Image

ദേവാലയ കൂദാശ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ബാള്‍ട്ടിമോര്‍, മേരിലാന്റ്

രാജു പല്ലത്ത്‌ Published on 23 October, 2017
ദേവാലയ കൂദാശ സെന്റ്  തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ബാള്‍ട്ടിമോര്‍, മേരിലാന്റ്
പുനര്‍നവീകരിച്ച ബാള്‍ട്ടിമോര്‍ സെന്റ്  തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠയും 2017 ഒക്ടോബര്‍ 27- 28 തിയ്യതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെയും, ഡല്‍ഹി ഭദ്രാസനാധിപന്‍  യൂഹനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെയും കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും സഹോദരി സഭകളിലെ വൈദികരും ജനങ്ങളും ചടങ്ങുകളില്‍ സംബന്ധിക്കും.

ബാള്‍ട്ടിമോറില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഓര്‍ത്തഡോക്‌സ് ആരാധന, പിന്നീട് ആദ്യ കാല പ്രവാസികളായ നിരവധി പേരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ബാള്‍ട്ടിമോര്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ആയി.  അവരുടെ ഏവരുടേയും പരിശ്രമങ്ങളെയും പ്രാര്‍ത്ഥനകളേയും നന്ദിയോടെ ഞങ്ങള്‍ സ്മരിക്കുന്നു. പുണ്യശ്ലോകരായ അഭി തോമസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ് എന്നീ മെത്രാപ്പോലീത്താമാരുടെ പ്രോത്സാഹനവും നേതൃത്വവും ഇടവകയുടെ ഉന്നതിക്ക് കാരണമായി. വന്ദ്യ എം ടി കുരിയന്‍ അച്ചന്‍, ജി നൈനാന്‍ അച്ചന്‍ എന്നിവരുടെ നേതൃത്വത്തെ ഈ സമയത്ത് ശ്ലാഘിക്കുന്നു.

1999 ല്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ വികാരി റവ. ഫാ. കെ. പി. വര്‍ഗീസ് അച്ചനെ വികാരിയായി നിയമിച്ചു. അംഗസംഖ്യ കുറവായിരുന്നു എങ്കിലും ഇടവക ജനങ്ങളുടെ ആത്മാര്‍ഥ  ശ്രമ ഫലമായി 2001 മുതല്‍ സ്വന്തമായ ദേവാലയം പണിതു ആരാധന നടത്തി വരികയായിരുന്നു.

2016 ല്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയത് ദേവാലയം നവീകരിക്കണമെന്നുള്ള ചിരകാല ചിന്തകള്‍ക്ക് ഊര്‍ജം പകര്‍ന്നു. പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 200 ല്‍ പരം ജനങ്ങള്‍ക്ക് ആരാധനയില്‍ പങ്കെടുക്കാനും ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഹാളും മറ്റു എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് പുതിയ ദേവാലയം പൂര്‍ത്തിയായിരിക്കുന്നത്. അതുല്യമായ ദൈവകൃപയും ഇടവകയുടെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ മധ്യസ്ഥതയും ഇടവക ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹായവും പ്രവര്‍ത്തനങ്ങളും ദേവാലയ നവീകരണത്തിന് ശക്തി പകര്‍ന്നു. ഫാ. കെ. പി. വര്‍ഗീസ് അച്ചന്റെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റിയില്‍ വര്‍ഗീസ് മത്തായി (ട്രസ്റ്റി), റോണി മാത്യൂസ് (സെക്രട്ടറി) തോമസ് ജോര്‍ജ്, ബാബു ഇടാത്തിക്കുന്നേല്‍, സാറാമ്മ ജോഷ്വാ, സാബു കുര്യന്‍, ബോബി ജോണ്‍, ഫിലിപ്പ് ഫിലിപ്പോസ്, അജി മാത്യു, എ. വി. വര്‍ഗീസ്, ഡോ. എബ്രഹാം ഈപ്പന്‍ എന്നിവര്‍ അംഗങ്ങളാണ്.

മാത്യു അലോത്തിന്റെ നേതൃത്വത്തില്‍ എബ്രഹാം ഈപ്പന്‍, വര്‍ഗീസ് കുര്യന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ദൈവിക കൃപയില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള ഈ ദേവാലയത്തിന്റെ പ്രതിഷ്ഠാ, കൂദാശ ശുശ്രൂഷകളില്‍ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നു.
ദേവാലയ കൂദാശ സെന്റ്  തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി, ബാള്‍ട്ടിമോര്‍, മേരിലാന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക