Image

പോസ്റ്റല്‍ സര്‍വീസിന് ഇതെന്തു പറ്റി? (ലൗഡ് സ്പീക്കര്‍ 6: ജോര്‍ജ് തുമ്പയില്‍)

Published on 21 October, 2017
പോസ്റ്റല്‍ സര്‍വീസിന് ഇതെന്തു പറ്റി? (ലൗഡ് സ്പീക്കര്‍ 6: ജോര്‍ജ് തുമ്പയില്‍)
ലാസ് വേഗസ് ഒരു കറുത്ത ചരിത്രമാണ്. ചൂതാട്ടത്തിന്റെയും വിനോദത്തിന്റെയും പുത്തന്‍ പറുദീസ ഒരുക്കിയ ഇവിടെ വെടിയുണ്ടകള്‍ ചിന്നിച്ചിതറിച്ച അമ്പതില്‍ പരം ജീവനുകള്‍ക്ക് പകരം വയ്ക്കാന്‍ ഈ രാജ്യം ഒന്നാകെ സമര്‍പ്പിച്ചാലും മതിയാകില്ല. അതിനിടയില്‍ മലയാളികളില്‍ ചിലര്‍ ഒത്തുകൂടി, കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് എന്ന സംഘടനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമായി തോന്നി. സംഭവത്തില്‍, അനുശോചനം രേഖപ്പെടുത്തികൊണ്ട് പരുക്കേറ്റവരെയും, കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാദികളെയും, വേഗസില്‍ കുടുങ്ങിപോയവരെയും സഹായിക്കുവാനാണ് സംഘടന മുന്നിട്ടിറങ്ങിയിരിക്കുന്നത്. പത്ത് അംഗങ്ങള്‍ അടങ്ങുന്ന ഓരോ ഗ്രൂപ്പായി തരം തിരിച്ചുള്ള രക്തദാന ക്യാമ്പിനും ഇവര്‍ നേതൃത്വം നല്‍കി. പുറമേ, അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും അംഗങ്ങളുടെ വീട്ടിലെത്തി നേരിട്ട് ശേഖരിച്ചും വിതരണം ചെയ്യുന്നു. സീല്‍ ചെയ്ത ആഹാരസാധനങ്ങളും വാട്ടര്‍ ബോട്ടിലുകളും മാത്രമേ പരിഗണിക്കുകയുള്ളൂ എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.

വേഗസില്‍ വിനോദസഞ്ചാരികളായി എത്തിയ അനേകം മലയാളികള്‍ മടക്കയാത്ര ശരിയാവാതെ വലയുന്നുണ്ട്. അത്തരക്കാര്‍ക്കും അസോസിയേഷനുമായി ബന്ധപ്പെടാവുന്നതാണ്. അത്യാഹിതത്തോട് അനുബന്ധിച്ചു അതീവ കര്‍മ്മനിരതരായ ആതുര രംഗത്ത് ശുശ്രൂഷ ചെയ്യുന്ന ലാസ് വേഗസ് മലയാളികളുടെ സന്നദ്ധത അത്യധികം അഭിനന്ദനീയം തന്നെ. ഇതാണ് യഥാര്‍ത്ഥത്തില്‍ അസോസിയേഷനുകള്‍ ചെയ്യേണ്ടത്. നിങ്ങള്‍ക്ക് ഒരു വലിയ സല്യൂട്ട് !

**** **** **** ***
മുന്‍പൊക്കെ ലോകത്തിലെ ഏറ്റവും മികച്ച വിധത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎസ് പോസ്റ്റല്‍ സര്‍വീസിന് (യുഎസ്പിഎസ്) ഇപ്പോള്‍ പഴയ ആ ഗരിമ ഉണ്ടോയെന്നു സംശയമാണ്. അതിനിടയ്ക്ക് തപാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുവാന്‍ അനുമതിയും തേടിയിരിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതിനിടയില്‍ പിന്നെ നിരക്കുകള്‍ കൂട്ടുകയും കൂടി ചെയ്താലുള്ള അവസ്ഥ എങ്ങനെയിരിക്കും ? വര്‍ധന നാണ്യപ്പെരുപ്പത്തിനെക്കാള്‍ കൂടുതലായതിനാല്‍ അനുമതി നേടണമെന്നാണ് നിയമം. ഒരു സാധാരണ എഴുത്ത് അമേരിക്കയ്ക്കുള്ളില്‍ അയയ്ക്കുവാന്‍ ഇപ്പോള്‍ 49 സെന്റിന്റെ സ്റ്റാമ്പ് ആവശ്യമാണ്. ഇത് നാല് സെന്റ് കൂടി വര്‍ധിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റാമ്പുകള്‍ ഫോര്‍ എവര്‍ പരമ്പരയിലായതിനാല്‍ മാറ്റി പ്രിന്റ് ചെയ്യേണ്ട കാര്യമില്ല. മറ്റ് തപാല്‍ നിരക്കുകളും ആനുപാതികമായി ഉയരും. ഇപ്പോള്‍ കത്തുകള്‍ അയയ്ക്കുന്നവര്‍ തുലോം കുറവാണ്. ഇമെയ്‌ലും വാട്‌സ് ആപ്പും രംഗം പിടിച്ചതോടെ ഇതിനൊക്കെ മിനക്കെടുന്നവര്‍ ഇവിടെയുണ്ടോയെന്നു തന്നെ സംശയമാണ്. ഇതു യുഎസ്പിഎസ് അറിയുന്നില്ലേ?

**** **** **** ***

ഈ വാര്‍ത്ത കൊടുങ്കാറ്റ് ഛിന്നഭിന്നമാക്കിയ ഹൂസ്റ്റണില്‍ നിന്നാണ്. എന്നാല്‍ വാര്‍ത്തയ്ക്ക് കൊടുങ്കാറ്റുമായി ബന്ധമൊന്നുമില്ല. ഇതൊരു മലയാളിയെക്കുറിച്ചാണെന്നു മാത്രം. ഫോര്‍ട്ട് ബെന്റ് കൗണ്ടി കോര്‍ട്ട് (ലോ നമ്പര്‍ 3) ജഡ്ജി സ്ഥാനത്തേക്ക് മലയാളിയായ അറ്റോര്‍ണി ജൂലി മാത്യു മത്സരിക്കുന്നു. കൗണ്ടി കോര്‍ട്ടിലെ നിലവിലുള്ള ഏക വനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലേക്കാണ് ജൂലി മത്സരിക്കുന്നത്. ടെക്‌സസ് ഷുഗര്‍ലാന്റില്‍ നിന്നുള്ള ജൂലി 1980 ല്‍ മാതാപിതാക്കളോടൊപ്പമാണ് അമേരിക്കയില്‍ എത്തിയത്. നിയമ ബിരുദമെടുത്ത ശേഷം ടെക്‌സസിലേക്ക് താമസം മാറ്റി. ഇപ്പോള്‍ ഫോര്‍ട്ട്‌ബെന്റ് കൗണ്ടിയില്‍ ഭര്‍ത്താവ് മാത്യു, മൂന്ന് കുട്ടികള്‍ എന്നിവരോടൊപ്പം താമസിക്കുന്നു. കൗണ്ടി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ജൂലി ഹൂസ്റ്റണ്‍ സാമൂഹ്യ സാംസ്കാരിക വേദികളിലെ സജ്ജീവ സാന്നിധ്യമാണ്. ഒരു മലയാളി എന്ന നിലയില്‍ ജൂലിയുടെ വിജയത്തിനായി പ്രവാസി മലയാളി സമൂഹം ഒറ്റകെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. അതിനായി വേണ്ട പിന്തുണയും നല്‍കണം. ജൂലിക്ക്, എല്ലാവിധ വിജയമംഗളാശംസകളും !

**** **** **** ***

എല്‍മോണ്ടില്‍ താമസിക്കുന്ന ജോസ് ചെരിപുറത്തെക്കുറിച്ച് ഒന്നു പറഞ്ഞു കൊള്ളട്ടെ. അറിയപ്പെടുന്ന സാഹിത്യകാരന്‍, അമേരിക്കയില്‍ മൂന്നു പതിറ്റാണ്ടായി കാര്‍ഷികമേഖലയിലും കഴിവ് തെളിയിച്ചിരിക്കുന്നു. പാലാ ചെങ്ങളം സ്വദേശിയായ ജോസിന്റെ വീടിനോടു ചേര്‍ന്ന പറമ്പ് നല്ലൊരു കൃഷിയിടമാണ്. പാവലം, പടവലം, പയര്‍, വെണ്ട, ചീര, വഴുതന, തക്കാളി, കറിവേപ്പ്, മുല്ല എല്ലാം അദ്ദേഹം കാത്തു സൂക്ഷിച്ചു വളര്‍ത്തുന്നു. ജോസിന്റെ സാഹിത്യസൃഷ്ടിയിലും കൃഷി ടച്ച് ഉണ്ട്. കഥാസമാഹാരത്തിന്റെ ശീര്‍ഷകം തന്നെ "അളിയന്റെ പടവലങ്ങ' എന്നാണ്. കൃഷിയില്‍ ഒപ്പമുള്ള ഭാര്യ ഏലിക്കുട്ടിയും എല്ലാ പിന്തുണയും ജോസിനു നല്‍കുന്നു. അമേരിക്കയിലെത്തി കേരളത്തിന്റെ കൃഷിയില്‍ വിജയക്കൊടി നാട്ടിയ ജോസിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

**** **** **** ***

ദിലീപിന് ഒടുവില്‍ ജാമ്യം കിട്ടി. ബലാത്സംഗ കുറ്റത്തിനു രണ്ടു മാസത്തിലധികം ജയിലില്‍ കിടന്ന ഒരാള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ ഉള്ള സ്വീകരണം ടിവിയില്‍ കണ്ടപ്പോള്‍ ഇതു കേരളത്തില്‍ തന്നെയാണോയെന്നു സംശയിച്ചു പോയി. തെളിവെടുപ്പിന് ദിലീപിനെ എത്തിച്ചപ്പോള്‍ കൂവിയ ജനക്കൂട്ടമാണ് പിന്നീട് ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തിന് ജയ് വിളിച്ചത്. മൂന്നു മാസത്തോളം ജയിലില്‍ കിടന്നതോടെ ദിലീപിനോടുള്ള ജനങ്ങളുടെ മനോഭാവത്തിനുണ്ടായ മാറ്റത്തിനു പിന്നില്‍ എന്താണെന്നു വ്യക്തമാകുന്നില്ല. എന്തായാലും ഒന്നു പറയാം, ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത് കുറ്റാരോപിതനായതു കൊണ്ടാണ്, ആ അര്‍ത്ഥത്തില്‍ ജയിലില്‍ നിന്നിറങ്ങിയ ഒരാളെ പുണ്യവാളനാക്കുന്ന കേരള സ്‌റ്റൈല്‍ ശരിക്കും വേള്‍ഡ് മൊത്തത്തില്‍ ഒന്നു മാതൃകയാക്കാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക