Image

എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ അജന്‍ഡ നടപ്പാക്കുവാനുള്ള ശ്രമം വിജയിക്കുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 October, 2017
എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ അജന്‍ഡ നടപ്പാക്കുവാനുള്ള ശ്രമം വിജയിക്കുമോ? (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: രാഷ്ട്രീയത്തില്‍ അധികാരം കൈയാളുന്നവര്‍ എതിരാളികളെ നേരിടുമ്പോള്‍ മേല്‍ക്കൈ തങ്ങള്‍ക്കാണെന്ന് തെളിയിക്കുവാന്‍ പല ശ്രമങ്ങളും, നടത്താറുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ എക്‌സ്‌ക്യൂട്ടീവ് ഓര്‍ഡറുകളെ, ആശ്രയിക്കുന്നു. മുന്‍ പ്രസിഡന്റ് ബരാക്കാ ഒബാമ ഈ മാര്‍ഗം സ്വീകരിച്ചു. പ്രത്യേകിച്ച് രണ്ടാമൂഴത്തിന്റെ അവസാന രണ്ടു വര്‍ഷം ഈ പ്രവണത വര്‍ധിച്ചതായി കാണപ്പെട്ടു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. പ്രസിഡന്റുമാരെ സംബന്ധിച്ചിടത്തോളം അവസാന രണ്ടു വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. മിക്കപ്പോഴും സെനറ്റും, ജനപ്രതിനിധി സഭയും എതിര്‍പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. ഒബാമയും ഇങ്ങനെ പരീക്ഷിക്കപ്പെട്ടപ്പോഴാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുവാന്‍ ആരംഭിച്ചത്. സാധാരണ സംഭവിക്കാറുള്ളത് പോലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ നടപടിയിലൂടെ പ്രസിഡന്റ് അധികാര പരിധി ലംഘിച്ചുവോ എന്ന ചോദ്യം പല കോണുകളില്‍ നിന്നുയര്‍ന്നു. ഡാക കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടു.
പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് ഒന്‍പത് മാസം ഭരണത്തില്‍ പിന്നിട്ടതേയുള്ളൂ. ട്രമ്പ് പുറപ്പെടുവിക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുവാനും തനിക്കാണ് മേല്‍ക്കൈ എന്ന് എതിരാളികളെ ബോധ്യപ്പെടുത്തുവാനുമുള്ള ശ്രമങ്ങളാണെന്ന് വിമര്‍ശകര്‍ പറയുന്നു. സബിസിഡികളുടെ ഭാരം യഥാര്‍ത്ഥത്തില്‍ ചുമക്കുക സാധാരണക്കാരായ ജനങ്ങളാണ്. പക്ഷെ സബ്‌സിഡി നല്‍കും എന്ന പ്രഖ്യാപനം പൊതുജന പ്രീതി എക്കാലത്തും നേടിയിട്ടുണ്ട്. അഫോഡബിള്‍ കെയര്‍ ആക്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡികള്‍ പലതും താന്‍ നിര്‍ത്തലാക്കുകയാണ് എന്ന് ട്രമ്പ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഈ നീക്കം ഡെമോക്രാറ്റുകളെ താന്‍ ഉദ്ദേശിക്കുന്ന ഹെല്‍ത്ത് കെയര്‍ നിയമ അഴിച്ചു പണി ശ്രമത്തിന് പിന്തുണ നല്‍കാന്‍ പ്രേരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

ഡാമ നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഇത് തുടരാന്‍ തയാറാണെന്ന് ട്രമ്പ് പറഞ്ഞു. പക്ഷെ പകരം തടസ്സപ്പെട്ടുകിടക്കുന്ന തനിക്ക് പ്രിയപ്പെട്ട നിയമങ്ങള്‍ പാസ്സാക്കുവാന്‍ കോണ്‍ഗ്രസ് താല്‍പര്യം കാട്ടണമെന്ന് ആവശ്യപ്പെട്ടു. ഇവയില്‍ അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തി മതിലിന്റെ ഫണ്ടിംഗ് പ്രധാന ഇനമാണ്. ഇറാനുമായുള്ള ന്യൂക്ലിയര്‍ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുകയാണെന്ന പ്രഖ്യാപനത്തിനും അനുബന്ധം ഉണ്ടായി. കോണ്‍ഗ്രസ് പുതിയ നിബന്ധനകള്‍ അംഗീകരിക്കുകയാണെങ്കില്‍ ഉടമ്പടിയില്‍ തുടരുന്ന കാര്യം പരിഗണിക്കാം എന്ന് വിശദീകരിച്ചു.
ഒരു ഡീല്‍മേക്കറായി പ്രസിദ്ധനായ ട്രമ്പ് ഗോഡ്ഫാദറിലെ പോലെ മേക്ക്ഹിം ആന്‍ ഓഫര്‍ ഹി കനോട്ട് റെഫ്യൂസ് പയറ്റി നോക്കുകയാണെന്നും എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇതിന് അപകട സാധ്യത കൂടുതലാണെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. സബ്‌സിഡ് നല്‍കുമ്പോള്‍ ആ ചെലവ് നികത്താന്‍ പുതിയ നികുതികള്‍ ചുമത്തേണ്ടി വരും. ഈ ഭാരം ബിസിനസുകാരും കോണ്‍ട്രാക്ടര്‍മാരും കച്ചവടക്കാരും പ്രൊഫഷ്ണല്‍സും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂട്ടിയാണ് വഹിക്കുന്നത്. ഉപഭോക്താവിന്റെ ചുമലില്‍ തന്നെയാണ് ഭാരം ഇറക്കി വയ്ക്കുക. പക്ഷെ സബ്‌സിഡികള്‍ നിറുത്തലാക്കുന്നു എന്ന പ്രഖ്യാപനം ഉടനടി ക്ഷണിച്ചുവരുത്തുന്നത് ശക്തമായ പ്രതിഷേധമാണ്. കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ട ഡാകയുടെ ഭാവി അനിശ്ചിതത്തിലാണ്. പകരം ഒരു നിയമം പാസ്സാക്കുകയാണ് വേണ്ടത്.

തന്റെ അജന്‍ഡയിലെ ഇനങ്ങള്‍ കോണ്‍ഗ്രസില്‍ സംഭവം നേരിടുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ വഴി ഇവ നടപ്പാക്കുവാന്‍ ശ്രമിക്കുന്നത് വഞ്ചനയാണെന്ന് എതിരാളികള്‍ ആരോപിക്കുന്നു. മുന്‍ പ്രസിഡന്റ് ഒബാമ ഇങ്ങനെ ചക്രവര്‍ത്തി എന്നും രാജാവ് എന്നും ഒക്കെ വിശേഷിപ്പിച്ചതും അവര്‍ ഓര്‍പ്പിക്കുന്നു. ട്രമ്പിന്റെ കാര്യം വ്യത്യസ്തമാണ്. രണ്ട് സഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും തനിക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ സ്വയം ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഈ നില തുടര്‍ന്നാല്‍ കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പുറപ്പെടുവിച്ച പ്രസിഡന്റായി ട്രമ്പ് മാറും.

എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ അജന്‍ഡ നടപ്പാക്കുവാനുള്ള ശ്രമം വിജയിക്കുമോ? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക