Image

സ്വാര്‍ഥത ദൈവവചനത്തോടുള്ള തുറവിക്ക് തടസം : മാര്‍ ജോസഫ് സ്രാന്പിക്കല്‍

Published on 24 October, 2017
സ്വാര്‍ഥത ദൈവവചനത്തോടുള്ള തുറവിക്ക് തടസം : മാര്‍ ജോസഫ് സ്രാന്പിക്കല്‍
ഗ്ലാസ്‌ഗോ: സ്വാര്‍ഥ താല്പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ് ദൈവവചനത്തോടുള്ള തുറവിക്ക് തടസമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍. രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ 'അഭിഷേകാഗ്‌നി 2017’ ഗ്ലാസ്‌ഗോ റീജണിലെ മദര്‍ വെല്‍ സിവിക്ക് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ദൈവവചനത്തോടു തുറവിയില്ലാത്ത മനസുകളില്‍ സഹോദരങ്ങള്‍ക്ക് സ്ഥാനമില്ല. ദരിദ്രര്‍ക്ക് പ്രവേശനമില്ല. നമ്മുടെ ജീവിതവ്യാപാരവ്യഗ്രതയില്‍ ദൈവസ്വരം കേള്‍ക്കപ്പെടുന്നില്ല; അവിടുത്തെ സ്‌നേഹത്തിന്റെ ആനന്ദം അനുഭവപ്പെടുന്നില്ല; നന്മ ചെയ്യുവാനുള്ള ആഗ്രഹങ്ങള്‍ ഇല്ലാതായിപ്പോകുന്നു. എന്നാല്‍ പ്രഥമ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഈശോമിശിഹായോടും അവിടുത്തെ സുവിശേഷത്തോടുമുള്ള തുറവിയിലേക്കും അതുവഴി അവിടുന്നുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും വളരുവാനുമുള്ള അവസരം നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവചനത്തോടുള്ള വിധേയത്വവും സഭയോടുള്ള കൂട്ടായ്മയും ദന്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വസ്തയും ദൈവാനുഗ്രഹത്തിന്റെ സ്രോതസുകളാണെന്ന് വചനശ്രൂഷ മധ്യേ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. 

ഫാ. സോജി ഓലിക്കല്‍, ഫാ. സാംസണ്‍ മണ്ണുര്‍, ഫാ. ജോസഫ് വെന്പാടംതറ വി.സി., ഫാ. സെബാസ്റ്റ്യന്‍ തുരിത്തിപ്പള്ളി, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സിഎംഎഫ്, ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

24 ന് മാഞ്ചസ്റ്റര്‍ ഷെറീഡാന്‍ സ്യൂട്ട് 25 ന് നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ 26 ന് ബെര്‍മിംഗ്ഹാം ന്യു ബിന്‍ഗ്ലി ഹോള്‍ 27 ന് ബോണ്‍മൗത്ത് ലൈഫ് സെന്റര്‍, 28 ന് കാര്‍ഡിഫ് കാര്‍ഡിഫ് കോര്‍പ്പൂസ് ക്രിസ്റ്റി ആര്‍സി ഹൈസ്‌കുള്‍, 29 ന് ലണ്ടണിലെ ഹെന്‍ണ്ടന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളിലാണ് കണ്‍വന്‍ഷന്‍. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് കണ്‍വന്‍ഷന്‍.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക