Image

സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ഡിജിപി ഹേമചന്ദ്രന്‍ കത്തു നല്‍കി

Published on 18 October, 2017
സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ഡിജിപി ഹേമചന്ദ്രന്‍ കത്തു നല്‍കി

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഡിജിപി എ ഹേമചന്ദ്രന്‍ പൊലീസ്‌ മേധാവിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്കും കത്തു നല്‍കി. അന്വേഷണത്തില്‍ വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്ത്‌ ഭവിഷ്യത്തും നേരിടാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നുണ്ട്‌. മറ്റ്‌ ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നും ഹേമചന്ദ്രന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സ്ഥലം മാറ്റിയ എസ്‌പിമാരായ റെജി ജേക്കബ്‌, വി അജിത്‌, ക ഐസ്‌ സുദര്‍ശന്‍, ഡിവൈഎസ്‌പി ജെയ്‌സണ്‍ കെ എബ്രഹാം എന്നിവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നാണ്‌ ഹേമചന്ദ്രന്റെ ആവശ്യം.

 സോളാര്‍ കേസ്‌ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ചുമതല തനിക്കായിരുന്നുവെന്നും താനാണ്‌ മറ്റ്‌ നാല്‌ പേരേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഹേമചന്ദ്രന്‍ കത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ മാത്രമാണ്‌ അവര്‍ ഇടപെട്ടത്‌. മറ്റൊരു വീഴ്‌ചയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഹേമചന്ദ്രന്‍ പറയുന്നു.

ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫീസില്‍ പ്രത്യേക ദൂതന്‍ വഴിയാണ്‌ കത്ത്‌ എത്തിച്ചത്‌. എന്നാല്‍ തുടര്‍നടപടിക്ക്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി തയ്യാറായില്ല . തുടര്‍ന്ന്‌ പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ അദ്ദേഹം കത്തു നല്‍കുകയായിരുന്നു. സര്‍ക്കാരിനെതിരെ കൂടുതല്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ പൊലീസ്‌ മേധാവിക്കും ചീഫ്‌ സെക്രട്ടറിക്കും കത്തു നല്‍കുമെന്നാണ്‌ വിവരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക