Image

രാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ വീണ്ടും ഇന്ത്യയുടെ മാറില്‍ ഉരുളുമ്പോള്‍? (ജയ് പിള്ള)

Published on 20 October, 2017
രാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ വീണ്ടും ഇന്ത്യയുടെ മാറില്‍ ഉരുളുമ്പോള്‍? (ജയ് പിള്ള)
ഏകദേശം രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ എത്തി തുടങ്ങുന്നു.മനുഷ്യനില്‍ മത വികാരം മറ്റെന്തിനേക്കാളും കൂടുതലും,പെട്ടെന്നും വ്രണപ്പെടുന്നു എന്നതിനാല്‍ രാമ ക്ഷേത്ര നിര്‍മ്മാണം മുഖ്യ പങ്കുവഹിക്കുന്നു.വിശ്വ ഹിന്ദു പരിഷത്ത് ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടികള്‍ ഇന്ത്യയിലെ ക്രമസമാധാന പാലനത്തിനും സമാധാനത്തിനുമുള്ള വെല്ലുവിളി ഉയര്‍ത്തല്‍ മാത്രം ആണ്.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ മത നിരപേക്ഷതയെ നെടുകെ പിളര്‍ത്തുന്ന ഒരു നിര്‍മ്മാണ പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയായി. രാമജന്മഭൂമിയും,ക്ഷത്ര നിര്‍മ്മാണവും സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ആണ് ഹിന്ദു പരിഷത്തിന്റെ ഈ നീക്കം.
2015 ജൂണില്‍ വിഎച്ച്പിയുടെ നേതാവ് അന്തരിച്ച അശോക് സിന്‍ഗാള്‍ പങ്കെടുത്ത ഉന്നതതല സമ്മേളനത്തില്‍ ദേശീയതലത്തില്‍ പര്യടനം നടത്തി ക്ഷേത്രനിര്‍മ്മാണത്തിനാവശ്യമായ കല്ലുകള്‍ ശേഖരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2017 ന്റെ അവസാനര്ഹയോടെ നിര്‍മ്മാണം പുനരാരംഭിക്കും എന്ന പ്രസ്താവനകള്‍ ആണ് ഇന്ന് കാണുന്നത്.

യു പി യിലെ മുന്‍ സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫോം 39 നിഷേധിച്ചാണ് കല്ലിന്റെ ഇറക്കുമതി തടഞ്ഞത്. എന്നാല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ആ തടസ്സം നീക്കുകയായിരുന്നു.ഇന്ന് യു പി ഭരിക്കുന്നത് ബി ജെ പി ആണെന്നും ക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം ഉണ്ടാവില്ല എന്നും വി എഛ് പി യുടെ പാണ്ഡെ പ്രസ്താവിക്കുന്നു.അയോധ്യവിഷയം കോടതിയുടെ പരിഗണനിയിലാണെന്നതിനാല്‍ വിഎച്ച്പിയുടെ ഈ നീക്കം നിയമവിരുദ്ധവും ദേശദ്രോഹപരവുമാണെന്ന് ലക്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ രൂപ് രേഖ വര്‍മ്മ പറഞ്ഞു. ഇത് വര്‍ഗ്ഗീയ സംഘര്‍ഷത്തിനും പ്രദേശത്തെ സമാധാനത്തെയും ക്രമസമാധാന പാലനത്തെയും നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാണ് ഇന്നത്തെ അവസ്ഥ എങ്കില്‍ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ ഓരോ ഇന്ത്യന്‍ പൗരനും മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുത ഉണ്ട്.വരാനിരിക്കുന്ന ലോക സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് ബി ജെ പി യുടെ ലക്ഷ്യമായ അജണ്ട വിശ്വ ഹിന്ദു പരിഷത്തിന്റെ മറവില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍. വളരെയേറെ കൊട്ടി ഘോഷിക്കപ്പെട്ടു നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഫലം കാണാതെ പോയത് കൊണ്‌ഗ്രെസ്സ്,മറ്റു പ്രാദേശിക പാര്‍ട്ടികള്‍ മുതലെടുക്കുക മാത്രമല്ല.അടുത്ത ദിവസങ്ങളില്‍ നരേന്ദ്ര മോദിയുടെ ട്വീറ്റുകളെ അട്ടി മറിച്ചു കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളും ,ജന പിന്തുണ എന്നിവ വര്‍ധിച്ചതായും കാണുന്നു.ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ വരെ ബി ജെ പി മടിച്ചു (ഇലക്ഷന്‍ കംമീഷന്‍) നില്‍ക്കുന്നത് പ്രതിച്ഛായയില്‍ ഉണ്ടായ ഇടിവ് കൊണ്ടാണ്.

അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകരും,സാധാരണ ജനങ്ങളും,ചെറുകിട വന്‍കിട കച്ചവടക്കാരും ബി ജെ പി യ്ക്ക് എതിരെ ആണെന്നുള്ള തിരിച്ചറിവാണ് ഇപ്പോള്‍ ക്ഷേത്ര നിര്‍മ്മാണ ശ്രെമങ്ങളിലൂടെ ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കുന്ന കലാപവും,മത വികാരവും.നോട്ട് നിരോധനം ,ജി എസ് ടി .അമിത പെട്രോള്‍ വില,കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ്,ഗുജറാത്തില്‍ ടാക്‌സിന്റെ പേരില്‍ അടുത്തയിടെ ക്യാന്‍സല്‍ ചെയ്ത കച്ചവട ലൈസന്‍സുകള്‍ വാന്‍ തിരിച്ചടി ആണ് ബി ജെ പി യ്ക്ക് നല്‍കിയിരിക്കുന്നത് മത വികാരം വളര്‍ത്തി സംഘര്‍ഷം ഉണ്ടാക്കാതെ ഇന്ത്യയില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിളക്കം ഉണ്ടാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയില്ല എന്ന തിരിച്ചറിവാണ് വി എച്ച് പി നടപ്പിലാക്കാന്‍ നോക്കുന്നത്.

കഴിഞ്ഞ മെയില്‍ അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സംഘപരിവാറിന്റെ 150ലേറെ വരുന്ന അന്താരാഷ്ട്ര സ്‌പോണ്‍സര്‍മാര്‍ ഡല്‍ഹിയിലും ലക്‌നൌവിലും കൂടിയാലോചന നടത്തിയിരുന്നു. ഇവര്‍ ബിജെപി പ്രസിഡന്റ് അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കൂടിക്കാഴ്ച നടത്തുകയും അയോധ്യയിലെ തര്‍ക്കഭൂമിയിലും സന്ദര്‍ശനം നടത്തിയതായുള്ള വിവരം കേന്ദ്രസര്‍ക്കാരും,യു പി സര്‍ക്കാരും രഹസ്യമായി വച്ചിരിക്കുന്നു.എന്‍ ആര്‍ ഐ വ്യവസായികള്‍ ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാങ്ങളില്‍ ഉള്ളവരും ഉണ്ടെന്നുള്ള വസ്തുതകള്‍ വരാനിരിക്കുന്ന വലിയ ഒരു വിപത്തിന്റെ മുന്നോടി കൂടിയാണ്. കേരളത്തില്‍ ചുവപ്പു തീവ്രവാദത്തിനും,മത പരിവര്‍ത്തനത്തിനെതിരെയും ഒക്കെ ചെറിയ ചെറിയ സംഘര്ഷങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വരുന്നത് വരാനിരിക്കുന്ന ഒരു വിഭജന രാഷ്ട്രീയത്തിന്റെ മുന്നോടി മാത്രമാണ്.
കഴിഞ്ഞ മെയില്‍ നടന്ന ഇന്ത്യന്‍ പര്യടനത്തിലെ,കൂടി കാഴ്ചകളിലും, കര്‍സേവപുരത്തെ വിശ്വഹിന്ദു പരിഷത്തിന്റെ മുഖ്യഓഫീസിലെത്തിയ സംഘം സംഘപരിവാറിന്റെ തയ്യാറെടുപ്പുകളും വിലയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു . വിദേശ ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) സംഘമാണ് അമിത് ഷായും ആദിത്യനാഥുമായും കൂടിക്കാഴ്ച നടത്തിയത്. യുകെ, കാനഡ. യുഎസ്, യുഎഇ തുടങ്ങിയവയുള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ വക്താവ് വിനോദ് ബന്‍സാല്‍ പറയുന്നു.കറന്‍സി നിരോധനത്തില്‍ കയറ്റു മതി ഇറക്കുമതിയില്‍,നയങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും,പുതിയ ചുവടുകളും ആണ് ഇവര്‍ ചര്‍ച്ച ചെയ്തത് എന്ന് പറയുമ്പോഴും,ഇവര്‍ കേരളത്തിലെ ഹിന്ദു നേതാക്കളെ വരെ കണ്ടാണ് മടങ്ങിയത്.തലസ്ഥാന നഗരിയിലെ യു എസ് ലും,യു കെ യിലും,കാനഡയിലും ,യു എ യിലും സ്ഥാപനങ്ങള്‍ ഉള്ള അറിയപ്പെടുന്ന വ്യവസായിയുടെ പ്രതിനിധിയും ഈ സംഘത്തില്‍ ഉണ്ടെന്നുള്ളത്തും പ്രധാന ഘടകം ആണ്.ഇപ്പോള്‍ കഴിഞ്ഞ ജാരക്ഷാ യാത്രയില്‍ ഈ വ്യവസായ ഗ്രൂപ്പ് മനസ്സറിഞ്ഞു പണം ഇറക്കി സ്‌പോണ്‍സര്‍ ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഒരേ സമയം കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ചുരുക്കം ചില ഗ്രൂപ്പുകളില്‍ ഒന്ന് മാത്രമാണിത്. ലവ് ജിഹാദും,ഘര്‍വാപ്പസിയും,ജന രക്ഷയും ചൂണ്ടുന്നത് വരാനിരിക്കുന്ന കലാപത്തിന്റെ മുന്നോടി മാത്രമാണ്.2019 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്ര നിര്‍മ്മാണം പുനരാംഭിക്കുകയും,കോടതി വഴി അത് തടയപ്പെടുകയും ചെയ്യും എന്നതാണ് ബി ജെ പി സര്‍ക്കാരിന്റെ ആവശ്യം.അതിലൂടെ ഉണ്ടാകുന്ന മത വികാരം ഇന്ത്യ ഒട്ടാകെ ആളി പടരുകയും സംഘര്‍ഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിക്ക പ്പെടുകയും ചെയ്യും.ഈ വികാരത്തെ വോട്ടാക്കി മാറ്റുക എന്ന തന്ത്രം മാത്രമാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്.

460 വര്‍ഷം പഴക്കമുള്ള ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് മോസ്ക് നിലനില്‍ക്കുന്നതെന്ന് ആരോപിച്ചായിരുന്നു പൊളിക്കല്‍.നടപടികളും കര്‍സേവയും.അന്ന് രാജ്യം ഒട്ടാകെ കലാപങ്ങള്‍ പൊട്ടി പുറപ്പെട്ടിരുന്നു.ഇത് ബി ജെ പി യുടെ വളര്‍ച്ചാ നിരക്ക് 3 ശതമാനത്തില്‍ നിന്ന് 2012 ല്‍ 31 ശതമാനത്തിലേക്ക് വളര്‍ത്തിയിരുന്നു.വീണ്ടും അഞ്ചു വര്ഷം കഴിയുമ്പോള്‍(2017) 48 ശതമാനത്തിനു മേല്‍ വളര്‍ച്ച ബി ജെ പി അവകാശപ്പെടുന്നു.(എല്ലാ ഹിന്ദു സംഘടനകളും കൂടി).ഈ പശ്ചാത്തലത്തില്‍ ആണ് സി പി എം ല്‍ യച്ചൂരിയുടെ സ്വാഗതാര്‍ഹമായ നയം പ്രാദേശികതയുടെ പേരില്‍ തോല്പിക്കപ്പെടുന്നത്.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ,സമാധന അന്തരീക്ഷത്തെ നെടുകെ പിളര്‍ത്തുന്ന കാവി കല്ലുകള്‍ ആണ് ഇന്ത്യയുടെ മാറിലൂടെ അയോധ്യയിലേയ്ക്ക് ഉരുളുന്നത്.ക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ മത നിരപേക്ഷതയുടെ മണ്ണില്‍ ഭാവിയില്‍ ഉരുളന്‍ പോകുന്നത് സാധാരണ മനുഷ്യരുടെ തലകളും,തകരുന്നത് ജനാധിപത്യ വിശ്വാസങ്ങളും മാത്രമാണ്. രാഷ്ട്രീയ ഭേദമന്യേ പ്രാദേശികതയുടെ പേരില്‍ രാഷ്ട്രീയക്കാര്‍ അധികാരം ലക്ഷ്യമിടുമ്പോള്‍ പലപ്പോഴും ഇതുപോലുള്ള സംഘടിത നീക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു.നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എന്നും സുരക്ഷിതര്‍ ആണെന്നുള്ളതും,വിധിക്കപ്പെടുന്നത് സാധാരണ മനുഷൃരും മാത്രമാണ്.രാമ ക്ഷേത്ര നിര്‍മ്മാണവും,ഇപ്പോള്‍ പ്രസ്താവിച്ച ടാജ് മഹല്‍ വിവാദവും കൂട്ടി ജനങ്ങള്‍ക്ക് ദേവ സുരക്ഷ നല്‍കുമ്പോള്‍ മറ്റൊരു വിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ക്കോ,സ്വാതന്ദ്രത്തിനോ ഇന്ത്യയില്‍ എന്താണ് വില എന്നതും ഭരണ ഘടനയെയും ഒരേ സമയം ചോദ്യം ചെയ്യപ്പെടുന്നു..ഇനി ജനസുരക്ഷയുടെയും,ജന ജാഗ്ത്രതയുടെയും നാളുകള്‍ ഏതു ജനകീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക എന്നത് ഒരു ചേദ്യ ചിഹ്നം മാത്രമായി അവശേഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക