Image

സ്റ്റേറ്റുകള്‍ നികുതി കുറയ്ക്കണമെന്ന് സ്പീക്കര്‍ പോള്‍ റയാന്‍ (ഏബ്രഹാം തോമസ്)

Published on 19 October, 2017
സ്റ്റേറ്റുകള്‍ നികുതി കുറയ്ക്കണമെന്ന് സ്പീക്കര്‍ പോള്‍ റയാന്‍ (ഏബ്രഹാം തോമസ്)
വാഷിങ്ടണ്‍ : ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു നികുതി നിയമങ്ങളുടെ അഴിച്ചുപണി. നികുതി നിയമങ്ങളും നികുതിദായകര്‍ക്ക് വരുമാന നികുതിയില്‍ നിന്ന് ലഭിക്കുന്ന ഇളവുകളും കഴിഞ്ഞ കുറെ മാസങ്ങളായി സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

ഭവന വായ്പയ്ക്ക് ഓരോ വര്‍ഷവും ഭവന ഉടമ അടയ്ക്കുന്ന പലിശയ്ക്കും ഭവനത്തിന് കൗണ്ടിയ്ക്ക് നല്‍കുന്ന നികുതിക്കും ഇളവ് ലഭിച്ചിരുന്നു. പുതിയ നിയമത്തില്‍ ഇവയില്‍ ഒന്നിന് ഇളവ് നല്‍കിയാല്‍ മതി എന്നാണ് ശുപാര്‍ശ. സംസ്ഥാനത്തിനും തദ്ദേശ ഭരണ സ്ഥാപനത്തിനും സാധനങ്ങള്‍ വാങ്ങുമ്പോഴും സേവനങ്ങള്‍ സ്വീകരിക്കുമ്പോഴും നല്‍കുന്ന നികുതിയ്ക്ക് നിലവിലെ നിയമത്തില്‍ വരുമാനത്തിന് നല്‍കുന്ന നികുതിയില്‍ ഇളവ് ലഭിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ സംസ്ഥാന നികുതിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നികുതിയും കൂടുതലാണ്. ഈ ഇളവുകള്‍ നിറുത്തലാക്കണമെന്ന് ഒരു നിര്‍ദേശമുണ്ട്.

നികുതി അഴിച്ചു പണി ലക്ഷ്യമിടുന്നത് 6 ട്രില്യണ്‍ ഡോളറിന്റെ അധിക വരുമാനം സൃഷ്ടിക്കുവാനാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ഈ നീക്കം എതിര്‍പ്പ് നേരിടുന്നു. പാര്‍ട്ടിക്ക് നികുതി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണ്. ഒരു വര്‍ഷത്തിനുശേഷം നടക്കുന്ന ഇടക്കാല പൊതു തിരഞ്ഞെടുപ്പിനുശേഷവും ഇരു സഭകളിലും ഇപ്പോഴുള്ള ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഈ നേട്ടം തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കാന്‍ നേതാക്കള്‍ക്ക് താല്‍പര്യമുണ്ട്. സാമ്പത്തിക വളര്‍ച്ചയില്‍ വലിയ നേട്ടം ഉണ്ടാക്കുവാന്‍ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിലൂടെ കഴിഞ്ഞു എന്ന് അവകാശപ്പെടാന്‍ പ്രസിഡന്റിനും വലിയ താല്പര്യമുണ്ട്.

ഉയര്‍ന്ന നികുതി നിരക്കുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും സെനറ്റര്‍മാരും റിപ്പബ്ലിക്കന്‍ നേതാക്കളെ കണ്ട് നികുതി നിര്‍ദേശങ്ങളില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ അറിയിച്ചു. ഒരു ഒത്തുതീര്‍പ്പിനുള്ള ശ്രമം ചില കോണുകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളെ ജന പ്രതിനിധി സഭ സ്പീക്കറും വിസ്‌കോണ്‍സിനില്‍ നിന്നുള്ള പ്രതിനിധിയുമായ പോള്‍ റയാന്‍ നിശിതമായി വിമര്‍ശിച്ചു. പ്രധാനമായും കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളാണ് വിമര്‍ശന വിധേയമായത്. ഉയര്‍ന്ന നികുതി നിരക്കുള്ള ഈ സംസ്ഥാനങ്ങളുടെ പിന്തുണ പുതിയ നിയമം പാസ്സാക്കാന്‍ ആവശ്യമാണ് എന്ന വസ്തുത റയാന്‍ വിസ്മരിച്ചു എന്ന് പറയാനാവില്ല. ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളെ ബിഗ് ഗവണ്‍മെന്റ് സ്റ്റേറ്റ്‌സ് എന്ന് റയാന്‍ വിശേഷിപ്പിച്ചു. ഇവ വലിയ നികുതി പിരിക്കുകയും വലിയ തോതില്‍ ചെലവഴിക്കുകയുമാണ് ചെയ്യുന്നത്. ഇവയെ സംരക്ഷിക്കുന്നത് നികുതി നിരക്കുകള്‍ കുറഞ്ഞ, സാമ്പത്തിക അച്ചടക്കം പാലിക്കുന്ന മറ്റ് സംസ്ഥാനങ്ങളാണ്. വലിയ നികുതി നിരക്കുകളുള്ള സംസ്ഥാനങ്ങള്‍ ഇവ കുറയ്ക്കണം, യാഥാസ്ഥിതിക സംഘടനയായ ഹെരിറ്റേജ് ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ റയാന്‍ പറഞ്ഞു.

എന്നാല്‍ കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ബില്യണുകള്‍ ഫെഡറല്‍ ഗവണ്‍മെന്റിന് നല്‍കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ന്യുയോര്‍ക്ക് നിവാസികള്‍ നല്‍കുന്ന ഓരോ ഡോളറിനും 81 സെന്റാണ് സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നത്. ന്യുജേഴ്‌സിക്ക് 74 സെന്റും കലിഫോര്‍ണിയക്ക് 96 സെന്റുമാണ്.

ഓരോ ഡോളറിനും തിരികെ ലഭിക്കുന്നത്. റോക്ക് ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗവണ്‍മെന്റ് നല്‍കിയതാണ് ഈ വിവരം.

സംസ്ഥാന, തദ്ദേശ നികുതികള്‍ നല്‍കിയതായി 4 കോടി 40 ലക്ഷം അമേരിക്കക്കാര്‍ അവകാശപ്പെടാറുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈ ഇളവ് നല്‍കിയത് മൂലം ഗവണ്‍മെന്റ് വരുമാനത്തില്‍ ഉണ്ടായ നഷ്ടം 1.3 ട്രില്യണ്‍ ഡോളറാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക