Image

ശ്രീശാന്തിന്‌ ഒരു രാജ്യത്തിനു വേണ്ടിയും കളിക്കാനാകില്ലെന്ന്‌ ബി.സി.സി.ഐ

Published on 21 October, 2017
ശ്രീശാന്തിന്‌ ഒരു രാജ്യത്തിനു വേണ്ടിയും കളിക്കാനാകില്ലെന്ന്‌  ബി.സി.സി.ഐ

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ താരം എസ്‌ ശ്രീശാന്തിന്‌ ഒരു രാജ്യത്തിനു വേണ്ടിയും കളിക്കാനാകില്ലെന്ന്‌ ബി.സി.സി.ഐ. താരത്തിനു നിയമപരമായി അതിന്‌ അനുവാദമില്ലെന്ന്‌ ബി.സി.സി.ഐ ആക്ടിങ്‌ സെക്രട്ടറി അമിതാഭ്‌ ചൗധരിയാണ്‌ പറഞ്ഞത്‌. കഴിഞ്ഞദിവസമായിരുന്നു ശ്രീശാന്ത്‌ ഇന്ത്യക്ക്‌ വേണ്ടി കളിക്കാനാകില്ലെങ്കില്‍ മറ്റുരാജ്യങ്ങള്‍ക്ക്‌ വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന്‌ പറഞ്ഞിരുന്നത്‌.


ഈ പ്രസ്‌താവനയോട്‌ പ്രതികരിക്കവേയാണ്‌ അമിതാഭ്‌ ചൗധരി താരത്തിനു അതിനു കഴിയില്ലെന്ന്‌ വ്യക്തമാക്കിയത്‌. ബി.സി.സി.ഐ വിലക്ക്‌ നേരിടുമ്പോള്‍ ഐ.സി.സി അംഗീകരിച്ച ഒരു അന്താരാഷ്ട്ര മത്സരത്തിലും കളിക്കാന്‍ താരത്തിനു അനുവാദമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കുമെന്ന ശ്രീശാന്തിന്റെ അവകാശവാദം നടക്കില്ല. ബി.സി.സി.ഐ. വിലക്കുള്ള കളിക്കാരന്‌ ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ല. നിയമപരമായാണ്‌ ബി.സി.സി.ഐ ഈ പ്രശ്‌നത്തെ കാണേണ്ടത്‌' ചൗധരി പറഞ്ഞു.

കഴിഞ്ഞദിവസം മാധ്യമങ്ങളോട്‌ സംസാരിക്കവേയായിരുന്നു വിലക്ക്‌ തുടരാനാണ്‌ ബി.സി.സി.ഐയുടെ തീരുമാനമെങ്കില്‍ വേണ്ടി വന്നാല്‍ മറ്റ്‌ രാജ്യങ്ങളുടെ ജേഴ്‌സി അണിയാനും തയ്യാറാണെന്ന്‌ താരം പറഞ്ഞത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക