില്‍ ഉണ്ടായിരുന്നു. അതിന്‍റെ പ്രസക്തി ഒരു പക്ഷെ ഇന്ന് അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിയുന്നുണ്ടാകണം. അത് അക്ഷരം പ്രതി തുടരുന്ന പ്രസ്ഥാനം കൂടിയാണ് ഫൊക്കാന.

ഫൊക്കാനയുടെ തുടക്കം മുതല്‍ ഇന്നുവരെ നടപ്പിലാക്കിയ പദ്ധതികള്‍, നോര്‍ത്ത് അമേരിക്കയിലെ മലയാളി കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ കണ്‍വന്‍ഷനുകള്‍ എല്ലാം ജനശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ഫൊക്കാനയുടെ അടുത്ത അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലി ഫോര്‍ജ് റിസോര്‍ട്ടില്‍ നടക്കുകയാണ്. കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും,യുവജനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന കണ്‍വന്‍ഷനാണ് നടക്കുവാന്‍ പോകുന്നത്. അമേരിക്കന്‍ മണ്ണില്‍ വളര്‍ന്ന നൂറുകണക്കിന് പ്രതിഭകള്‍ നമുക്കുണ്ട്. വീട്ടമ്മമാര്‍, യുവജനങ്ങള്‍, കുട്ടികള്‍ അങ്ങനെ കഴിവുള്ള നിരവധി ആളുകളുടെ സംഗമ കേന്ദ്രം കൂടി ആകും ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍. കണ്‍വന്‍ഷനു മുന്നോടിയായി യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കായി നിരവധി മത്സരങ്ങള്‍ റീജിയന്‍ തലങ്ങളില്‍ സംഘടിപ്പിക്കുകയും നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ അവരെ ആദരിക്കുകയും ചെയ്യും. ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന് അമേരിക്കന്‍ മലയാളികളുടെ പരിപൂര്‍ണ്ണ സഹകരണമാണ് ഫൊക്കാന നാഷണല്‍ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. വിപുലമായ കണ്‍വന്‍ഷന്‍ കമ്മിറ്റി ഇതിനോടകം പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മികവുറ്റ കണ്‍വന്‍ഷന്‍ ആണ് ഫിലഡല്‍ഫിയയില്‍ നടക്കുക. ഫൊക്കാനയുടെ എല്ലാ അംഗ സംഘടനകളുടെയും, പ്രവര്‍ത്തകരുടെയും, അഭ്യുദയകാംഷികളുടെയും, മാധ്യമപ്രവര്‍ത്തകരുടെയും നിര്‍ലോഭമായ സഹകരണം ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റിക്ക് ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് .

ഒരിക്കല്‍ കൂടി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളിലേക്കും, കണ്‍വന്‍ഷനിലേക്കും എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

മാധവന്‍ ബി. നായര്‍
കണ്‍വന്‍ഷന്‍ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക