Image

ഐ.വി ശശി: മോഹം ബാക്കിവച്ചകന്നു പോയ എക്കാലത്തെയും ഹിറ്റ് മേക്കര്‍

എ.എസ് Published on 24 October, 2017
ഐ.വി ശശി: മോഹം ബാക്കിവച്ചകന്നു പോയ എക്കാലത്തെയും ഹിറ്റ് മേക്കര്‍
മലയാള സിനിമയ്ക്ക് എണ്ണമറ്റ ഹിറ്റുകള്‍ സമ്മാനിച്ച ഐ.വി ശശിയുടെ വിയോഗത്തോടെ ഒരു സുവര്‍ണ കാലഘട്ടത്തിന് തിരശീല വീണിരിക്കുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു 69 കാരനായ ഈ ചലചിത്ര പഭതിഭയുടെ അന്ത്യം. ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ.വി. ശശി 150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. മലയാള സിനിമയില്‍ ഒരു വിപ്ലവം സൃഷ്ടിച്ച സംവിധായകനാണ് ഐവി ശശി. പലരും ചെയ്യാന്‍ മടിച്ച കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം ചെയ്തു. 'അവളുടെ രാവുകള്‍' എന്ന ചിത്രം തന്നെ അതിന് ഉദാഹരണമാണ്. മലയാള സിനിമയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഐ.വി ശശിയുടെ വലിയ സംഭാവനയുണ്ട്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.1968ല്‍ എ.ബിരാജിന്റെ 'കളിയല്ല കല്ല്യാണം' എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തിയേഴാം വയസ്സില്‍ തന്നെ സംധായകനായെങ്കിലംു 1975ല്‍ പുറത്തിറങ്ങിയ, ഉമ്മര്‍ നായകനായ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. എഴുപതുകളുടെ അവസാനം ഐ.വി ശശി-ഷെരീഫ് കൂട്ടുകെട്ട് വന്‍ തരംഗം തന്നെ സൃഷ്ടിച്ചു. അവളുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ആലപ്പി ഷെരീഫ് ആയിരുന്നു. 2015 ഡിസംബര്‍ 15ന് ഇദ്ദേഹം അന്തരിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി ശശി. 1977ല്‍ മാത്രം ഇദ്ദേഹം പന്ത്രണ്ട് സിനിമകള്‍ പുറത്തിറക്കി ഇതില്‍ എട്ടെണ്ണവും ഹിറ്റുകളായി. ആലപ്പി ഷെറീഫിന് പുറമെ പത്മരാജന്‍, എം.ടി, ടി ദാമോദരന്‍ എന്നിവരുടെ തിക്കഥകളാണ് ഐ.വിശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്തു.

അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിം, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. 'അവളുടെ രാവുകള്‍' എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ വന്‍ വിജയ ചിത്രമാണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആയിരുന്നു അവസാന സിനിമ. മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. 

അവളുടെ രാവുകള്‍ എന്ന ചിത്രം ഐ.വി ശശിയെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തി. ഈ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സീമ പിന്നീട് ഐ.വി ശശിയുടെ ജീവിത സഖിയും ആയി. അനു, അനി എന്നിവരാണ് മക്കള്‍.  മലയാളത്തിലെ ആദ്യ അഡള്‍ട്ട്‌സ് ഓണ്‍ലി ചിത്രമായിരുന്നു 'അവളുടെ രാവുകള്‍'. എന്നാല്‍ ഒരു ഇക്കിളിപ്പടം എന്ന പ്രതിച്ഛായയല്ല ഇന്ന് അതിന്. അതുവരെ ആരും പറയാത്ത ഒരു സ്ത്രീപക്ഷ സിനിമ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വേറിട്ട ശബ്ദമാണ് ഇ ചിത്രത്തിലൂടെ കേട്ടത്.

1982ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2015ലെ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഐ.വി ശശിക്കായിരുന്നു. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും അംഗീകാരപ്പട്ടികയ്ക്ക് മാറ്റുകൂട്ടുന്നു. മെഗാസ്റ്റാര്‍ ആയി വളര്‍ന്ന മമ്മൂട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമാണ് ഐ.വി ശശിക്കുള്ളത്. ഇദ്ദേഹത്തിന്റെ സിനിമകളിലൂടെ ആയിരുന്നു മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാലും സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിയത്.

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു വമ്പന്‍ ചിത്രം ചെയ്തുകൊണ്ട് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു ഐ.വി ശശി. 'ബോണിങ് ബെല്‍സ്' എന്ന ഈ ചിത്രം മലയാള സിനിമയില്‍ ചരിത്രമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശം ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. 33 ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ നായകനായി എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രം ഇന്ത്യന്‍ സിനിമ കാണാനിരിക്കുന്ന ദൃശ്യ വിസ്മയമായിരിക്കുമെന്നാണ് നിര്‍മാതാവ് സോഹന്‍ റോയി പറഞ്ഞത്. ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റുക എന്നതാണ് ബോണിങ് ബെല്‍സിന്റെ ലക്ഷ്യമെന്നും നിര്‍മാതാവ് പറഞ്ഞിരുന്നു. 2019 ല്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ ആ സ്വപ്‌നം സഫലമാക്കാന്‍ കഴിയാതെ ഐ.വി ശശി ഓര്‍മച്ചെപ്പിലൊളിച്ചു.

ഐ.വി ശശി: മോഹം ബാക്കിവച്ചകന്നു പോയ എക്കാലത്തെയും ഹിറ്റ് മേക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക