Image

ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം

Published on 23 October, 2017
ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം

റാഞ്ചി: ജാര്‍ഖണ്ഡില്‍ പട്ടിണി മൂലം 11 കാരി മരിച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു പട്ടിണി മരണം കൂടി. 45 കാരനായ റിക്ഷാ െ്രെഡവര്‍ ബൈദ്യനാഥ്‌ ദാസാണ്‌ മരിച്ചത്‌. കഴിഞ്ഞദിവസം രാവിലെയാണ്‌ ജരിയയിലെ മംഗ്ര സ്വദേശിയായ ബൈദ്യനാഥ്‌ മരണപ്പെട്ടത്‌.

ആസ്‌മ മൂലം ഒരുമാസമായി റിക്ഷാവലിക്കാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞ ബൈദ്യനാഥ്‌ പട്ടിണികൊണ്ടാണു മരിച്ചതെന്നു വാര്‍ഡ്‌ കൗണ്‍സിലര്‍ ശൈലേന്ദ്ര സിങ്‌ പറഞ്ഞു. ദിവസങ്ങളായി തങ്ങള്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്നും മരുന്നു വാങ്ങാന്‍ വരെ പണമില്ലെന്നും ബൈദ്യനാഥിന്റെ ഭാര്യ പാര്‍വതി പറഞ്ഞു.

ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ഇവര്‍ക്കു റേഷന്‍കാര്‍ഡില്ല. വാര്‍ഡ്‌ കൗണ്‍സിലറുടെ നേതൃത്വത്തില്‍ റേഷന്‍ കാര്‍ഡിനായി എ.ഡി.എമ്മിനും സപ്ലൈ ഓഫിസര്‍ക്കും അപേക്ഷ നല്‍കിയിട്ടും ഇതുവരെ തീരുമാനമായിട്ടില്ല. തങ്ങളുടെ വീട്ടില്‍ ഭക്ഷണമുണ്ടായിട്ട്‌ 15 ദിവസമായെന്ന്‌ മരണപ്പെട്ട ദാസിന്റെ മകള്‍ സുമന്‍ പറയുന്നു.

'അമ്മയ്‌ക്ക്‌ വീട്ടുജോലിയാണ്‌. മാസം 400 രൂപയാണ്‌ കൂലി. അച്ഛന്‍ റിക്ഷ വലിച്ചാണ്‌കുടുംബം പുലര്‍ത്തിയിരുന്നത്‌. വീട്ടില്‍ എല്ലാവര്‍ക്കും ആധാര്‍ ഉണ്ട്‌. റേഷന്‍ കാര്‍ഡിന്‌ അപേക്ഷിച്ചിട്ടും കിട്ടിയിട്ടില്ല' സുമന്‍ പറയുന്നു. സുമനുള്‍പ്പെടെ അഞ്ച്‌ മക്കളാണ്‌ മരണപ്പെട്ട ബൈദ്യനാഥിനുള്ളത്‌.

ബൈദ്യനാഥിന്റെ ജ്യേഷ്‌ഠന്‍ ജാഗോ ദാസിന്റെ പേരിലായിരുന്നു ഇവരുടെ കാര്‍ഡ്‌. ഒരുവര്‍ഷം മുമ്പ്‌ ജാഗോ മരിച്ചതിനെത്തുടര്‍ന്ന്‌ കാര്‍ഡ്‌ റദ്ദാക്കുകയായിരുന്നു. പേരുമാറ്റി പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയില്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

പട്ടിണി മരണത്തിന്റെ വാര്‍ത്ത പുറത്ത്‌ വന്നതോടെ ധന്‍ബാദ്‌ ഡപ്യൂട്ടി കമ്മീഷണര്‍ കുടുംബത്തിന്‌ 20,000 രൂപയും 50 കിലോഗ്രാം ഭക്ഷ്യധാന്യവും നല്‍കിയിട്ടുണ്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക