Image

അശാന്തനായ ശ്രീശാന്ത് വിദേശ രാജ്യത്തിനു വേണ്ടി പാഡണിയുമോ...? (എ.എസ്)

Published on 20 October, 2017
അശാന്തനായ ശ്രീശാന്ത് വിദേശ രാജ്യത്തിനു വേണ്ടി പാഡണിയുമോ...? (എ.എസ്)
കൊച്ചിക്കാരനായ ശ്രീശാന്തിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എടുക്കുകയും അദ്ദേഹം ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കളിച്ച ആദ്യ മലയാളി താരമെന്ന അപൂര്‍വ ബഹുമതി നേടുകയും മൈതാനത്ത് മിന്നുന്ന നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തപ്പോള്‍ മലയാളികളുടെ അഭിമാനം സിക്‌സറുകളായി സ്റ്റേഡിയം കടന്നു. പിച്ചിലും ഗ്രൗണ്ടിലും പെര്‍ഫോം ചെയ്യുമ്പോഴും ഗോപുവിന്റെ, (അതാണ് ശ്രീയുടെ ഓമനപ്പേര്) ചില അസ്വാഭാവികമായ അംഗ ചലനങ്ങളും തുറിച്ചു നോട്ടവും പല്ലിളിക്കലും കൊല്ലാന്‍ വരുന്നതും ഒക്കെ അദ്ദേഹത്തെ ഇഷ്ടപ്പെട്ടുവന്ന ജനത്തിന് അസഹ്യമായി തുടങ്ങി. പിന്നെ ശ്രീശാന്ത് ഐ.പി.എല്‍ വാതുവയ്പ് വിവാദത്തില്‍പ്പെട്ട്, ഇന്ത്യയിലെ ഏറ്റവും ഭീകരമായ തീഹാര്‍ ജയിലിലായി. ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) ആജീവനാന്ത വിലക്കില്‍ വെറുതെ വീട്ടിലിരിപ്പുമായി.

ഇതിനിടെ, വാതുവയ്പ് കേസിനെ തുടര്‍ന്ന് ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കും മറ്റു ശിക്ഷാനടപടികളും റദ്ദാക്കിയ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി കഴിഞ്ഞ ദിവസമാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ബി.സി.സി.ഐ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. ശ്രീശാന്ത് കുറ്റവാളിയാണെന്ന് സിംഗിള്‍ ബെഞ്ച് തന്നെ കണ്ടെത്തിയിരുന്നെന്നും എന്നാല്‍ ഇത്രയും ശിക്ഷ വേണ്ടെന്നു പറഞ്ഞ് ഇളവു നല്‍കുകയായിരുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ കൊണ്ടുവന്ന ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രീശാന്ത് ബാധ്യസ്ഥനാണ്. അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

2013 മെയ് ഒമ്പതിന് രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന ഐ.പി.എല്‍ മല്‍സരത്തില്‍ ടവല്‍ അരയില്‍ വച്ച് ഒരു പ്രത്യേക ഓവറില്‍ 14 റണ്‍ വിട്ടുനല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും 13 റണ്‍ മാത്രമേ നല്‍കാനായുള്ളൂ. ഇതിനായി നോബോള്‍ എറിയാന്‍ ശ്രമിച്ചെങ്കിലും അംപയറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. അംപയര്‍ അത് കണ്ടിരുന്നെങ്കില്‍ 14 റണ്‍ ആവുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമപ്രകാരം (മക്കോക്ക) ഡല്‍ഹി പോലിസ് എടുത്ത കേസില്‍ പ്രത്യേക വിചാരണക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് ബി.സി.സി.ഐ വാദിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ശ്രീശാന്തിന് എതിരായ ബിസിസിഐയുടെ അച്ചടക്ക നടപടി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

അതേസമയം, ബി.സി.സി.ഐയുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രീശാന്ത് രംഗത്ത് വരികയും ചെയ്തു. ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കുമെന്നാണ് വിഷമം സഹിക്കവയ്യാതെ ശ്രീ പറഞ്ഞത്. ആജീവനാന്ത വിലക്ക് ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ നീതി തേടി സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. പക്ഷേ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വാസ്തവത്തില്‍ കൈയിലിരിപ്പാണ് ശ്രീയെ കുടുക്കിയത്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് അധികം വൈകാതെ ആക്രമണകാരിയയും ചൂടനുമായ ബൗളര്‍ എന്ന "ബഹുമതി' അദ്ദേഹം സമ്പാദിച്ചു കൂട്ടി. മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റിലെ പല നടപ്പു മര്യാദകളും ഈ മലയാളി സൗകര്യപൂര്‍വം ലംഘിച്ച് ആസ്വദിച്ചു. പ്രചുരപ്രചാരം നേടിയ ആ വിവാദങ്ങളുടെ വിശദാംശങ്ങളിങ്ങനെ...ചെന്നൈയില്‍ ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെ തുറിച്ചു നോക്കി ഭീഷണിപ്പെടുത്തിയതായിരുന്നു ആദ്യ വെടിപൊട്ടിക്കല്‍. 2006 ഡിസംബറില്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ആന്ദ്രെ നെലുമായുണ്ടായ ഏറ്റുമുട്ടലും നെലിന്റെ പന്തില്‍ സിക്‌സര്‍ അടിച്ചശേഷം ബാറ്റ് വായുവില്‍ ചുഴറ്റി ശ്രീശാന്ത് പിച്ചില്‍ നടത്തിയ നൃത്തവും പരമ ബോറായി.

ഈ നൃത്തത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായ പ്രകടനങ്ങളുണ്ടായി. ഇതേ മത്സരത്തില്‍ ഐ.സി.സിയുടെ ചട്ടങ്ങള്‍ ലംഘിച്ചതിന് ശ്രീശാന്തിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയടക്കേണ്ടിവന്നു. ഹാശിം അംല പുറത്തായപ്പോള്‍ പരിഹസിക്കുന്ന രീതിയില്‍ പ്രതികരിച്ചതിനും ഷര്‍ട്ടിനടിയില്‍ വെളുത്ത വസ്ത്രം ധരിക്കണമെന്ന നിയമമം ലംഘിച്ചതിനുമായിരുന്നു ശിക്ഷ. 2007 ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ തോളുകൊണ്ട് തട്ടിയതിന് ശ്രീശാന്തിന് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയൊടുക്കേണ്ടിവന്നു. ഇതേ മത്സരത്തില്‍ ക്രീസില്‍നിന്ന് മുന്നോട്ടിറങ്ങി കെവിന്‍ പീറ്റേഴ്‌സണെതിരെ ബീമര്‍ എറിഞ്ഞതും പോള്‍ കോളിംഗ് വുഡനു നേരെ ബൗണ്‍സര്‍ പായിച്ചതും ശ്രീശാന്തിന്റെ വില്ലന്‍ പരിവേഷം വാനോളം ഉയര്‍ത്തി.

ട്വന്‍റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ അതിരു കടന്ന അപ്പീലിംഗ് നടത്തിയതിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ അടക്കേണ്ടിവന്നു. ഓസ്‌ട്രേലിയക്കെതിരായ ഫ്യൂച്ചര്‍ കപ്പ് പരമ്പരയിലെ കൊച്ചിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആന്‍ഡ്രൂ സൈമണ്‍സുമായും ബ്രാഡ് ഹദ്ദിനുമായും ഉടക്കിയതോടെ ശ്രീശാന്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. സൈമണ്‍സ് പുറത്തായപ്പോള്‍ നടത്തിയ ആതിരുകടന്ന ആവേശ പ്രകടനം ശ്രീയുടെ പ്രതിഛായക്ക്‌മേല്‍ കരിഓയില്‍ ഒഴിപ്പിച്ചു. രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം മലയാളി ബൗളറുടെ പെരുമാറ്റ ദൂഷ്യത്തിനെതിരെ ആഞ്ഞടിച്ചു. ബി.സി.സി.ഐ ശ്രീശാന്തിന് താക്കീതു നല്‍കി.

ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതിനുശേഷം കേരളത്തിന്റെ രഞ്ജി ട്രോഫി ടീം ക്യാപ്റ്റനായി നിയമിക്കപ്പെട്ട ശ്രീശാന്ത് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പരസ്യമായി ആരോപിച്ചു. 2009 ഒക്ടോബറില്‍ തലശ്ശേരിയില്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുക്കാന്‍ തയാറാകാതിരുന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ശ്രീശാന്തിനെതിരെ ഉന്നയിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2008 ഏപ്രില്‍ 25ന് നടന്ന മത്സരത്തിനു ശേഷം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പകരക്കാരന്‍ ക്യാപ്റ്റന്‍ ഹര്‍ഭജന്‍സിംഗിന്റെ അടിയേറ്റ ശ്രീശാന്ത് കളിക്കളത്തില്‍ നിന്ന് കരഞ്ഞു. മത്സരത്തില്‍ തോറ്റതിന്റെ വിഷമത്തിലായിരുന്ന ഹര്‍ഭജന്‍ "ഹാര്‍ഡ് ലക്ക്' എന്ന് പറഞ്ഞ ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു.

ഏതായാലും 34കാരനായ ശ്രീ വല്ലാത്ത ദുഖത്തിലും നിരാശയിലുമാണെന്ന് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് സൂചിപ്പിക്കുന്നു. ക്രിക്കറ്റിന് പുറമെ പലതിലും മിടുക്കനാണ് ഗോപു. സൈക്കോളജി ബിരുദ ധാരിയായ ശ്രീശാന്ത് അറിയപ്പെടുന്ന ബ്രേക് ഡാന്‍സ് താരവുമാണ്. സോണി ടി.വി എന്റര്‍റ്റെയ്ന്‍മെന്റ് ടെലവിഷന്റെ (ഇന്ത്യ) "ബൂഗി വൂഗി' എന്ന ഡാന്‍സ് മത്സരത്തിലെ സൗത്ത് സോണ്‍ വിഭാഗത്തില്‍ 1995ലെ വിജയിയായിരുന്നു. ക്രിക്കറ്റില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ നൃത്ത സംവിധായകനാകുമായിരുന്നെന്ന് ശ്രീശാന്ത് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ വിജയ ആഘോഷങ്ങള്‍ക്ക് ശ്രീശാന്തിന്റെ ഡാന്‍സ് നമ്പരുകള്‍ ഒരുകാലത്ത് കൊഴുപ്പേകിയിരുന്നു. വിലക്ക് വന്നതിനു ശേഷം ശ്രീ ഫ്‌ളവേഴ്‌സ് ടി.വിയില്‍ കുറച്ചുകാലം അവതാരകനായും ശോഭിച്ചു.

ഹോട്ടല്‍ വ്യവസായ രംഗത്ത് ചുവടുറപ്പിച്ച ശ്രീശാന്ത് സഹതാരം റോബിന്‍ ഉത്തപ്പ, ക്രിക്കറ്റ കമന്റേറ്റര്‍ ചാരു ശര്‍മ, കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരം ജെ.കെ മഹീന്ദ്ര എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് കൊച്ചിയില്‍ തുടക്കം കുറിച്ച ബാറ്റ് ആന്റ് ബോള്‍ ഹോം സ്റ്റേ 2007 ജൂണ്‍ അഞ്ചിന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഭീമമായ നഷ്ടത്തെത്തുടര്‍ന്ന് അടച്ചു പൂട്ടി. വലംകയ്യന്‍ ഫാസ്റ്റ് ബൗളറും വലംകയ്യന്‍ വാലറ്റ ബാറ്റ്‌സ്മാനുമായ ശ്രീക്ക് ഇനി നാട്ടില്‍ ക്രിക്കറ്റ് കളിക്കാനായില്ലെങ്കില്‍ ഇപ്പറഞ്ഞ സംഭവങ്ങളൊക്കെ പൊടിതട്ടിയെടുക്കേണ്ടി വരും. അല്ലെങ്കില്‍ രാജ്യം വിട്ടു പോകണം. 1983 ഫെബ്രുവരി ആറിന് എറണാകുളം ജില്ലയിലെ കോതമംഗലത്ത് ശാന്തകുമാരന്‍ നായരുടെയും സാവിത്രി ദേവിയുടെയും മകനായി ജനിച്ചു. പില്‍ക്കാലത്ത് ശ്രീശാന്തിന്റെ കുടുംബം എറണാകുളത്തേക്ക് താമസം മാറ്റി. പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക