Image

വിജയ്‌ ചിത്രം മെര്‍സലിന്‌ പിന്തുണയുമായി രാഹുല്‍ ഗാന്ധി

Published on 21 October, 2017
വിജയ്‌ ചിത്രം  മെര്‍സലിന്‌ പിന്തുണയുമായി രാഹുല്‍ ഗാന്ധി


ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ്‌ ചിത്രം മെര്‍സലിനെതിരായ ബി.ജെ.പി പ്രചരണത്തില്‍ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌ സിനിമയെ ഇല്ലാതാക്കരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

മിസ്റ്റര്‍ മോദി, തമിഴ്‌ സംസ്‌ക്കാരത്തിന്റേയും തമിഴ്‌ഭാഷയുടേയും സുപ്രധാന ആവിഷ്‌കാരമാണ്‌ സിനിമ. മെര്‍സലില്‍ ഇടപെട്ടുകൊണ്ട്‌ തമിഴ്‌ പ്രതാപത്തെ ഡീമോണറ്റൈസ്‌ ചെയ്യരുത്‌ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
മെര്‍സല്‍ വിവാദത്തില്‍ നിലപാട്‌ വ്യക്തമാക്കി നേരത്തെ കോണ്‍ഗ്രസ്‌ നേതാവ്‌ പി. ചിദംബരവും രംഗത്തെത്തിയിരുന്നു.

ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്‌ത്തുന്ന ഡോക്യുമെന്ററികള്‍ക്കും സിനിമകള്‍ക്കും മാത്രമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കൂ എന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നതെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം.

സിനിമ സംവിധായകര്‍ ഇനി ശ്രദ്ധിക്കണം. നിങ്ങള്‍ക്കുള്ള നിയമം അണിയറയില്‍ ഒരുങ്ങുന്നുണ്ട്‌. സര്‍ക്കാര്‍ നയങ്ങളെ പുകഴ്‌ത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്ന സിനിമകള്‍ക്ക്‌ മാത്രമേ ഇനി അനുമതി ലഭിക്കൂ എന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ പോപകുന്നത്‌. ചിദംബരം പറഞ്ഞു.
ജി.എസ്‌.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മെര്‍സലിനും നടന്‍ വിജയ്‌ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്‌

സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യപ്പെട്ടിരുന്നു. ഇത്‌ അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഒരുകാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ വെട്ടിമാറ്റരുതെന്ന്‌ ആവശ്യപ്പെട്ട്‌ നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക