Image

മുപ്പത് ലക്ഷം പേര്‍ എല്ലാ ദിവസവും പുറത്ത് ഇറങ്ങുന്നത് നിറ തോക്കുകളുമായി എന്ന് സര്‍വേ: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 21 October, 2017
മുപ്പത് ലക്ഷം പേര്‍ എല്ലാ ദിവസവും പുറത്ത് ഇറങ്ങുന്നത് നിറ തോക്കുകളുമായി എന്ന് സര്‍വേ: ഏബ്രഹാം തോമസ്
വാഷിങ്ടണ്‍: അമേരിക്കയില്‍ 30 ലക്ഷം പേര്‍  എല്ലാ ദിവസവും  വീടിന് പുറത്തിറങ്ങുന്നത് നിറതോക്കുകളുമായി ആണെന്ന് നാഷണല്‍ ഫയര്‍ ആംസ് സര്‍വേയില്‍ കണ്ടെത്തി. പ്രാഥമികമായും  സ്വന്തം സുരക്ഷയെ കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സര്‍വേയില്‍  പങ്കെടുത്തവര്‍ പറഞ്ഞു. അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്താണ് തോക്കുടമകള്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലം പ്രസിദ്ധപ്പെടുത്തിയത്.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ എന്നിവയിലെ പൊതുജന ആരോഗ്യ വിദഗ്ദ്ധരാണ് സര്‍വേയ്ക്ക് മുന്‍കൈ എടുത്തത്. 2015 ലാണ് ഇവരുടെ സംഘടന രൂപീകൃതമായത്. ഓണ്‍ലൈനില്‍  4,500 തോക്ക് ഉടമകളില്‍ നിന്ന് ലഭിച്ച മറുപടിയില്‍ നിന്നാണ് വിവരം ശേഖരിച്ചത്. ഇവരില്‍ 1,500 കൈത്തോക്ക് ഉടമകളും ഉള്‍പ്പെടുന്നു.

സര്‍വേയിലെ പ്രധാന ചോദ്യം വീടിന് വെളിയില്‍ പോകുമ്പോള്‍ എപ്പോഴൊക്കെ നിറതോക്ക് കൈവശം ഉണ്ടാകും എന്നായിരുന്നു. 90 ലക്ഷം പേര്‍ ഒരു മാസത്തില്‍ ഒരിക്കലെങ്കിലും വീടിന് പുറത്തിറങ്ങുമ്പോള്‍ വെടിയുണ്ടകള്‍ നിറച്ച തോക്ക് കൈവശം വയ്ക്കുവാന്‍ മറക്കുകയില്ല. ഇവരുടെ മൂന്നിലൊന്ന്  30 ലക്ഷം പേര്‍ ദിവസവും ഇങ്ങനെ ചെയ്യാറുണ്ട് എന്ന മറുപടികളാണ് ലഭിച്ചത്. മാസത്തിലൊരിക്കലെങ്കിലും കൈത്തോക്കുമായി പുറത്തിറങ്ങും എന്ന് മറുപടി നല്‍കിയവര്‍ കൂടുതലും 18 നും 29 നും ഇടയ്ക്ക് പ്രായമുള്ള ദക്ഷിണ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന യാഥാസ്ഥിതികരായ പുരുഷന്മാരാണ്.

സര്‍വേയില്‍ പങ്കെടുത്ത 5 ല്‍ 4 പേരും പറഞ്ഞത് സ്വന്തം സുരക്ഷയാണ് നിറതോക്ക് കൈവശം വയ്ക്കാന്‍ കാരണം എന്നാണ്. 6% പേര്‍ മറ്റുള്ളവര്‍ അവരെ തോക്ക്  കാട്ടി ഭീഷണിപ്പെടുത്തിയിട്ടുള്ളതായി പറഞ്ഞു. കഴിഞ്ഞ  അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പെര്‍മിറ്റില്ലാതെ, രഹസ്യമായി കൈത്തോക്കുമായി സഞ്ചരിക്കാറുള്ളതായി  5 ല്‍ ഒരാള്‍ സമ്മതിച്ചു. തോക്ക് കൈവശം വയ്ക്കുവാന്‍ പെര്‍മിറ്റ് നിര്‍ബന്ധമായ സംസ്ഥാനങ്ങളിലെ നിവാസികള്‍ പോലും ഇങ്ങനെ ചെയ്യുന്നു.

തോക്ക് കൈവശം വയ്ക്കുന്നത് അവകാശമാണെന്ന് വാദിക്കുന്നവര്‍ രഹസ്യമായി തോക്ക് കൈവശം വയ്ക്കുന്നത്  കൂടുതല്‍ സുരക്ഷിതമാക്കുന്നു എന്നും ആദ്യകാല ഗവേഷണങ്ങള്‍ ഇത് ശരി വച്ചു എന്നും പറയുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് നടത്തിയ കുറ്റകൃത്യ ഗവേഷണങ്ങള്‍ ഇത് തിരുത്തിയിരിക്കുകയാണ്. ഈ വര്‍ഷം പല ദശകങ്ങളിലെ വിവരം വിശകലനം ചെയ്തപ്പോള്‍ രഹസ്യമായി തോക്ക് കൊണ്ട് നടക്കുവാന്‍ പെര്‍മിറ്റ് വളരെ വേഗം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ആക്രമപരമായ കുറ്റകൃത്യങ്ങള്‍ 10 മുതല്‍ 15% വരെ വര്‍ധിച്ചതായി കണ്ടെത്തി. അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് നടത്തിയ മറ്റൊരു പഠനവും ഇത് ശരിയാണെന്ന് തെളിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക