Image

കവിതകളില്‍ കാഞ്ഞിരം നട്ടുവളര്‍ത്തി ഒരാള്‍ നമ്മെ കടന്നുപോയിട്ട് ഏഴുവര്‍ഷം

ജയ് പിള്ള Published on 21 October, 2017
കവിതകളില്‍ കാഞ്ഞിരം നട്ടുവളര്‍ത്തി ഒരാള്‍ നമ്മെ കടന്നുപോയിട്ട് ഏഴുവര്‍ഷം
മണ്ണില്‍ നിന്നും ജനിച്ച മനുഷ്യന്‍ മണ്ണ് തന്നെ ആണെന്നും, ഭൂമിയിലെ ഓരോ തരിയും,കാല്‍ ചുവടും മാത്രമാണ് യഥാര്‍ത്ഥ വീട് എന്ന അര്‍ത്ഥ ഗര്ഭമായ സത്യം ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ആ സത്യം കടന്നു പോയി. ജീവിക്കാന്‍ വേണ്ടി കവിതകള്‍ക്ക് ജന്മം നല്‍കുകയും, സ്വന്തം ജീവിതം തന്നെ കവിത ആക്കുകയും ചെയ്ത ഒരു പച്ചയായ മനുഷ്യന്‍ ആയിരുന്നു ശ്രീ ആയ്യപ്പന്‍. മലയാള സാഹിത്യത്തിന് നഷ്ടങ്ങളുടെ പട്ടികയിലേക്ക് പേര് നല്‍കി അദ്ദേഹം കടന്നു പോയിട്ട് ഇന്ന് ഏഴ് വര്‍ഷം.

അയ്യപ്പന്‍ എന്ന കവിക്ക് മലയാളികള്‍ നല്‍കിയ പേരുകള്‍ നിരവധി ആണ്, നിഷേധി, താന്തോന്നി, വകവയ്പില്ലാത്തവന്‍ ..അങ്ങിനെ പലതും. പക്ഷെ കൂട്ടം തെറ്റി നടന്നു കാടും കൂടും ഇളക്കിയ സത്യങ്ങള്‍,മലയാളികള്‍ മറയ്ന്നതും,മറന്നു കൊണ്ടിരിക്കുന്നതുമായ സത്യങ്ങള്‍  ആയിരുന്നു അദ്ദേഹത്തിന് നമ്മോടു പറയുവാന്‍ ഉണ്ടായിരുന്നത്. ഒരു പക്ഷെ ലോകം മുഴുവന്‍, സാഹിത്യലോകത്തെ ചിലര്‍ അദ്ദേഹത്തെ തള്ളി പറഞ്ഞു എങ്കിലും ആ ശരികള്‍ ഇന്നും സ്ഥായിയായി ജീവിക്കുന്നു.  

അദ്ദേഹത്തിന്റെ കവിതകള്‍ ചിലപ്പോള്‍ പ്രണയവും,ദേഷ്യവും,കാട്ടരുവി പോലെ സംഗീതം പൊഴിക്കുന്നത്,വിപ്ലാവാത്മകവും,കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നതും,ശാന്തമായ തീരം പോലെയും ഒക്കെ ആണ്. കവിതയുടെ തടവറയിലെ ജീവപര്യന്ത തടവുകാരന്‍ ന്റെ
''ശരീരം നിറയെ മണ്ണും
മണ്ണ് നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത നിറയെ കാല്‍പാടുകളുള്ളവന്‍'
ആയിരുന്നു അയ്യപ്പന്‍
മലയാള സാഹിത്യകാരന്മാര്‍ എല്ലാവരും പ്രണയത്തിനു പനിനീര്‍ പൂവും,പിച്ചിയും ചെമ്പകവും കൊണ്ട് സൗരഭ്യം നല്‍കിയപ്പോള്‍ അയ്യപ്പന്‍ മാത്രം കാഞ്ഞിരം കൊണ്ട് പ്രണയം തീര്‍ത്തു.കാഞ്ഞിരം പൂക്കുന്ന കവിതകളിലെ പ്രണയത്തിനു എന്നും കയ്പ് മാത്രമാണെന്നും അദ്ദേഹം തുറന്നെഴുതി.
'എണ്‌റ്റെ കവിത എന്നോട് ചോദിച്ചു
എന്തിനാണ് നിണ്‌റ്റെ കവിതയില്‍
കാഞ്ഞിരം വളര്‍ത്തുന്നത്
ചൂരലടയാളം തുടിപ്പിക്കുന്നത്
നിണ്‌റ്റെ വരികള്‍ക്കിടയിലെ
മയില്‍പീലികള്‍ പെറാത്തതെന്ത്?'
ഈ വരികളില്‍ ഒരിക്കലും ഒരു പ്രണയിക്കുമുന്നിലും തോല്‍ക്കാത്ത കവിയുടെ മനസ്സ് വരച്ചു കാട്ടുന്നു.അദ്ദേഹത്തിന്റെ ഇഷ്ട പ്രണയിനി കവിത മാത്രമായിരുന്നു.ജീവിക്കാന്‍ വേണ്ടി കവിതകള്‍ രചിച്ചു കവിതകള്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഏക കവിയും ഒരു പക്ഷെ അദ്ദേഹം മാത്രമായിരിക്കാം.
ജീവിതത്തില്‍ കയ്പ് മാത്രം അറിഞ്ഞു  വളര്‍ന്നതിനാലാകണം തന്റെ ഓരോ  സൃഷ്ടിയിലും കാഞ്ഞിരം മണക്കുന്നു എന്നദ്ദേഹം പറഞ്ഞത്.
'നോവുകള്‍ എല്ലാം പൂവുകള്‍ ആണെന്നും','മുറിവുകളുടെ വസന്തം ആണ് ജീവിതം' എന്നും അദ്ദേഹം മനസ്സ് നിറഞ്ഞു പാടി.

വിവാഹവും,കുടുംബവും,ബന്ധുക്കളും,വീടും ഒന്നും അയ്യപ്പന് വശമില്ലായിരുന്നു.
'മഴവില്ലു വീണ തടാകത്തില്‍
മരിച്ചുപൊങ്ങുന്നനുദിനം'
മരിച്ചുപൊങ്ങുമ്പോള്‍ പോലും അത് മഴവില്ലു വീണ തടാകത്തിലാവണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്ന അയ്യപ്പന് .  പീഡനപര്‍വ്വത്തില്‍ ഒന്നിക്കുന്നവരാണ് പ്രണയിനികള്‍ . കുടുംബം എന്ന വ്യവസ്ഥയോട് ചേര്‍ന്നല്ലാതെ പ്രണയത്തെ കാണാന്‍ നമുക്ക് കഴിയാറില്ല. ഈ വ്യവസ്ഥയോട്,ഉടമ്പടിയോട് അയ്യപ്പന്‍ ഇങ്ങനെ ഇങ്ങനെ എഴുതി..'പുഴയില്‍ ഒഴുകാത്ത കല്ലാണ് വിവാഹം'
മറ്റൊരിടത്ത് ഇങ്ങനെ എഴുതുന്നു,
'പെണ്ണൊരുത്തിക്ക് മിന്ന് കൊടുക്കാത്ത
കണ്ണുപൊട്ടിയ കാമമാണിന്നും ഞാന്‍'

'വിഛേദിക്കപ്പെട്ട വിരലാണവള്‍
നഷ്ടപ്പെട്ടത് എണ്‌റ്റെ മോതിരക്കൈ'
'ഇന്ന് നിന്നിലൂടെ
സമുദ്രത്തെ സ്വപ്നം കാണുകയാണ് ഞാന്‍. '

സ്വന്തം ജീവിതത്തിലും, കവിതകളിലും അദ്ദേഹം ഒന്നും കെട്ടി പൊക്കിയില്ല. ഒരു യഥാര്‍ത്ഥ ജീവിതം യാഥാര്‍ഥ്യത്തോടെ എഴുതി തീര്‍ക്കുകയായിരുന്നു അയ്യപ്പന്‍.കവിതയിലും, ജീവിതത്തിലും കലാപത്തിന്റെ കാല്‍പാടുകള്‍ തീര്‍ത്തു. സത്യത്തിന്റെ കഴുത്തു ഞെരിക്കുന്ന അസത്യങ്ങള്‍ക്കു നേരെയുള്ള തന്റെ ഒറ്റയാള്‍ പോരാട്ടം ഒരു പക്ഷെ മലയാളിയോ, മലയാള സാഹിത്യമോ വേണ്ടുവോളം മനസ്സിലാക്കാന്‍,പഠിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. ബുദ്ധന്റെ ഉള്ളില്‍ പോലും കലാപം ആണെന്ന് എഴുതിയ അയ്യപ്പന്‍ സ്വന്തം മനസ്സിന്റെ കലാപം, നാടിന്റെ വിലാപം നെഞ്ചില്‍ ഒതുക്കി കവിതകളിലൂടെ നമുക്ക് നല്‍കി,വളരെ മൂകമായി നടന്നകന്നു. ഞാനും നീയും ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാക്കുകയോ,അറിയുകയോ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തെ പറ്റി എഴുതിയ ഈ എഴുതുകളില്‍ പോലും അദ്ദേഹത്തിന്റെ രചനകളുടെ ഒരു ശതമാനം  അര്‍ഥം പോലും വെളിവായിട്ടില്ല എന്ന യാഥാര്‍ഥ്യം ഞാന്‍ മനസ്സിലാക്കുന്നു.മണ്ണില്‍ പതിഞ്ഞ കാല്‍പാടുകളിലൂടെ കവിതകള്‍ തീര്‍ത്ത ശ്രീ അയ്യപ്പന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക