Image

ദിലീപിന് കൂനിന്‍മേല്‍ കുരുവായി വ്യാജരേഖ ചമയ്ക്കല്‍ വിവാദം (എ.എസ്)

Published on 19 October, 2017
ദിലീപിന് കൂനിന്‍മേല്‍ കുരുവായി വ്യാജരേഖ ചമയ്ക്കല്‍ വിവാദം (എ.എസ്)
ജാമ്യത്തില്‍ ഇറങ്ങിയിട്ടും നടന്‍ ദിലീപിന് സ്വസ്തമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ നിയമോപദേശം ലഭിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇന്നലെ രാത്രി അദ്ദേഹം ശബരിമലയിലെത്തി. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വ്യാജരേഖയുണ്ടാക്കല്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ "രാമലീല'യുടെ ലൊക്കേഷനില്‍ ആയിരിക്കെ, താന്‍ വൈറല്‍ പനി പിടിച്ചു കിടക്കുകയായിരുന്നുവെന്നാണ് നടന്‍ പോലീസിന് നല്‍കിയ മൊഴി. ഇതു തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകളും കൈമാറിയിരുന്നു. ഈ രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. ദിലീപിന് പനിയാണെന്ന് പറയുന്ന രാത്രി വൈകിയും ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഫെബ്രുവരി 14 മുതല്‍ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ് ദിലീപിന്റെ ആവശ്യപ്രകാം ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ നല്‍കിയതത്രേ. ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ദിവസങ്ങളില്‍ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടയില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദിലീപ് പങ്കെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു എന്ന വാദം തെറ്റാണെന്ന് പോലീസ് അനുമാനിക്കുന്നതായാണ് വാര്‍ത്തകള്‍.

എന്നാല്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ ഹൈദര്‍ അലി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ""ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം ആശുപത്രിയില്‍ എത്തി ദിലീപ് ചികിത്സ തേടി. അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും ദിലീപ് വൈകീട്ട് വീട്ടില്‍ പോകുമായിരുന്നു. പോലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ച് എന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്...'' എന്നാണ് ഡോക്ടര്‍ പറയുന്നത്. ഇതോടെ സംഭവത്തില്‍ പരക്കെ ആശയകുഴപ്പമായിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ നടനെ രക്ഷിക്കാന്‍ കൂടുതല്‍ തെളിവ് എന്ന നിലയില്‍ ദിലീപ് ഫാന്‍സ് ക്ലബ്ബ് ചില കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

നടിയെ തട്ടിക്കൊണ്ടുപോകല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തല്‍ ദിലീപ് ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖമാണ് ഒന്ന്. 13ന് ഷൂട്ടിങ് ലൊക്കേഷനില്‍ താന്‍ തളര്‍ന്നുവീണു. ആശുപത്രിയില്‍ ആയതോടെ ഷൂട്ടിങ് നിര്‍ത്തിയെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു. വൈറല്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അപ്പോള്‍ തന്നെ പലരെയും വിളിച്ചിരുന്നു. രമ്യ നമ്പീശനെയും നടിയുടെ അമ്മയേയും വിളിച്ചുവെന്നും ദിലീപ് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും കൂടെയുണ്ട്. ധൈര്യമായിരിക്കണമെന്നു പറഞ്ഞ് നടിയുടെ അമ്മയെ ആശ്വസിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സംഭവം തന്റെ നേരെയാണ് തിരിയുന്നതെന്ന് ബോധ്യമായതെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് കോതമംഗലത്ത് ഒരു വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ ദിലീപ് പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ അദ്ദേഹം വന്നില്ല. പകരമെത്തിയത് കലാഭവന്‍ ഷാജോണും കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ നായകന്‍ വിഷ്ണുവുമാണ്. പ്രാദേശിക ചാനല്‍ കെ.സി.വി ന്യൂസിന്റെ വാര്‍ത്തയില്‍ വിശദീകരിക്കുന്ന വീഡിയോ ആണ് ദിലീപ് ഫാന്‍സ് പുറത്തുവിട്ട തെളിവ്. ദിലീപിന് പനി ആയതിനാലാണ് ചടങ്ങിന് എത്താന്‍ സാധിക്കാത്തതെന്ന് ഷാജോണ്‍ പ്രസംഗത്തിനിടെ പറയുന്നുമുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപും ചടങ്ങിനെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. സമീപകാലത്ത് പോലീസ് തയ്യാറാക്കിയ കുറ്റമറ്റ കുറ്റപത്രമാകും സമര്‍പ്പിക്കുക. ഈ വേളയിലാണ് പുതിയ തെളിവുകള്‍ നടനെതിരേ കിട്ടിയെന്ന് പോലീസ് പറയുന്നത്. കുറ്റപത്രത്തിനൊപ്പം നേരിട്ടുള്ള തെളിവുകളുടേയും സാഹചര്യതെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പോലീസ് നല്‍കും. ഈ റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാവും ദിലീപിനെതിരേ ചുമത്തുക. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. പള്‍സര്‍ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരുള്‍പ്പെടെ നാലുപേരുടെ രഹസ്യമൊഴി മജിസ്ട്രേട്ടുമുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഇവര്‍ പിന്നീട് മൊഴിമാറ്റാതിരിക്കാനാണിത്. ഈ മൊഴികള്‍ ദിലീപിന് നിര്‍ണ്ണായകമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക