Image

നടിയെ ആക്രമിച്ച കേസില്‍ ദിലീപ്‌ ഒന്നാം പ്രതിയായേക്കും

Published on 18 October, 2017
 നടിയെ ആക്രമിച്ച കേസില്‍ ദിലീപ്‌ ഒന്നാം പ്രതിയായേക്കും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദീലിപ്‌ ഒന്നാം പ്രതിയായേക്കും. ഗൂഢാലോചന കൃത്യത്തില്‍ പങ്കെടുത്തതിന്‌ തുല്യമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്‌. 

നാളെ ആലുവ പൊലീസ്‌ ക്ലബ്ബില്‍ അന്വേഷണ സംഘം പ്രത്യേക യോഗം ചേര്‍ന്ന ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. ദിലീപിനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ്‌ സൂചന. കേസില്‍ നിലവില്‍ പതിനൊന്നാം പ്രതിയാണ്‌ ദിലീപ്‌.

അന്വേഷണ സംഘത്തിനൊപ്പം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും യോഗത്തില്‍ പങ്കെടുക്കും. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളാലും നാളെ നടക്കുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്‌ സംബന്ധിച്ച്‌ അന്വേഷണ സംഘത്തിനിടയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നതായാണ്‌ വിവരം.

കൃത്യത്തില്‍ പങ്കെടുത്ത കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക്‌ നടിയുമായി മുന്‍ വൈരാഗ്യമില്ല എന്നത്‌ അന്വേഷണ സംഘത്തിന്‍റെ പ്രധാന കണ്ടെത്തലുകളിലൊന്നാണ്‌. ദിലീപ്‌ പറഞ്ഞതനുസരിച്ച്‌ ക്വട്ടേഷന്‍ ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കുക മാത്രമാണ്‌ സുനി ചെയ്‌തത്‌. 

സുനിയുടേയും സംഘത്തിന്റേയും ഓരോ നീക്കങ്ങളും ദീലീപ്‌ കൃത്യമായി നിരീക്ഷിച്ചിരുന്നതായും അന്വേഷണ സംഘം വിലയിരുത്തുന്നു.
കേസിലാകെ പതിനൊന്ന്‌ പ്രതികളാണുള്ളത്‌. ദിലീപിനെതിരെ ഇരുപതോളം നിര്‍ണ്ണായക തെളിവുകളുണ്ടെന്നാണ്‌ അന്വേഷണ സംഘം പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക