Image

സോളാര്‍ ചൂടില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്, സുധീരന്‍ ഔട്ട് (എ.എസ്)

Published on 22 October, 2017
സോളാര്‍ ചൂടില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്, സുധീരന്‍ ഔട്ട് (എ.എസ്)
ചൂടുപിടിച്ച് തിളച്ച സോളാര്‍ കേസിലെ പിണറായി സര്‍ക്കാര്‍ ആക്രമണം നേരിടുന്നതിലും കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റ് വി.എം സുധീരനെ ഒതുക്കുന്നതിലും കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയുടെ യോഗത്തില്‍ നിന്ന് മനസിലാക്കുന്നത്. സോളാര്‍ ആരോപണങ്ങളേയും കേസുകളേയും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെ.പി.സി.സി തീരുമാനിച്ചിരിക്കുന്നത് സുധീരന്റെ കടുത്ത നിലപാടുകളെ സൗകര്യപൂര്‍വം മറികടന്നുകൊണ്ടാണ്. സോളാര്‍ വിഷയത്തില്‍ അത്ര ആവേശം വേണ്ടെന്ന നിലപാടിലാണ് സുധീരന്‍. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണം വിശ്വസിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസിന് തട്ടിപ്പിലുള്ള പങ്ക് നിസാരമായി കാണാനാവില്ലെന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് സുധീരന്റെ നിലപാട്.

''ചെയ്തുകൂട്ടിയതിന്റെ ദോഷം തീര്‍ക്കാന്‍ രാഷ്ട്രീയമായി നിങ്ങുമെന്ന് പറഞ്ഞാല്‍ ജനങ്ങളെ എത്രത്തോളം ബോധ്യപ്പെടുത്താനാകും. നിയമപരമായി നേരിടുകയാണ് നല്ലത്...'' രാഷ്ട്രീയ കാര്യസമിതിയില്‍ ഉമ്മന്‍ ചാണ്ടിക്കിട്ട് കൊട്ടിക്കൊണ്ട് സുധീരന്‍ ഇങ്ങനെ പറഞ്ഞത്രേ. ഏതായാലും 'ഒറ്റക്കെട്ടാ'യ തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് സുധീരന്‍ അവിടെയുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ കേസ് നിയമപരമായി നേരിടും എന്ന് മാത്രമാണ് തുടക്കം മുതല്‍ക്കേ ഉമ്മന്‍ ചാണ്ടി പറഞ്ഞു കൊണ്ടിരിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് സി.പി.എം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നല്‍കിയതുപോലൊരു പിന്തുണ സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിന്നും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി അമിത താത്പര്യം കാണിക്കേണ്ടെന്ന വാദം കോണ്‍ഗ്രസില്‍ തന്നെ, പ്രത്യേകിച്ചും 'ഐ' വിഭാഗത്തിന്റെ ഇടയില്‍ ശക്തമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യവും അത്ര പന്തിയല്ല. പുനസംഘടനാ വിഷയം കീറാമുട്ടിയായിരിക്കുന്നു. കെ.പി.സി.സി പട്ടികയില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരുമെന്നും, ചര്‍ച്ചകള്‍ക്കായി നേതാക്കളെ വിളിപ്പിക്കില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. നിലപാട് എം.എം. ഹസനെ അറിയിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ പട്ടികയില്‍ ഹൈക്കമാന്‍ഡ് മാറ്റം വരുത്തട്ടെ എന്ന നിലപാടിലാണ് കെ.പി.സ.ിസി.

പുനസംഘടന സംബന്ധിച്ച് ആരും വിട്ടുവീഴ്ചക്ക് തയ്യാറല്ല. തങ്ങളുടെ ഗ്രൂപ്പിന് അര്‍ഹമായത് കിട്ടണമെന്ന വാശിയില്‍ തന്നെയാണ് എല്ലാവരും. പതിവുപോലെ 'എ' യും 'ഐ' യും ചേര്‍ന്ന് നടത്തിയ വീതം വെയ്പ്പ് അംഗീകരിക്കാനാവില്ലെന്ന് വി.എം സുധീരന്‍ പോലും വാദിക്കുന്നു. കേരളത്തില്‍ മാത്രം പുനസംഘടന വൈകുന്നതിലുള്ള കടുത്ത അതൃപ്തി രാഹുല്‍ ഗാന്ധി അടുത്തിടെ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരള നേതാക്കളെ അറിയിച്ചതുമാണ്. എന്നിട്ടും ഒരു സമവായത്തിലെത്താന്‍ കേരള നേതാക്കള്‍ തയ്യാറാവാത്തതില്‍ പാര്‍ട്ടി അണികള്‍ അതൃപ്തരാണ്. എന്നാല്‍ ഇതൊന്നും അറിഞ്ഞ മട്ടിലല്ല കേരള നേതാക്കള്‍. പുനസംഘടന വലിയ കീറാമുട്ടിയായി തുടരുന്നതിനിടയിലാണ് സോളാര്‍ എന്ന ദുര്‍ഭൂതം കടന്നു വന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും അഴിമതി മുതല്‍ ബലാത്സംഗം അടക്കമുള്ള ആരോപണങ്ങളെ നേരിടുന്നുവെന്നതും ഇവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ തുടര്‍ അന്വേഷണത്തിന് മുതിരുന്നുവെന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയെയും നേതൃത്വത്തെയും വല്ലാത്തൊരു വെട്ടിലാണ് വീഴ്ത്തിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക