Image

ജന്മ സാഫല്യം (കവിത: ജയന്‍ വര്‍ഗീസ്)

Published on 18 October, 2017
ജന്മ സാഫല്യം (കവിത: ജയന്‍ വര്‍ഗീസ്)
പഞ്ചഭൂതങ്ങളേ, നിങ്ങളാം പജ്ഞരം
എന്തിനായെന്നെ ഉണര്‍ത്തി?
ഹന്ത! യടങ്ങാത്ത മോഹ ഭാംഗങ്ങളില്‍
എന്തിനായെന്നെ മയക്കി?

ഏതോ അനന്തമാം താളവിസ്മൃതി തന്‍
ധൂളിയായ് ഞാനുറങ്ങുന്‌പോള്‍,
കാലമാം സന്ദേശ വാഹകന്‍ വന്നെന്റെ
കാതില്‍പ്പറഞ്ഞൊന്നുണരാന്‍!

ഭ്രൂണമായ്, ബീജമായ്, രൂപമായ്, ഭാവമായ്
ഞാനാം സമസ്യ വളര്‍ന്നു!
' അന്നം ഹി ഭൂതാനാം ജേഷ്ഠ ' മെന്‍ ചുറ്റിലും
സന്നാഹമായി വന്നെത്തി;

അഗ്‌നിയായ്, ജലമായ്, വായുവായ്, പൃഥിയായ്,
ആകാശമായി നിറയുന്‌പോള്‍,
സ്ഥൂല പ്രപഞ്ച പരിച്ഛേദമെന്നിലെ
സൂഷ്മ സഞ്ജീവനി നീയല്ലോ?

നിന്റെ പ്രസാദ നിഗൂഢത ചൂഴുമീ,
മന്വന്തരങ്ങളിലൊന്നില്‍,
എന്നെ നീ നിര്‍ത്തി, യൊരു ചെറു നാളമായ്
നിന്റെ പ്രകാശം പരത്താന്‍?!

ഒന്നുമേയല്ല ഞാനെങ്കിലുമീ യുഗ
മൊന്നിച്ചു നമ്മള്‍ തുഴഞ്ഞു!
എന്റെ വെറും മുളം തണ്ടിന്റെ പാഴ് ശ്രുതി
മില്ലേനിയങ്ങള്‍ കടന്നു!

എന്താനെനിക്കൊരു യോഗ്യത? പാഴ് മുളം
തണ്ടല്ലേ? കേവല ധൂളിയല്ലേ?
എന്നിട്ടും നിന്‍ ചുണ്ടില്‍ ചേര്‍ത്തുനീ, ഭൂപാള
ഗന്ധര്‍വ ഗാനമെനിക്ക് നല്‍കി!

മണ്ണിന്റെ മാറില്‍ വിടര്‍ന്നു നില്‍ക്കാനൊരു
ചെന്പനീര്‍പ്പൂവാക്കി യെന്നെ മാറ്റി!
ഇത്തിരിച്ചേലും, സുഗന്ധവുമായിയെന്‍
സത്തയിലെന്നും വിരുന്നു വന്നു!

ഒന്ന് ഞാന്‍ ചൊല്ലുന്നു, നിന്നെ മറന്നൊരു
സ്വര്‍ല്ലോകം പോലുമെനിക്ക് വേണ്ട!
ഒന്നായ്, അനശ്വര സംഗീത ബിന്ദുവായ്
നിന്നിലലിയാ, നെനിക്ക് മോഹം!!

ഉജ്ജ്വലിക്കട്ടെ നീ, യെന്‍ വിളക്കില്‍,സ്വച്ഛ
സംഗീതമാവട്ടെ യെന്‍ വീണയില്‍!
നിത്യം വിടര്‍ന്നു വിലസട്ടെ, നന്മയാ
മിത്തിരി വെട്ടമീ മണ്‍ ചിരാതില്‍!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക