Image

സുരക്ഷാ ഭീഷണിയുണ്ട്‌: 'പ്രത്യേക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിട്ടില്ലന്നും ദിലീപ്‌

Published on 23 October, 2017
സുരക്ഷാ ഭീഷണിയുണ്ട്‌:  'പ്രത്യേക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിട്ടില്ലന്നും ദിലീപ്‌

 നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയവെ സുരക്ഷയ്‌ക്കായി സ്വകാര്യ ഏജന്‍സിയെ നിയമിച്ച വിഷയത്തില്‍ ദിലീപ്‌ പൊലീസിന്‌ വിശദീകരണം നല്‍കി.
കേസ്‌ നല്‍കിയവരില്‍ നിന്നും തനിക്ക്‌ സുരക്ഷാഭീഷണിയുണ്ടെന്നും അതുകൊണ്ടാണ്‌ സുരക്ഷാ ഏജന്‍സിയെ നിയമിക്കാന്‍ തീരുമാനിച്ചതെന്നുമാണ്‌ ദിലീപ്‌ പറഞ്ഞത്‌.

സുരക്ഷാ ഏജന്‍സിയെ നിയമിച്ചിട്ടില്ലെന്നും അതിന്റെ കൂടിയാലോചനയ്‌ക്കായി അവരെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തുക മാത്രമാണ്‌ ചെയ്‌തതെന്നുമാണ്‌ ദീലീപ്‌ വിശദീകരണം നല്‍കിയത്‌.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ്‌ എന്ന സ്വകാര്യ സുരക്ഷാ സേനയിലെ മൂന്ന്‌ ഉദ്യോഗസ്ഥര്‍ ദിലീപിന്റെ സംരക്ഷണം ഏറ്റെടുത്തതായായിരുന്നു റിപ്പോര്‍ട്ട്‌.
ദിലീപിന്റ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക്‌ തണ്ടര്‍ഫോഴ്‌സ്‌ എന്നെഴുതിയ സുരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നു. 

ഇതിനിടെ ഇവരുടെ വാഹനം പൊലീസ്‌ കസ്റ്റഡിയിലെടുക്കുകയും സായുധസേനയാണോ എന്ന്‌ പരിശോധിക്കുകയും ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെയായിരുന്നു സുരക്ഷാ സേനയെ നിയമിക്കാനുള്ള കാരണം വിശദമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദിലീപിന്‌ പൊലീസ്‌ നോട്ടീസ്‌ അയച്ചത്‌.

ദിലീപിന്‌ ജിവന്‌ ഭിഷണിയുളളതായി അറിയില്ലെന്നും ഇതിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ച്‌ വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ശനമായ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപ്‌ ഇത്തരത്തില്‍ സംരക്ഷണം തേടിയ സാഹചര്യമാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുക.

എന്തിന്‌ സുരക്ഷ തേടി എന്ന കാര്യം വിശദീകരിക്കണമെന്നും സുരക്ഷ ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ലൈസന്‍സ്‌ ഹാജരാക്കണമെന്നുമായിരുന്നു പോലീസ്‌ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്‌. ഇതു സംബന്ധിച്ച്‌ സ്വകാര്യ ഏജന്‍സിക്കും പൊലീസ്‌ നോട്ടീസ്‌ അയച്ചിരുന്നു.


 സുരക്ഷാ ഏജന്‍സിയുടെ വാഹനം കഴിഞ്ഞ ദിവസം പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജനമധ്യത്തില്‍ ദിലീപ്‌ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ സുരക്ഷയ്‌ക്കായി പ്രത്യേക സേനയെ നിയോഗിച്ചതെന്നായിരുന്നു വിലയിരുത്തലുകള്‍.

രാജ്യത്ത്‌ 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ്‌ തണ്ടര്‍ ഫോഴ്‌സ്‌. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക്‌ തൃശൂര്‍, പാലക്കാട്‌ ജില്ലകളില്‍ ഓഫിസുകളുണ്ട്‌. റിട്ട. ഐപിഎസ്‌ പി.എ. വല്‍സനാണ്‌ കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക