Image

മെര്‍സല്‍ തരംഗമാകുന്നു, വിജയ് വേട്ടയുമായി സംഘികളും

ശ്രീകുമാര്‍ Published on 24 October, 2017
മെര്‍സല്‍ തരംഗമാകുന്നു, വിജയ് വേട്ടയുമായി സംഘികളും
മെര്‍സല്‍ സിനിമ വിവാദം സൃഷ്ടിക്കുന്നതിനൊപ്പം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഈ സിനിമയിലൂടെ തമിഴ് നടന്‍ വിജയ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മധുര പോലീസ് കേസെടുത്തതാണ് ഏറ്റവുമൊടുവിലത്തെ സംഭവ വികാസം. മുത്തുകുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസ്. സിനിമയില്‍ ക്ഷേത്രങ്ങള്‍ക്കെതിരേ വിജയ് പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് മധുര അണ്ണാനഗര്‍ സ്വദേശിയും അഭിഭാഷകനുമായ മുത്തുകുമാര്‍ പരാതി നല്‍കിയത്. ചികില്‍സ കിട്ടാത്ത നാട്ടില്‍ ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് പണിയേണ്ടതെന്ന് വിജയ് പറയുന്നുണ്ടെന്നും ഇത് മതവികാരം വ്രണപ്പെടുന്നതാണെന്നുമാണ് പരാതി.

പതിവുപോലെ മെര്‍സലിലും വിജയ് സമൂഹത്തിന് വിലപ്പെട്ട സന്ദേശം നല്‍കുന്നുണ്ട്. മെഡിക്കല്‍ ചികിത്സാ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെയാണ് ചിത്രം നിലകൊള്ളുന്നത്. സ്വകാര്യ ആശുപത്രികളുടെ കൊള്ളയും സര്‍ക്കാര്‍ ആശുപത്രകളുടെ അവസ്ഥയും ചിത്രം തുറന്ന് കാണിക്കുന്നു. സമകാലിന ഇന്ത്യയിലെ വിവിധ പ്രശ്‌നങ്ങളില്‍ തന്റെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ വിജയ് സിനിമ ഉപയോഗിക്കുകയാണ്. ''ഏഴു ശതമാനം ജി.എസ്.ടിയുള്ള സിംഗപ്പൂരില്‍ ചികില്‍സ സൗജന്യം. 28 ശതമാനം വരെ ജി.എസ്.ടിയുള്ള നമ്മുടെ നാട്ടില്‍ അതല്ല സ്ഥിതി. അമ്മമാരുടെ താലിയറുക്കുന്ന ചാരായത്തിനു ജി.എസ്.ടിയില്ല. അതേസമയം, ജീവന്‍രക്ഷാ മരുന്നുകള്‍ക്കു 12 ശതമാനമാണു ജി.എസ്.ടി...'' ഈ ഡയലോഗാണ് സംഘികളെ കലിപ്പിക്കുന്നത്.

ഈ പരാമര്‍ശത്തെ മുന്‍ നിര്‍ത്തി ബി.ജെ.പി സംസ്ഥാന ഘടകമാണ് വിജയ്‌ക്കെതിരെ പോര്‍മുഖം തുറന്നിരിക്കുന്നത്. മെര്‍സലിലെ വിവാദ ഭാഗം ഒഴിവാക്കണമെന്നാണ് അവരുടെ ആവശ്യം. ബി.ജെപിയുടെ അസഹിഷ്ണുത ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന കടന്നുകയറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മെര്‍സല്‍ സാധാരണ ഒരു സിനിമയ്ക്ക് വിലക്ക് വീഴുക സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണല്ലോ. അത്തരം വിലക്കുകള്‍ക്ക് ചില നിബന്ധനകളും മാനദണ്ഡവുമൊക്കെയുണ്ട്. എ, യു തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ചലച്ചിത്രങ്ങളെ പ്രദര്‍ശനയോഗ്യമാക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. അതിനുശേഷം സിനിമ തിയേറ്ററിലെത്തിക്കഴിഞ്ഞാല്‍ അത് പ്രേക്ഷകരുടെ വകയാണ്. കാണികള്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചില സിനിമകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്. അത് പലപ്പോഴും ചില സ്ഥാപിത താല്‍പര്യസംരക്ഷണത്തിനാവാം. എന്നാല്‍ മെര്‍സലിനെതിരെ ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണി അസഹിഷ്ണുതമൂലമാണെന്നതില്‍ തര്‍ക്കമില്ല.

നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. നോട്ടുനിരോധനം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് വരുത്തിവച്ച ദുരന്തം സമ്മതിച്ചുതരാത്ത ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും അതിനെതിരെ ഉയരുന്ന ഓരോ ശബ്ദത്തെയും ഭയക്കുകയും അടിച്ചമര്‍ത്തുകയും സ്വാഭാവികം. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ സാമ്പത്തിക ഏജന്‍സികളും റിസര്‍വ് ബാങ്ക് തന്നെയും അതൊരു പരാജയമാണെന്ന് പറഞ്ഞ കാര്യം ഒരു ചലച്ചിത്രത്തില്‍ പരാമര്‍ശമായെന്നതില്‍ ബി.ജെ.പിക്ക് ഇത്ര വെപ്രാളപ്പെടുന്നതെന്തിന് എന്ന ചോദ്യമുണ്ട്. ഇവിടെയാണ് ഇത്തരം വിഷയങ്ങളില്‍ അവര്‍ തുടര്‍ന്നു പോരുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ജനങ്ങള്‍ നിലകൊള്ളുക. മെര്‍സെല്‍ കാണുന്ന പ്രേക്ഷകര്‍ ബിജെപിയുടെ ഈ നിലപാടോടെ പൂര്‍ണമായും സിനിമയ്‌ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ഹിന്ദുക്കള്‍ക്കെതിരായ പടമാണെന്ന വര്‍ഗീയ ഫാസിസ്റ്റ് തന്ത്രമാണ് സംഘികള്‍ പുറത്തെടുത്തിരിക്കുന്നത്.

ഭരണകൂടങ്ങളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നയങ്ങള്‍ എല്ലാക്കാലത്തും വിമര്‍ശന വിധേയമാകാറുണ്ട്. ക്രിയാത്മക വിമര്‍ശനങ്ങള്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അനിവാര്യമാണ്. കഥ, കവിത, നോവല്‍ പോലുള്ള വിവധ സാഹിത്യ രൂപങ്ങളും ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളും സിനിമയും നാടകവും എന്തിനേറെ, ശില്‍പങ്ങള്‍ പോലും ആ കര്‍മം കാലാകാലങ്ങളില്‍ ഭംഗിയായി നിറവേറ്റാറുണ്ട്. അതില്‍ അസഹിഷ്ണുത പൂണ്ടിട്ട് കാര്യമില്ല. ശ്രീനിവാസന്റെ 'സന്ദേശം' എന്ന സിനിമ ഈ ഗണത്തില്‍ പെടുന്നു. ചിത്രത്തിലുടനീളം സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും ശ്രീനിവാസന്‍ കൊന്ന് കൊലവിളിക്കുകയായിരുന്നു. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളുടെയും നേതാക്കളും അനുയായികളുമെല്ലാം ആ സിനിമ കണ്ട് ആര്‍ത്ത് ചിരിച്ചവരാണ്. ഒരു സിനിമ കൊണ്ട് തകരുന്നതല്ല തങ്ങളുടെ പാര്‍ട്ടികള്‍ എന്ന് അവര്‍ക്ക് തികഞ്ഞ ബോധ്യവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. ക്രിയാത്മക വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സഹൃദയത്വവും ജനാധിപത്യ ബോധവും സംഘികള്‍ക്ക് ഇല്ലാതെ പോയതിന്റെ ഫലമായാണ് അവര്‍ മെര്‍സലിനെതിരെ കൊമ്പുകോര്‍ക്കുന്നത്.

തന്റെ മതം മനുഷ്യ മതമാണെന്ന് നടന്‍ വിജയ് പറഞ്ഞു. മെര്‍സല്‍ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിന്തുണയറിയിച്ച മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കളോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മതത്തേക്കാള്‍ മനുഷ്യനെയാണ് ആദ്യം സ്‌നേഹിക്കേണ്ടതെന്നും തന്റെ പേര് ഒരിക്കലും മാറ്റിയിട്ടില്ലെന്നും പറഞ്ഞ വിജയ് താന്‍ എന്തോ കുറ്റം ചെയ്തു എന്ന തരത്തില്‍ പ്രചരണം നടത്തുന്നത് സങ്കുചിത താല്‍പര്യക്കാരാണെന്നാണ് അഭിപ്രായപ്പെട്ടത്.

അതേസമയം, മെര്‍സല്‍ ആദ്യ അഞ്ച് ദിവസം കൊണ്ട് മാത്രം നേടിയത് 150 കോടി രൂപയാണ്. വിജയ് സിനിമകളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പണം മറ്റൊരു ചിത്രവും വാരിക്കൂട്ടിയിട്ടില്ല. ചെന്നൈ സിറ്റിയില്‍ കളക്ഷനില്‍ രജനികാന്തിന്റെ കബാലിയെയും അജിത്തിന്റെ വിവേകത്തേയും മെര്‍സല്‍ മറികടന്നു. കേരളത്തില്‍ ആദ്യദിന കളക്ഷന്‍ മലയാളത്തിലെ മറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതായിരുന്നു. ഇപ്പോഴും തമിഴകത്ത് ഹൗസ് ഫുള്‍ ആയാണ് മെര്‍സല്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം ജനങ്ങള്‍ നെഞ്ചേറ്റിയതുകൊണ്ടാണ്, റീ എഡിറ്റ് ചെയ്യുകയോ സംഭാഷണങ്ങള്‍ നിശ്ശബ്ദമാക്കുകയോ ഒരു സീന്‍പോലും ചിത്രത്തില്‍ നിന്ന് കട്ട് ചെയ്യുകയോ ഇല്ലെന്ന് നിര്‍മാതാവ് ഹേമരുക്മിണി ഉറപ്പിച്ച് പറഞ്ഞത്. അതാണ് ഒരു ജനാധിപത്യ രാജ്യത്തെ ആവിഷ്‌കാരസ്വാതന്ത്ര്യം. സാഹിത്യ പ്രതിഭകളെ കൊല്ലുന്ന ബി.ജെ.പിയും സംഘപരിവാരങ്ങളും ഭയക്കുന്നതും അതുതന്നെയാണല്ലോ.


മെര്‍സല്‍ തരംഗമാകുന്നു, വിജയ് വേട്ടയുമായി സംഘികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക