Image

സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

Published on 24 October, 2017
സംവിധായകന്‍ ഐ വി ശശി അന്തരിച്ചു
കൊച്ചി :പ്രശസ്‌ത സംവിധായകന്‍ ഐ.വി ശശി (69) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഇന്ന്‌ രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകവേയാണ്‌ മരിച്ചത്‌. 

കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. 
 പ്രമുഖ നടി സീമയാണ്‌ ഭാര്യ. അനു, അനി എന്നിവരാണ്‌ മക്കള്‍.  പ്രശസ്‌ത സംധായകന്‍ പി.എന്‍ മേനോന്റെ മരുമകനാണ്‌.ഓസ്‌ട്രേലിയയിലുള്ള മകള്‍ വന്ന ശേഷമാകും സംസ്‌കാരം .

അങ്ങാടി, അതിരാത്രം, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍ തുടങ്ങി 150 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. തന്റേതായ ശൈലിയിലും സംവിധാ
 രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നിന്നു.

കോഴിക്കോട്‌ വെസ്റ്റ്‌ഹില്‍ സ്വദേശിയായ ഐ വി ശശി മദ്രാസ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ നിന്ന്‌ ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ്‌ സിനിമയിലെത്തിയത്‌. 

ഇരുപ്പം വീട്‌ ശശിധരന്‍ എന്നാണ്‌ മുഴുവന്‍ പേര്‌. 

മലയാളത്തിനു പുറമേ തമിഴ്‌, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്‌

1968ല്‍ എ ബി രാജിന്റെ 'കളിയല്ല കല്ല്യാണം' എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പിന്നീട്‌ സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 

ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സില്‍ സംവിധാനം ചെയ്‌തു. ഈ ചലച്ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര്‌ ചേര്‍ത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്‌ത ചലച്ചിത്രം വന്‍വിജയമായി

ആദ്യ സംവിധാനം ചെയ്‌തതായി അറിയപ്പെടുന്ന ചലച്ചിത്രം 'ഉത്സവം' ആണ്‌. പിന്നീട്‌ വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്‌. ഈ ചലച്ചിത്രം പിന്നീട്‌ ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

1982ല്‍ ആരൂഡത്തിന്‌ ദേശീയോദ്‌ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ്‌ നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്‌, ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്‌, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും 2015ല്‍ ഫിലിം ഫെയറിന്റെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്‌.

മലയാള സിനിമയിലെ വിവിധ തലമുറകളെ കൂട്ടിയിണക്കി സിനിമ സംവിധാനം ചെയ്‌തു. ഇന്നത്തെയും പഴയ തലമുറയിലെയും സൂപ്പര്‍ താരങ്ങളില്‍ പലരെയയും സൃഷ്ടിച്ചത്‌ ഐ.വി ശശിയുടെ സിനിമയാണ്‌. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്‌തതില്‍ ഒരാളാണ്‌ ശശി. സംവിധായകന്‍ ശശി കുമാറിനെ പോലെ ഹിറ്റ്‌ മേക്കര്‍ എന്ന വിശേഷണത്തിന്‌ ചേരുന്ന വ്യക്തി കൂടിയാണ്‌.

മലയാള സിനിമയില്‍ ആള്‍കൂട്ടങ്ങളെ ഫ്രെയിമില്‍ നിര്‍ത്താന്‍ ധൈര്യം കാണിച്ച സംവിധായകന്‍ എന്ന പേരും അദ്ദേഹത്തിന്‌ സ്വന്തം. പി.പത്മരാജന്‍, എം.ടി വാസുദേവന്‍ നായര്‍, ടി. ദാമോദരന്‍, ജോണ്‍പോള്‍ തുടങ്ങിയ പ്രശസ്‌ത തിരക്കഥാകൃത്തുക്കളുടെ രചനകള്‍ അതേപടി ഉള്‍ക്കൊണ്ട്‌ സിനിമ ചെയ്യാന്‍ ശശിയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

 മലയാള സിനിമയില്‍ വലിയ ക്യാന്‍വാസ്‌ എന്ന്‌ പറയാവുന്ന ചിത്രങ്ങളാണ്‌ ശശിയുടെത്‌. പ്രമേയവും താരബാഹുല്യവും കൊണ്ട്‌ മലയാളത്തില്‍ അദ്ദേഹത്തെ പോലെ വലിയ ക്യാന്‍വാസ്‌ സ്വന്തമാക്കിയ സംവിധായകര്‍ കുറവാണ്‌.

സാമൂഹിക പ്രതിബന്ധതയുള്ള സിനിമകള്‍ സമകാലിക വിഷയങ്ങള്‍ മലയാളത്തില്‍ പരിചയപ്പെടുത്തിയത്‌ ഐ.വി ശശിയാണ്‌. ജനകീയ പ്രശ്‌നങ്ങളെ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ കൂടി സിനിമയെ പ്രയോഗിക്കുകയായിരുന്നു ശശി. 

ആരൂഢം, അടിയൊഴുക്കുകള്‍, അവളുടെ രാവുകള്‍, അങ്ങാടി, ഇന്നലെ ഇന്ന്‌, അയല്‍ക്കാരി അംഗീകാരം, ആലിംഗനം തുടങ്ങിയ നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക