Image

ബിഷപ്പ് തോമസ് കെ.ഉമ്മനെതിരേ ബിലീവേഴ്സ് ചര്‍ച്ച് ക്രിമിനല്‍ മാനനഷ്ടകേസ് നല്‍കി

Published on 18 October, 2017
ബിഷപ്പ് തോമസ് കെ.ഉമ്മനെതിരേ ബിലീവേഴ്സ് ചര്‍ച്ച് ക്രിമിനല്‍ മാനനഷ്ടകേസ് നല്‍കി
കോട്ടയം: സി.എസ്.െഎ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മനെതിരേ ബിലീവേഴ്സ് ചര്‍ച്ച് ക്രിമിനല്‍ മാനനഷ്ടകേസ് നല്‍കി. ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തയെയും സഭയെയും അദ്ദേഹം വാഴിച്ച ബിഷപ്പുമാരേയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയതിനെതിരേയാണ് കേസ്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്.

2003-ലാണ് കെ.പി.യോഹന്നാനെ ബിഷപ്പായി വാഴിച്ചതെന്ന് ബിലീവേഴ്സ് ചര്‍ച്ച് നിരണം ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പ് ജോജു മാത്യൂസ് നല്‍കിയപരാതിയില്‍ പറയുന്നു. സി.എസ്.െഎ. സഭയുടെ അന്നത്തെ മോഡറേറ്റര്‍ ബിഷപ്പ് ഡോ.കെ.ജെ.ശാമുവേലിന്റെ കാര്‍മികത്വത്തിലാണ് വാഴിച്ചത്. ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തതായി സഭാവക്താവ് ഫാ.സിജോപന്തപ്പള്ളില്‍ പറഞ്ഞു. കെ.പി.യോഹന്നാനെ ബിഷപ്പായി സി.എസ്.െഎ. സഭ ഒരിക്കലും പരിഗണിച്ചിട്ടില്ലെന്നാണ് ബിഷപ്പ് തോമസ് കെ.ഉമ്മന്റെ ആരോപണം.

2013-ല്‍ എപ്പിസ്‌കോപ്പസിയുടെ പത്താംവാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഇറക്കിയ പ്രത്യേക സുവനീറില്‍ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തയെ പുകഴ്ത്തിയും വാര്‍ഷികാഘോഷങ്ങളുടെ സന്തോഷം പങ്കുവെച്ചും ബിഷപ്പ് തോമസ് കെ.ഉമ്മന്‍ ആശംസ നേര്‍ന്നിരുന്നതായും പരാതിയില്‍ പറയുന്നു. സി.എസ്.െഎ.മോഡറേറ്ററുടെ ഭാര്യ 2010 വരെ ബിലീവേഴ്സ് ചര്‍ച്ച് സെമിനാരിയില്‍ വേദാധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നതായും പറയുന്നു. 99 മുതല്‍ പതിനൊന്നുവര്‍ഷം വേദാധ്യാപികയായിരുന്നതായി ബിഷപ്പ് ജോജുമാത്യു പറഞ്ഞു. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക