Image

ദീപാവലി മാഹാത്മ്യവും ട്രംപ്, ട്രൂഡോ വാര്‍ത്താ വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)

Published on 18 October, 2017
ദീപാവലി മാഹാത്മ്യവും ട്രംപ്, ട്രൂഡോ വാര്‍ത്താ വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)
തിന്‍മയുടെ മേല്‍ നന്‍മയുടെ വിജയം ഓര്‍മിപ്പിക്കുന്ന ദീപാവലിയാണിന്ന്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യക്കാരേക്കാള്‍ മുമ്പ് ദീപാവലി ആഘോഷിച്ചു. വൈറ്റ് ഹൗസിലാണ് പതിവ് തെറ്റിക്കാതെ ഇത്തവണയും ദീപാവലി ആഘോഷങ്ങള്‍ നടന്നത്. ട്രംപിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ആഘോഷങ്ങള്‍. ഇന്ത്യന്‍-അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹെയ്‌ലി, സീമ വെര്‍മ്മ എന്നിവര്‍ക്കൊപ്പം ഓവല്‍ ഹൗസിലായിരുന്നു ട്രംപിന്റെ ആഘോഷങ്ങള്‍. ഉപദേഷ്ടാവും മകളുമായ ഇവാങ്കാ ട്രംപും പങ്കുചേര്‍ന്നു. ഇവര്‍ക്ക് പുറമെ, യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അജിത് പൈ, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തു. ട്രംപ് സ്ഥാനാര്‍ത്ഥിയായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ദിനത്തില്‍ മകള്‍ ഇവാങ്ക വിര്‍ജീനിയയിലും ഫ്‌ളോറിഡയിലുമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒബാമയും നേരത്തെ ദീപാവലി ആഘോഷങ്ങള്‍ നടത്തിയിരുന്നു.
**
ഇനി കാനഡയില്‍ നിന്നുള്ള ഒരു ദീപാവലി വാര്‍ത്ത. ദീപാവലി ആശംസയുടെ പേരില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിമര്‍ശനവിധേയനായയതാണത്. "ദിപാവലി മുബാറക്' എന്ന് ട്രൂഡോ ട്വിറ്ററില്‍ കുറിച്ചതാണ് ഒരുകൂട്ടം ഇന്ത്യക്കാരെ പ്രകോപിപ്പിച്ചത്. ""ദിപാവലി മുബാറക്..! ഇന്നു രാത്രി നമ്മള്‍ ഒട്ടാവയില്‍ ആഘോഷിക്കും...ഹാപ്പി ദീപാവലി...'' എന്നായിരുന്നു ട്രൂഡോയുടെ ട്വീറ്റ്. അറബിക് വാക്കായ മുബാറക് എന്നതു തിരുത്താനാവശ്യപ്പെട്ട് ആ ട്വീറ്റിനു കീഴില്‍ ചിലര്‍ രംഗത്തുവരികയായിരുന്നു. ദീപാവലിയെക്കുറിച്ച് പറയുമ്പോള്‍ മുബാറക് എന്നു പറയരുത്. മുബാറക് എന്നത് ഇന്ത്യന്‍ വാക്കല്ലെന്നും ചിലര്‍ പറയുന്നു.

അതേസമയം, ആഘോഷങ്ങളുടെ സ്പിരിറ്റ് ഏറ്റെടുക്കുകയാണ് വേണ്ടത് അല്ലാതെ ഭാഷയുടെ പേരിലുള്ള ഇത്തരം വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്നാണ് മറ്റൊരു വാദം. ഇന്ത്യന്‍ ആഘോഷങ്ങളില്‍ പങ്കുചേരുന്ന ട്രൂഡോ നേരത്തെയും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ട്രൂഡോ ടൊറന്റോയിലെ ബി.എ.പി.എസ് സ്വാമിനാരായണന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു. ആഗസ്റ്റില്‍ കാനഡയിലെ ഇന്ത്യക്കാര്‍ നടത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ആഘോഷങ്ങളിലും അദ്ദേഹം പങ്കുചേര്‍ന്നിരുന്നു. ""ജയ് ഹിന്ദ്'' എന്നു പറഞ്ഞാണ് അദ്ദേഹം അന്നു തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
**
ദീപാവലിക്ക് പടക്കം നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ പടക്കം വിതരണം ചെയ്ത് ഡല്‍ഹിയില്‍ ബി.ജെ.പി നേതാവും വാര്‍ത്ത സൃഷ്ടിച്ചു. ദീപാവലിക്ക് പടക്കം നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ ഹരിനഗറിലുള്ള കുട്ടികള്‍ക്ക് പടക്കം വിതരണം ചെയ്തത് ബി.ജെ.പി നേതാവ് തേജീന്ദര്‍ ബാഗയാണ്. പടക്കം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ബാഗ ട്വിറ്ററില്‍ പുറത്തുവിടുകയും ചെയ്തു. ഡല്‍ഹിക്ക് പുറത്ത് നിന്ന് വാങ്ങിയ പടക്കമാണ് വിതരണം ചെയ്തതെന്ന് ബാഗ പറഞ്ഞു. ഡല്‍ഹി ബി.ജെ.പി വക്താവാണ് തേജീന്ദര്‍ ബാഗ. ദീപാവലിക്ക് തൊട്ടുമുമ്പെ പടക്ക വില്‍പന നിരോധിച്ചത് ഹിന്ദു ആഘോഷങ്ങളെ ലക്ഷ്യമിടുന്നത് കൊണ്ടാണെന്ന് ബാഗ പറഞ്ഞു.

തേജീന്ദറിന്റെ നടപടിക്ക് പിന്നാലെ കോടതി ഉത്തരവിനെ വെല്ലുവിളിച്ച് കൊണ്ട് സുപ്രീംകോടതിക്ക് സമീപം ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നവംബര്‍ ഒന്നുവരെ ഡല്‍ഹിയില്‍ പടക്കം വില്‍ക്കുന്നതിനാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം ഡഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് അന്ന് അന്തരീക്ഷ മലിനീകരണത്തിന് ശമനമുണ്ടായത്. ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാണ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും പടക്കം നിരോധിച്ചിട്ടുണ്ട്. ഇതിനിടെ, പടക്കവില്‍പന തടയുന്നതില്‍ പരാജയപ്പെട്ടെന്നുകാട്ടി ഡല്‍ഹിയില്‍ രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. മംഗള്‍പുരി സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ പടക്ക വില്‍പന നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് സസ് പെന്‍ഷന്‍. പടക്കം വിറ്റ കടക്കാരനും പിടിയിലായി.
***
സംഭവങ്ങളിങ്ങനെ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ദീപാവലിയുടെ മാഹാത്മ്യവും അറിയേണ്ടതുണ്ട്. ദീപാവലി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനവിഭാഗം കൊണ്ടാടുന്ന മഹോത്സവമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ദീപങ്ങളുടെ ആവലിയാണ്, അതായത് ദീപങ്ങളുടെ നിരയാണ് ദീപാവലി. തുലാമാസത്തിലെ ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹ്യപരമായും ആത്മീയസംബന്ധമായും പല കഥകള്‍ പ്രചാരത്തിലുണ്ട്. നരകാസുരനെ ഭഗവാന്‍ മഹാവിഷ്ണു നിഗ്രഹിച്ചുവെന്നുള്ളതാണ്. പത്‌നി ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തിലാണ് ഭഗവാന്‍ ഈ കൃത്യം നിര്‍വഹിച്ചതത്രേ. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ധിയായിരുന്നു. അതോടെ ആ ദിനം നരകചതുര്‍ദ്ധിയെന്നും അറിയപ്പെട്ടു.

ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന അസുരനായിരുന്നു നരകാസുരന്‍. പണ്ട് ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ സ്വന്തം ശരീര ബലത്താല്‍ അഹങ്കരിച്ച് ഭൂമിയിലുള്ളവരേയും ദേവലോകത്തുള്ളവരേയും ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ച് സ്വന്തം ഗദാ പ്രയോഗത്താല്‍ അവന്‍ സമുദ്രമാകെ ഇളക്കി മറിച്ചു. ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവന്‍ മഹാവിഷ്ണുവിന്റെ മുന്‍പില്‍ ചെന്ന് സങ്കടം പറഞ്ഞു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാന്‍ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷന്‍ പെട്ടെന്ന് തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു കടന്നത്. ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി പ്രസവിക്കുകയും ചെയ്തു. അതിലുണ്ടായ പുത്രനാണ് നരകാസുരന്‍

ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാന്‍ അവന് നരകന്‍ എന്നു പേരിട്ടു. തുടര്‍ന്ന് ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്‌നി സമേതനായ മഹാവിഷ്ണുവിനാല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്ന വരവും കൊടുത്തു.

വരം ലഭിച്ചതിനാല്‍ മഹാ അഹങ്കാരിയായ നരകാസുരന്‍ ദേവന്‍മാര്‍ക്കും ഒരു തലവേദനയായി തീര്‍ന്നു. സ്ത്രീകളെ അതിക്രമിക്കുകയും ദേവന്‍മാരെ ഉപദ്രവിക്കലും ഒരു വിനോദമാക്കി മാറ്റി. ഒരു ദിവസം ഇന്ദ്രലോകത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് ഇന്ദ്രന്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാന്‍ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായി പ്രാഗ്‌ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാന്‍ നരകാസുരനെ വധിച്ചത്. നരകാസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്.

രാവണ നിഗ്രഹവുമായി ദീപാവലിക്ക് ബന്ധമുണ്ടെന്നും ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ രാവണ നിഗ്രഹം കഴിഞ്ഞ് ഭഗവാന്‍ ശ്രീരാമനും പത്‌നി സീതാ ദേവിയും അയോധ്യയിലേയ്ക്ക് മടങ്ങിയ ദിവസമാണ് ഇതെന്നും മറ്റൊരു ഐതീഹ്യമുണ്ട്. ശ്രീരാമന്റേയും സീതാ ദേവിയുടേയും മടങ്ങി വരവിനെ ജനങ്ങള്‍ ദീപങ്ങള്‍ കൊളുത്തിയാണ് സ്വീകരിച്ചതെന്നും ഐതീഹ്യങ്ങള്‍ പറയുന്നുണ്ട്. ദീപാവലി ആഘോഷം ഹിന്ദു ജൈന-സിഖ് മതാവലംബികളായവരുടെ പുണ്യദിനമാണ് ചിലയിടങ്ങളിലെങ്കില്‍ അഞ്ച് ദിവസം വരെ ചില (ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍) ആഘോഷിക്കുന്നവരുമുണ്ട്. ധനത്രയോദശി (ധന്‍തേരസ്) നരകചതുര്‍ദശി, അമാവാസി, ബലിപ്രതിപദം, ഭ്രാതൃദ്വിതീയ എന്നിങ്ങനെയാണ് അഞ്ചുദിവസങ്ങളുടെ പ്രത്യേകത.

ജ്ഞാനദീപം പ്രദീപ്തമാക്കുന്ന ഉത്സവദിവസമായ ദീപാവലി നാളില്‍ പ്രകാശമില്ലാത്ത ഒരിടവും ഉണ്ടാകരുതെന്നാണ് വിശ്വാസം. ഐശ്വര്യദേവതയായ മഹാലക്ഷ്മി എല്ലാ വീടുകളിലും സന്ദര്‍ശിക്കുമെന്നും നിറമനസോടെ സ്വീകരിക്കുന്ന ഭവനങ്ങളില്‍ ഭവാനി ആ വര്‍ഷം മുഴുവന്‍ അധിവസിച്ച് സമ്പത്തും ഐശ്വര്യവും നല്‍കുന്നുവെന്നാണ് ഐതിഹ്യം. ഭവാനിയാണല്ലോ ഭവനങ്ങളുടെ ഐശ്വര്യം നിലനിര്‍ത്തുന്നത്. വ്യാപാരികള്‍ കച്ചവടത്തിന്റെ അഭിവൃദ്ധിക്കായി കടകള്‍ അലങ്കരിച്ച് ദീപപ്രഭയാല്‍ രാത്രിയും തുറന്നുവയ്ക്കാറുള്ളത് ഇതുകൊണ്ടാണ്. സംസ് കാരത്തിന്റെ സംരക്ഷണവും പോഷണവുമാണല്ലോ ആഘോഷങ്ങളുടെ മുഖ്യധര്‍മ്മം. ദീപാവലി ആഘോഷത്തിലൂടെയും ആ ധര്‍മം നിറവേറ്റപ്പെടുന്നു. ""ഹാപ്പി ദീപാവലി...''
Join WhatsApp News
thomman 2017-10-18 07:58:34
Our great FOKANA leaders were not invited to the White House Party? They should have been invited.  We have to file a complaint against this disgrace...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക