Image

ദിലീപിന് പുലിവാലായി സ്വകാര്യ ഏജന്‍സിയുടെ സായുധ സുരക്ഷ (ശ്രീകുമാര്‍)

Published on 22 October, 2017
ദിലീപിന് പുലിവാലായി സ്വകാര്യ ഏജന്‍സിയുടെ സായുധ സുരക്ഷ (ശ്രീകുമാര്‍)
നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗൂഡാലോചന കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കെ, ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് അനുദിനം പുതിയ വിവാദങ്ങളിലകപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം ആശുപത്രിയില്‍ കിടന്നതിന് വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തിയ സംഭവത്തില്‍ നടന്‍ ദിലീപിന് പോലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഒപ്പമുള്ളവരുടെ പേരുവിവരങ്ങള്‍ നല്‍കണമെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു. പല കാര്യങ്ങളും ദിലീപ് ഇനി വിശദീകരിക്കേണ്ടി വരും. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ് സാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്.

ഇന്നലെ ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങള്‍ എത്തിയിരുന്നു. 37,000 രൂപയുടെ നിലവിളക്കും ഇവര്‍ ദിലീപിന് നല്‍കാനായി വാങ്ങിയിരുന്നു. പിന്നീട് കൊച്ചിയില്‍ വച്ച് ഇതേ ഏജന്‍സിയുടെ വാഹനം തടഞ്ഞപ്പോള്‍, മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷക്കായി വന്ന വാഹനമാണെന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്ന സംഘം പട്രോളിങ് ടീം എസ്.ഐയെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൊട്ടാരക്കര എസ്.ഐയും സി.ഐയും സ്ഥലത്തെത്തിയെങ്കിലും വഴങ്ങിയില്ല. ഏറെനേരത്തെ തര്‍ക്കത്തിനു ശേഷമാണ് സംഘം പോലീസിനൊപ്പം സ്റ്റേഷനിലേക്കു പോയത്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ പിന്നീട് വിട്ടയച്ചു. രണ്ടു വാഹനങ്ങളിലായി സായുധരായ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. പതിനൊന്ന് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിന്റെ കേരളത്തിലെ ഏജന്‍സിയുടെ ചുമതല റിട്ട. ഐ.പി.എസ് ഓഫീസര്‍ പി. എ വല്‍സനാണ്.

സുരക്ഷയ്ക്കായി സ്വകാര്യ സുരക്ഷ ഏജന്‍സിയെ സമീപിച്ചത് ദിലീപിന് വിനയാവുകയാണ്. പോലീസിനേയോ അന്വേഷണ സംഘത്തേയോ അറിയിക്കാതെയായിരുന്നു ദിലീപ് ഗോവ ആസ്ഥാനമായുള്ള സായുധ സുരക്ഷ ഏജന്‍സിയെ സമീപിച്ചത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിക്ക് എന്തിനാണ് ഇത്തരത്തിലുള്ള സുരക്ഷ സംവിധാനം എന്ന ചോദ്യമാണ് ഉയരുന്നത്. ദിലീപിന് ഏതെങ്കിലും തരത്തില്‍ ജീവന് ഭീഷണിയുണ്ടോ എന്ന ചോദ്യവും ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ ദിലീപ് പരാതിയൊന്നും നല്‍കിയിട്ടില്ല. സായുധ സുരക്ഷയാണോ ദിലീപിന് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്നും പോലീസ് നോട്ടീസില്‍ ചോദിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏതൊക്കെ ആയുധങ്ങളാണ് സുരക്ഷാ ജീവനക്കാരുടെ കൈവശം ഉള്ളത് എന്നതും വിശദമാക്കണം. ജാമ്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് മാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്.

കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് ദിലീപിന് ജാമ്യം നല്‍കിയത്. ആ നിലയ്ക്ക് കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കപ്പെടുന്നയാള്‍ തോക്കുധാരികള്‍ക്കൊപ്പം സഞ്ചരിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് അഭിപ്രായം. ദിലീപിനെതിരെ പൊലീസിന് പുതിയ തെളിവുകള്‍ കിട്ടിയതായും സൂചനയുണ്ട്. കുറ്റപത്രം നല്‍കാനും ഒരുങ്ങുന്നു. ഇതിനിടെ പ്രതി, തോക്കുധാരികള്‍ക്കൊപ്പം നടക്കുന്നത് അന്വേഷണത്തെ പോലും സ്വാധീനിക്കാന്‍ പോന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ സെക്യൂരിറ്റിയുടെ വിഷയം കോടതിയെ അറിയിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. സുരക്ഷ സേനയുടെ സേവനം ഉപയോഗിക്കുന്നത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണോ എന്ന കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നുണ്ട്. സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ ദിലീപ് അക്കാര്യം പോലീസിനേയോ കോടതിയേയോ അറിയിക്കേണ്ടതായിരുന്നു.

എന്നാല്‍ അത് ചെയ്യാതെ സ്വകാര്യ ഏജന്‍സിയെ സമീപിച്ചതാണ് ഇപ്പോള്‍ താരത്തെ വെട്ടിലാക്കിയിരിക്കുന്നത്. ദിലീപിന് സുരക്ഷയുടെ ആവശ്യമില്ലെന്നാണ് പോലീസിന്റെ നിഗമനം. ഗൂഢാലോചനക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ ജാമ്യ ഹര്‍ജിയുടെ വാദത്തിനിടെ ദിലീപിനെതിരെ പോലീസ് സമര്‍പ്പിച്ചിരുന്നു. അതുകൊണ്ടാണ് സായുധ സുരക്ഷ ഒരുക്കിയതില്‍ പോലീസിന്റെ സംശയം. ദിലീപിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ അത് കോടതിയെ അറിയിക്കുമത്രേ. ജാമ്യം റദ്ദാക്കാനുള്ള ആവശ്യം പോലും ഉന്നയിക്കുമെന്നാണ് മനസിലാക്കുന്നത്. പുറത്ത് പ്രതി സുരക്ഷിതനല്ലെങ്കില്‍ ജയിലിനുള്ളില്‍ കിടക്കുന്നതല്ലേ നല്ലതെന്ന ചോദ്യമാകും പൊലീസ് ഉയര്‍ത്തുക. സുരക്ഷാ വാഹനങ്ങള്‍ സൈറണ്‍ ഇട്ട് ചീറിപ്പായുന്നതും ലൈറ്റ് ഉപയോഗിക്കുന്നതും ചട്ടലംഘനമാണ്. ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങളുണ്ട്.

അതേസമയം, സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ ദിലീപോ അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ളതാണ് ദിലീപ് ഏര്‍പ്പെടുത്തിയ ഏജന്‍സി. ഇതില്‍ ആയിരത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നു. കേരളത്തില്‍ നൂറോളം പേരുണ്ട്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണു സുരക്ഷാ ഭടന്മാരുടെ ജോലി. മൂന്നുപേരെ 24 മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിനു കൈമാറുക തുടങ്ങിയ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. ബോളിവുഡ് താരങ്ങള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനമാണിത്. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള കേരള പൊലീസിലെ കമാന്‍ഡോ യൂണിറ്റായ തണ്ടര്‍ ബോള്‍ട്ടിന്റെ അതേ യൂണിഫോമാണ് തണ്ടര്‍ ഫോഴ്‌സിന്റേതും.

ദിലീപ് ജാമ്യം നേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തണ്ടര്‍ഫോഴ്‌സിന്റെ വരവ്. ദിലീപിന് ഇപ്പോള്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍, കോടതിയുടെ കര്‍ശന നിര്‍ദ്ദേശം കഴിയുന്നതോടെ ദിലീപ് ചില തുറന്നു പറച്ചിലുകള്‍ നടത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മാത്രമല്ല, നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ പള്‍സര്‍ സുനിയോട് അടുപ്പമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ കൊച്ചിയില്‍ വിലസുന്നുണ്ട്. ഇവരും താരത്തിന് ഭീഷണി ഉയര്‍ത്തുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയത്. നേരത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം പല പ്രമുഖരുടെയും പണം കൈകാര്യം ചെയ്തത് ദിലീപാണെന്ന് വ്യക്തമായിരുന്നു. അടുത്തിടെ ഇത്തരം സംഘങ്ങള്‍ ക്വട്ടേഷന്‍ ടീമുകളെ ഉപയോഗിക്കുന്നതും പതിവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ദിലീപ് സ്വകാര്യ സുരക്ഷ തേടിയതത്രേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക