Image

സമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തം

ജോര്‍ജ് തുമ്പയില്‍ Published on 20 October, 2017
സമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തം
ഡാല്‍ട്ടണ്‍ (പോക്കണോസ് - പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ 27-ാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഇവിടെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ നടന്നു. ഒക്‌ടോബര്‍ 14 ശനിയാഴ്ച രാവിലെ 8.30 മുതല്‍ 4 വരെ നടന്ന കോണ്‍ഫറന്‍സില്‍ എഴുന്നൂറിലധികം പേര്‍ പങ്കെടുത്തു. ഇതൊരു സര്‍വ്വകാല റെക്കോര്‍ഡ് ആയി സംഘാടകര്‍ അവകാശപ്പെട്ടു. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിലും, സമാജം വൈസ് പ്രസിഡന്റ് ഫാ. സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി സാറാ വറുഗീസ്, ട്രഷറര്‍ ലിസി ഫിലിപ് എന്നിവരുടെ നേതൃത്വത്തിലും നടന്ന കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികന്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജെറി ജോണ്‍ മാത്യു ആമ്പല്ലൂര്‍ ആയിരുന്നു.

ഭദ്രാസന മിനിസ്ട്രി ആയ 'ഗ്രോ' (God Renewing Orthodox Women) യുടെ കോണ്‍ഫറന്‍സിന് ശേഷം ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ നടന്ന ഏറ്റവും വലിയ കോണ്‍ഫറന്‍സ് എന്ന നിലയില്‍ കരോളീന മുതല്‍ ബോസ്റ്റണ്‍ വരെയുള്ള പള്ളികളില്‍ നിന്ന് ആബാലവൃദ്ധം ജനങ്ങള്‍ ഉത്സാഹപുരസരമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ വികാരിമാരുടെ നേതൃത്വത്തില്‍ ബസുകള്‍ വാടകയ്‌ക്കെടുത്തും എത്തിയത്.

രജിസ്‌ട്രേഷനും പ്രഭാതഭക്ഷണത്തിനും ശേഷം, ബൃഹത്തായ റിട്രീറ്റ് സെന്ററിലെ ജിംനേഷ്യത്തില്‍ തയ്യാറാക്കിയിരുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ചിട്ടയാര്‍ന്ന രീതിയില്‍ പ്രോഗ്രാമുകള്‍ക്ക് തുടക്കമായി. വെസ്റ്റ് ചെസ്റ്റര്‍ റീജിയണില്‍ നിന്നുള്ള ഗായകസംഘത്തിന്റെ ഗാനാലാപനങ്ങള്‍ക്കും  നമസ്‌ക്കാരത്തിനും ശേഷം  ജയദാസ് (സെന്റ് സ്റ്റീഫന്‍സ്, മിഡ്‌ലാന്‍ഡ് പാര്‍ക്ക്, ന്യൂജേഴ്‌സി) വേദപുസ്തകഭാഗം വായിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ഫാ. സണ്ണി ജോസഫ് സ്വാഗതമാശംസിച്ചു. പിന്നീട് ജിനു എലിസബത്ത് പീറ്റര്‍ (ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ്( ഡിവോഷണല്‍ പ്രസംഗം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിന്റെ തുടക്കത്തില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്താ 'നിങ്ങളുടെ പുതിയ ആത്മീയ ഭവനത്തിലേക്ക് സ്വാഗതം' എന്ന് പറഞ്ഞാണ് തുടങ്ങിയത്. ഈ ആത്മീയ ഭവനം ദൂരത്താണ് എന്ന ഒരു കമന്റ് കേട്ടു. ദൂരത്തിന് ആരാണ് പരിധി നിശ്ചയിക്കുന്നത്? എവിടെ നിന്നാണ് ദൂരത്തിന്റെ അളവ് തുടങ്ങുന്നത്? ഇതൊരു ഷോപ്പിംഗ് സെന്റര്‍ അല്ല. മന്‍ഹാട്ടനിലോ, വാഷിംഗ്ടണ്‍ ഡി.സിയിലോ ഈ റിട്രീറ്റ് സെന്റര്‍ സാധ്യമാകുമോ? പോക്കൊണോസിലെ ഈ മനോഹര ഭൂപ്രദേശത്തേക്ക് എവിടെ നിന്നായാലും ദൂരം ഒരു പ്രശ്‌നമേയല്ല. പരിധി വിട്ട ദൂരമോ, ഓടിയെത്താന്‍ പറ്റാത്തതോ ആയ ദൂരമോ ഇവിടെയില്ല.

റിട്രീറ്റ് സെന്ററിന് വേണ്ടി സമാജം ഒരു ലക്ഷം  ഡോളര്‍ തന്നത് കൃതജ്ഞതാപുരസ്സരം സ്മരിക്കുന്നു. (മുമ്പ് മട്ടണ്‍ടൗണ്‍ അരമന വാങ്ങിയപ്പോഴും സമാജം ഒരു ലക്ഷം ഡോളര്‍ കൊടുത്തിരുന്നു). ഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം സാദ്ധ്യതകളുടെ ഒരു നിരയാണ് നമുക്ക് മുന്നിലുള്ളത്. പക്ഷെ, ആഗ്രഹം വേണം, സന്നദ്ധത വേണം. ഈ റിട്രീറ്റ് സെന്ററിനെ തികച്ചും ഒരു റിട്രീറ്റ് സെന്റര്‍ ആയി മാറ്റി എടുക്കുവാന്‍ എല്ലാവരും സഹകരിക്കണം. വിവിധങ്ങളായ പദ്ധതികളിലൂടെ പരിപാടികളിലൂടെ  എല്ലാവര്‍ക്കും ഇതില്‍ ഭാഗഭാക്കാകുവാന്‍ കഴിയും.

തുടര്‍ന്ന് മാര്‍ നിക്കോളോവോസ് ചിന്താവിഷയമായ 'തിന്മയോട് തോല്ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക'' (റോമര്‍ 12:21) എന്ന വിഷയത്തില്‍ ഊന്നി സംസാരിച്ചു. നമുക്ക് ചുറ്റും തിന്മയുടെ അംശം അനിയന്ത്രിതമായി വളര്‍ച്ച പ്രാപിച്ചു വരികയാണ്. അഴിമതി എല്ലാവരും ചെയ്യുന്നു. അപ്പോള്‍ തെറ്റോ ശരിയോ എന്നതിലുപരി ചെയ്യുന്ന ദുഷ്‌കര്‍മ്മങ്ങളെയെല്ലാം ന്യായീകരിക്കുന്ന വാദഗതിയാണ് നാം കാണുന്നത്. വി. പൗലൂസ് അപ്പോസ്‌തോലന്‍  പറഞ്ഞിട്ടുണ്ട്, തിന്മയ്ക്ക് അടിമപ്പെടരുത് എന്ന്. അതാണ് യഥാര്‍ത്ഥ ക്രൈസ്തവധര്‍മ്മം. നമുക്ക് മറ്റുള്ളവരുടെ കാര്യത്തിലാണ് ശ്രദ്ധ. നമ്മള്‍ തിന്മയെ എങ്ങിനെ കാണുന്നു എന്നതാണ് പ്രസക്തം. തിന്മയെ നേരിടാന്‍ നന്മ ആവശ്യമാണ്. നെസ്സസറി ഈവിള്‍- അനിവാര്യമായ തിന്മ- എന്നൊക്കെ പറയാറില്ലേ? ഇത് ലോകഗതിയാണ്. തിന്മയെ എതിര്‍ത്തു കൊണ്ട് നന്മയെ കൈവരിക്കുവാനുള്ള പ്രാപ്തിയും തിരിച്ചറിവും ഉണ്ടാവണം.

കീനോട്ട് സ്പീക്കറായ ഫാ. ജെറി ജോണ്‍ മാത്യു ആമ്പല്ലൂര്‍, പ്രൗഢഗംഭീരമായി, നര്‍മ്മത്തിന്റെ അകമ്പടിയോടെ ചിന്താവിഷയത്തിലൂന്നി സംസാരിച്ചു. 'കാത്തലിന്‍ ബെയ്‌ലി, ചാള്‍സ് ഡാര്‍വിന്‍, റോബര്‍ട്ട് ഫ്രോസ്റ്റ്, ലെസ് ബ്രൗണ്‍, വി. പൗലൂസ് ശ്‌ളീഹാ, അക്കിത്തം തുടങ്ങിയവരെയൊക്കെ ഉദ്ധരിച്ച് വേദപുസ്തകത്തിലധിഷ്ഠിതമായി വാക്കുകളെ കടഞ്ഞെടുത്താണ് ഫാ. ജെറി ജോണ്‍ മാത്യു ആമ്പല്ലൂര്‍ തന്റെ വിജ്ഞപ്തി പ്രസംഗം നടത്തിയത്. ജീവിതം ഒരു പോരാട്ടമാണ്. ഈ ലോകം ഒരു യുദ്ധഭൂമിയും. ജനിക്കുമ്പോള്‍ ആരംഭിക്കുന്നതും, മരിക്കുമ്പോള്‍ തീരുന്നതുമായ ഒരു പ്രക്രിയ അല്ല ജീവിതം എന്ന് മതങ്ങള്‍ പ്രഖ്യാപിച്ചു. ദൈവമാണ് സനാതനമായ ജീവിതലക്ഷ്യം എന്ന് മതങ്ങള്‍ പഠിപ്പിച്ചു. ശരിയായി വളരണമെങ്കില്‍, തെറ്റിനോട് അന്യമായ ഒരു ജീവിതശൈലി സ്വീകരിക്കണം. സണ്‍ഡേസ്‌കൂളില്‍ ഏദന്‍തോട്ടകഥ പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു കുട്ടി ചോദിച്ചത് പ്രസക്തമായ ഒരു ചോദ്യമായിരുന്നു. തോട്ടത്തിന് നടുവില്‍ നിന്ന മരം അത്രയ്ക്കും പ്രശ്‌നമുള്ളതാണെങ്കില്‍ എന്തിന് അവിടെ ഒരു മരം ദൈവം കൊണ്ട് വെച്ചു? മറ്റ് ന്യായവാദങ്ങള്‍ നിരത്താതെ തെറ്റിനെ തെറ്റായി കാണുവാന്‍ കഴിയണം. നാം നേരിടേണ്ടത് ലോകം തരുന്ന ജഡികതകളെയാണ്. പോര്‍ക്കളമായ ഒരു ലോകത്തിലാണ് ജീവിക്കുന്നതെന്ന സത്യം മനസിലാക്കണം. തിരുശേഷിപ്പുകളുടെ പുറകെയല്ല അവശേഷിപ്പുകളുടെ പുറകെയാണ് നാം ഓടേണ്ടത്.

നമ്മുടെ നിസംഗതയാണ് മറ്റൊരു കുറ്റവാളി. നമുക്കെല്ലാത്തിനോടും നിസംഗതയാണ്. തിന്മയോട് എതിരിടാതെ ജീവിച്ചിട്ടെന്ത് കാര്യം? തിന്മയോടുള്ള സമീപനത്തില്‍ മാതൃകയാക്കേണ്ട അനേക സ്ത്രീകളെപ്പറ്റി വി. വേദപുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ന്യായാധിപന്മാര്‍ 11: 29-40 വരെയുള്ള ഭാഗത്ത് പറയുന്ന ന്യായാധിപനായ ഇപ്താഹിന്റെ പുത്രിയുടെ കഥ, മക്കാബിയുടെ ഏഴാം അദ്ധ്യായത്തിലെ ശൂനിയുടെയും 7 മക്കളുടെയും കഥ, വി. മറിയത്തിന്റെ കഥ എന്നിവയൊക്കെ സവിസ്തരമായി പറഞ്ഞ് ജെറി അച്ചന്‍ കേഴ്‌വിക്കാരുടെ മനം കവര്‍ന്നു. ജീവിത സാഫല്യത്തിനായി ചില സമയങ്ങളില്‍ 'നോ' എന്ന് പറയേണ്ടി വരുമ്പോള്‍ ചാഞ്ചല്യപ്പെടരുത്. ഡയബെറ്റിസ് ഉള്ള ഒരാളുടെ മുന്നില്‍ ജിലേബി വന്നാല്‍, അത് വേണ്ട എന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തി മാത്രമാണ്. 'അസതോമാ സദ്ഗമയാ...' എന്ന് തുടങ്ങുന്ന സൂക്തം ചൊല്ലി ബുദ്ധമതം വന്നു. പക്ഷെ പിന്നീട് വന്ന ക്രിസ്തു പറഞ്ഞതെന്താണ്? ഇരുട്ടിലേക്ക് ഇറങ്ങി ചെല്ലുവാന്‍ കഴിയുന്ന ഒരു ക്രിസ്തീയ ധര്‍മ്മം, അഥവാ സത്യം - അതാണ് നാം പിന്‍തുടരേണ്ടത്.

ജെറി അച്ചന്റെ ചടുലവും പ്രൗഢവുമായ പ്രസംഗത്തിന് ശേഷം, സദസില്‍ നിന്ന് വന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാര്‍ അവരുടെ ടീം അംഗങ്ങളുമായി വന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദിവ്യബോധനം ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളെയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും സ്റ്റേജിലിരുത്തി ആദരിക്കുകയും കൗണ്‍സിലിന് വേണ്ടി സാജന്‍ മാത്യു വിശദമായ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തുകയും ചെയ്തു. റിട്രീറ്റ് സെന്ററിന്റെ തുടക്കം മുതലുള്ള ചരിത്രവും വരവ് ചിലവ് കണക്കുകളും ഭാവി പ്രോജക്ടുകളും സുതാര്യമായ രീതിയില്‍ സാജന്‍ മാത്യു അവതരിപ്പിച്ചു.
പിന്നീട് നടന്ന റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും നല്‍കി. ഒന്നാം സമ്മാനമായ 2 പവന്‍ സൂസന്‍ ചെറിയാനും (സെന്റ് തോമസ് ലെവിടൗണ്‍, ലോംഗ് ഐലന്റ്), രണ്ടാം സമ്മാനമായ 1 പവന്‍ ആഷ്‌ലി റെഞ്ചി (സെന്റ് ജോര്‍ജ് ഫെയര്‍ലസ് ഹില്‍സ്) മൂന്നാം സമ്മാനമായ 250 ഡോളര്‍ ഷിജുഅലക്‌സിനും (സെന്റ് തോമസ് അണ്‍റൂ അവന്യു) ലഭിച്ചു. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതിനുള്ള ട്രോഫി സെന്റ് തോമസ് അണ്‍റൂ അവന്യു ഫിലഡല്‍ഫിയയ്ക്ക് ലഭിച്ചു.
ഗായകസംഘത്തിന്റെ രണ്ടാംവട്ട ഗാനാലാപനത്തിനും   സ്‌തോത്രകാഴ്ചയ്ക്കുംശേഷം ഫോട്ടോ എടുത്തതിന്‌ശേഷം ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. എഴുന്നൂറിലധികം പേര്‍ക്ക് ഒരേസമയം, നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷണ വിതരണം നടത്തുവാന്‍ വിപുലമായ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.  ഒരു വലിയ സംഘം വോളണ്ടിയര്‍ ഗ്രൂപ്പ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്.

ഭക്ഷണത്തിനും വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള റിട്രീറ്റ് സെന്റര്‍ സന്ദര്‍ശനത്തിനും ശേഷം ബൈബിള്‍ ക്വിസ് മത്സരങ്ങളായിരുന്നു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ താഴെപ്പറയുന്ന പള്ളികള്‍ വിജയികളായി.
ഒന്നാം സമ്മാനം  - സെന്റ് തോമസ്, അണ്‍റൂ അവന്യൂ, ഫിലഡല്‍ഫിയ
നാല് രണ്ടാം സമ്മാനങ്ങള്‍-
1 സെന്റ് തോമസ്, യോങ്കേഴ്‌സ്
2 സെന്റ് തോമസ്, ലെവിറ്റ് ടൗണ്‍, ലോംഗ് ഐലന്റ്
3. സെന്റ് ഗ്രിഗോറിയോസ് ക്ലിഫ്ടണ്‍ ന്യൂജേഴ്‌സി
4. സെന്റ് ജോണ്‍സ് ഓറഞ്ച് ബര്‍ഗ്
രണ്ട് മൂന്നാം സമ്മാനങ്ങള്‍
  1 സെന്റ് സ്റ്റീഫന്‍സ് മിഡ് ലാന്‍ഡ് പാര്‍ക്ക്, ന്യൂജേഴ്‌സി
2  സെന്റ് മേരീസ്, വെസ്റ്റ് സേയ് വില്‍ ലോംഗ് ഐലണ്ട്
ജനറല്‍ സെക്രട്ടറി സാറാ വറുഗീസ് നന്ദി പ്രകാശിപ്പിച്ചു. പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി കോണ്‍ഫറന്‍സ് സമാപിച്ചു.


സമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തംസമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തംസമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തംസമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തംസമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തംസമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തംസമാജം വാര്‍ഷിക കോണ്‍ഫറന്‍സ്: റെക്കോര്‍ഡ് ഭേദിച്ച പങ്കാളിത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക