Image

ഷെറിന്‍ നീ എവിടെ? (ഷിജി അലക്‌സ്, ഷിക്കാഗോ)

Published on 22 October, 2017
ഷെറിന്‍ നീ എവിടെ? (ഷിജി അലക്‌സ്, ഷിക്കാഗോ)
നീ എവിടെയാണ് , നിനക്ക് എന്തുപറ്റി എന്നൊന്നും എനിക്കറിയില്ല.നിയമവ്യവസ്ഥകളില്‍ വിശ്വാസം ഉള്ളത് കൊണ്ട് ആ കാര്യങ്ങളിലേക്കും ഞാന്‍ കടക്കുന്നില്ല.

നീ എവിടെ ജനിച്ചു ,നിന്റെ 'അമ്മ നിനക്കിട്ട പേരെന്താണ് , സ്‌നേഹത്തിലാണോ അതോ വെറുപ്പിലാണോ നീ ജനിച്ചത് , അമ്മക്ക് അപമാനമായി ജനിച്ചത് കൊണ്ടാണോ അതോ പെണ്ണായി പിറന്നത് കൊണ്ടാണോ നീ ഉറ്റവരാല്‍ ഉപേക്ഷിക്കപെട്ടതു?
ഒന്നുമറിയില്ല കുഞ്ഞേ.

അനാഥാലയത്തിന്റെ പടിക്കെട്ടില്‍ മുഷിഞ്ഞ വസ്ത്രവുമായി , ഒരുതുള്ളി വെള്ളത്തിന് വേണ്ടി കാത്തിരുന്ന നിനക്ക് അവരിട്ട പേര് സരസ്വതി , അര്‍ഥം എല്ലാ വെള്ളങ്ങളും വഹിക്കുന്ന ഐശ്വര്യ ദേവത.ആ നിന്നെ ഇപ്പോള്‍ അരുവികളിലും അഴുക്കുചാലുകളിലും പോലീസും നാട്ടുകാരും തേടുന്നു. ബീഹാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കുറ്റികാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിന്നെ അമേരിക്കന്‍ ഐക്യ നാടുകളിലെ അത്യാധുനിക നഗരത്തിലെ കുറ്റിക്കാടുകളില്‍ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് അന്വേഷിക്കുന്നു.മൂന്നു വയസിനുള്ളില്‍ നീ കണ്ടുമുട്ടിയ ആളുകള്‍ , ദൈവങ്ങള്‍ , കേട്ട ഭാഷകള്‍ , രുചിച്ച ഭക്ഷണങ്ങള്‍ .....

നിന്റെ തേങ്ങലുകള്‍ക്കു ആരെങ്കിലും കാതോര്‍ത്തിട്ടുണ്ടാകുമോ ?
നിന്റെ കണ്ണുനീര്‍ തുടക്കാന്‍ ഏതെങ്കിലും കൈവിരലുകള്‍ ശ്രമിച്ചിട്ടുണ്ടാകുമോ ?
അല്പം സ്‌നേഹത്തിന്റെ ചൂട് ഏതെങ്കിലും നെഞ്ചില്‍ നിന്ന് പകര്‍ന്നു കിട്ടിയിട്ടുണ്ടാകുമോ?
നിന്നെയിപ്പോള്‍ ഈ ലോകം സ്‌നേഹിക്കുന്നു , നിനക്ക് വേണ്ടി ഞങ്ങള്‍ കേഴുന്നു.
പക്ഷെ നീ അതറിയുന്നുണ്ടോ ?

നീ ഒരു നീര്‍കുടം നെഞ്ചില്‍ തന്നിട്ടാണ് അപ്രത്യക്ഷയായതു.
അത് വക്കു പൊട്ടി പലപ്പോഴും കണ്ണിലൂടെ ഒഴുകുന്നു.
ഷെറിന്‍, അത് നിന്റെ പുതിയ പേര്.
നീ എവിടെയാണ്.

നിന്റെ കുഞ്ഞുമനസ്സിന്റെ വിങ്ങലുകള്‍ക്കു മുന്നില്‍ നിനക്ക് കരുണ നിഷേധിച്ചവര്‍ക്ക് മാപ്പില്ല മകളെ.

നീ ജീവിച്ചിരിക്കുന്നെങ്കില് , സുരക്ഷിത ആയിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
പക്ഷെ നിന്റെ കണ്ണീരിന്റെ ചൂടില്‍ ആരും വെന്തുരുകാതിരിക്കട്ടെ

ഷിജി അലക്‌സ്, ഷിക്കാഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക