Image

നല്ല സിനിമയുടെ കാഴ്‌ചാനുഭവമായി `കാറ്റ്‌'

Published on 22 October, 2017
നല്ല സിനിമയുടെ കാഴ്‌ചാനുഭവമായി `കാറ്റ്‌'


അരുണ്‍കുമാര്‍ അരവിന്ദ്‌ എന്ന സംവിധായകന്‍ തന്റെ പ്രതിഭ ഒരിക്കല്‍കൂടി തെളിയിക്കുന്ന ചിത്രമാണ്‌ കാറ്റ്‌. പത്മരാജന്റെ ചെറുകഥയായ `റാണിമാര്‍ ഉറങ്ങുന്ന കുടുംബം' മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയൊരുക്കി എന്നതായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. മലയാളികള്‍ കണ്ടുമടുത്ത ജീവിത പരിസരങ്ങളില്‍ നിന്നും മാറിയാണ്‌ ഇത്തവണ സംവിധായകന്‍ ക്യാമറ സൂം ചെയ്‌തിരിക്കുന്നത്‌.

തമിഴ്‌നാട്ടിലെ ഒരുള്‍ഗ്രാമത്തിലെ മനുഷ്യത്വരഹിതമായ ചില നിയമങ്ങളെയും ചില കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടാണ്‌ ചിത്രം ആരംഭിക്കുന്നത്‌. അതിനു ശേഷമാണ്‌ കഥ കേരളത്തിലെ ഗ്രാമത്തിലേക്ക്‌ എത്തുന്നത്‌. ഇവിടെ ചെല്ലപ്പന്‍(മുരളീ ഗോപി) നൂഹുക്കണ്ണ്‌(ആസിഫ്‌ അലി) എന്നിവരുടെ ജീവിതമാണ്‌ ചിത്രം അനാവരണം ചെയ്യുന്നത്‌.
ബുദ്ധിമാന്ദ്യമുള്ള നൂഹുക്കണ്ണിന്‌ ഷാപ്പുമുതലാളിയില്‍ നിന്നും എന്നും പീഡനമാണ്‌. അയാളുടെ ചെയ്‌തികളില്‍ നിന്നും നൂഹുവിനെ രക്ഷിക്കുന്നതിനായി അടിപിടി നടത്തുകയാണ്‌ ചെല്ലപ്പന്‍. കഥയുടെ തുടക്കം ഈ തല്ലുകൂടലില്‍ നിന്നാണ്‌. ഇങ്ങനെ തല്ലും ഇഷ്‌ടംപോലെ കള്ളുകുടിയും പിന്നെ കാണുന്ന പെണ്ണുങ്ങളുടെ പിന്നാലെയുള്ള പാച്ചിലും. ഇതാണ്‌ ചെല്ലപ്പന്റെ ജീവിതം.

 പടക്കമുണ്ടാക്കുകയാണ്‌ ജോലി. ഇതില്‍ നിന്നു കിട്ടുന്ന വരുമാനമാണ്‌ ഉപജീവനമാര്‍ഗം.
മൂപ്പന്‍(പങ്കന്‍ താമരശ്ശേരി) പോളി(ഉണ്ണി.രാജന്‍.പി.ദേവ്‌) എന്നിവരുമായി ചേര്‍ന്നാണ്‌ ചെല്ലപ്പന്റെ പടക്ക നിര്‍മാണം. ഇടയ്‌ക്കിടെ ചില പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും പടക്ക നിര്‍മാണവും ജീവിതവുമൊക്കെ വലിയ കുഴപ്പമില്ലാതെ നടന്നു പോകുന്നു. പെട്ടെന്നാണ്‌ മൂപ്പന്റെ മരണം. തുടര്‍ന്ന്‌ പങ്കുകച്ചവടത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. അതുഗുരുതരമാകുന്നതോടെ പരസ്‌പരം കച്ചവടത്തില്‍ നിന്നു പിന്തിരിയുകയാണ്‌ ചെല്ലപ്പനും മറ്റുള്ളവരും. ഇതിനിടയില്‍ നൂഹുകണ്ണിന്റെ കാമുകിയായ ഉമ്മുകൊലുസുവിനെ (മാനസ രാധാകൃഷ്‌ണന്‍) കാണാതാകുന്നു. ഇത്‌ കഥയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഊഹിച്ചെടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള കഥ പറച്ചിലാണ്‌ പിന്നീട്‌.

കഥാപാത്രങ്ങളുടെ അസാധാരണായ പ്രകടനം തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്‌. ചെല്ലപ്പനായി വേഷമിട്ട മുരളീഗോപിയുടെ കരിയറില്‍ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രതതിലേത്‌ എന്ന കാര്യത്തില്‍ സംശയമില്ല. അത്ര ഒറിജിനലിറ്റിയോടെയാണ്‌ മുരളീ ഗോപി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. ചെല്ലപ്പനായി മുരളി ജീവിക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. വഴക്കാളിയും തെമ്മാടിയും മദ്യപാനിയും സ്‌ത്രീലമ്പടനുമായ ഒരു പരുക്കന്‍ ഗ്രാമീണന്റെ സംഭാഷണവും ശരീരഭാഷയുമെല്ലാം അതിഗംഭീരമായി തന്നെ മുരളി അവതരിപ്പിച്ചു. അതുപോലെ തന്നെയാണ്‌ നൂഹുകണ്ണായി വേഷമിട്ട ആസിഫ്‌ അലിയും. രൂപത്തിലും ഭാവത്തിലും വര്‍ത്തമാനത്തിലുമെല്ലാം ബുദ്ധിമാന്ദ്യമുള്ള അക്ഷരാഭ്യാസമില്ലാത്ത പയ്യനായി ആസിഫും തകര്‍ത്തഭിനയിച്ചു. ആസിഫിന്റെയും കരിയറിലെ ഒരു നല്ല കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഉമ്മുക്കൊലുസുവായി വന്ന മാനസയും മൂപ്പനായി വേഷമിട്ട പങ്കന്‍ താമരശ്ശേരിയും ഒട്ടും മോശമാക്കിയില്ല.

അന്തപത്മനഭന്റെ തിരക്കഥയാണ്‌ ചിത്രത്തിന്റെ ആണിക്കല്ല്‌. ചെറുകഥ തിരക്കഥയാക്കിയപ്പോള്‍ ഒട്ടും തന്നെ ഗാംഭീര്യം ചോര്‍ന്നു പോകാതെ അഭ്രപാളികളിലാക്കാന്‍
സംവിധായകനും കഴിഞ്ഞു. ഇടവേളയ്‌ക്കു ശേഷം കഥപറച്ചിലില്‍ കുറച്ചു സങ്കീര്‍ണത അനുഭവപ്പെടുന്നുണ്ടെങ്കിലും പ്രേക്ഷകനെ അത്‌ മുഷിപ്പിക്കുന്നില്ല. ക്‌ളൈമാക്‌സിലേക്ക്‌ എത്തുന്നതു വരെയും എന്തു സംഭവിക്കും എന്ന ആകാംക്ഷയും നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്‌.

ഛായാഗ്രഹണമാണ്‌ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പഴയ തമിഴ്‌ ഗ്രാമങ്ങളെയും കേരളത്തിലെ ഗ്രാമങ്ങളെയും അതിന്റെ ഭംഗിയുമെല്ലാം തനിമയോടെ ഒപ്പിയെടുത്തിരിക്കുകയാണ്‌ പ്രശാന്ത്‌ രവീന്ദ്രന്റെ ക്യാമറ. ദീപക്‌ദേവിന്റെ സംവിധാനവും മികച്ചതാണ്‌. നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്‌ `കാറ്റ്‌' എന്നതില്‍ സംശയമില്ല.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക