Image

വിവാദങ്ങളൊടുങ്ങാതെ വംശീയ ചേരുവയില്‍ ഹാദിയ പീഡിപ്പിക്കപ്പെടുന്നു

എ.എസ് Published on 25 October, 2017
വിവാദങ്ങളൊടുങ്ങാതെ വംശീയ ചേരുവയില്‍ ഹാദിയ പീഡിപ്പിക്കപ്പെടുന്നു
വൈക്കം സ്വദേശി ഡോ. ഹാദിയയുടെ മതംമാറിയുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിവാദവിസ്‌ഫോടനം സൃഷ്ടിച്ചിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവനുസരിച്ച് പോലിസ് സംരക്ഷണത്തോടെ വൈക്കം ടി.വി പുരത്തെ വീട്ടിലാണ് ഇപ്പോള്‍ ഹാദിയ. എന്നാല്‍ ഹാദിയ വീട്ടു തടങ്കലിലാണെന്നാണ് വിവാഹം ചെയ്ത ഷഫീന്‍ ജഹാന്റെ പരാതി. അവിടെ ഹാദിയ കൊടിയ പീഡനങ്ങള്‍ക്കും  മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയയാവുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡോ. ഹാദിയയുടെ ആരോഗ്യനിലയെക്കുറിച്ച് പരിശോധിക്കുന്നതിന് തടങ്കലില്‍ കഴിയുന്ന വീട്ടിലേക്ക് അടിയന്തരമായി മെഡിക്കല്‍ സംഘത്തെ അയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി ആവശ്യമുന്നയിച്ചു. ഹാദിയയെ മരുന്നുനല്‍കി മയക്കിക്കിടത്തുകയാണെന്നും ആരോഗ്യനില പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.

ഹാദിയയ്ക്ക് മയക്കുമരുന്നുകള്‍ അമിതമായി നല്‍കുന്നതിലൂടെ ഹൃദയമിടിപ്പ് കുറയുകയും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 21ന് കമ്മീഷന് പരാതി ലഭിച്ചിരുന്നു. സുപ്രിംകോടതിയില്‍ കേസ് പരിഗണനയ്ക്ക് വന്നതോടുകൂടി വിഷയത്തിന് ദേശീയ തലത്തില്‍ത്തന്നെ പ്രാധാന്യം ലഭിച്ചിരിക്കുകയാണ്. ഇതൊക്കെ കണക്കിലെടുത്ത് ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കുന്നതിന് മനുഷ്യാവകാശ കമ്മീഷന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ദേശീയ മനുഷ്യാവകാശ ഏകോപനസമിതി കേരള ഘടകം പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിക്ക് വേണ്ടി മുഹമ്മദ് നാസറാണ് കമ്മീഷന് നിവേദനം നല്‍കിയത്. 

അതേസമയം, ഹാദിയയുടെ മതംമാറിയുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയ കേസില്‍ എല്ലാ രേഖകളും ഹാജരാക്കാന്‍ എന്‍.ഐ.എയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയുണ്ടായി. ഹാദിയ വീട്ടുതടങ്കലിലാണെന്ന ഹര്‍ജിയില്‍ പിതാവിനും കോടതി നോട്ടിസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ കക്ഷികളോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.ഹാദിയ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് ഭീകര സംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ പിതാവ് അശോകനോടും കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെട്ടാല്‍ ഹാദിയയെ 24 മണിക്കൂറിനകം ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.  സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവീകൃപയിലെ ഹാദിയയെ വീട്ടു തടങ്കലില്‍ നിന്ന് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനതോപ്പ് ചിറയില്‍ പുത്തന്‍ വീട്ടിലെ ഷഫീന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നടപടി.

അഖില എന്ന വൈക്കം സ്വദേശിയാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ എന്ന് പേര് മാറ്റിയത്. സേലത്തെ ശിവരാജാ ഹോമിയോ കേളേജില്‍ ബി.എച്ച്.എം.എസിന് പഠിക്കുന്ന കാലത്താണ് അഖില മതം മാറി ഹാദിയ ആയതും പിന്നീട് കൊല്ലം സ്വദേശി ഷഫീന്‍ ജഹാനുമായി പ്രണയത്തിലായി വിവാഹം കഴിച്ചതും. മതം മാറിയ ഹാദിയ താന്‍ തിരഞ്ഞെടുത്ത വിശ്വാസവുമായി വീട്ടില്‍ കഴിയാനാവില്ല എന്ന് ഉറപ്പായതോടെ 2016ല്‍ വീടുവിട്ടിറങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹാദിയയുടെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. അതുപ്രകാരം ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറ്റമെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കോടതി ഹാദിയയെ ഇഷ്ടമുള്ളവര്‍ക്കൊപ്പം പോകാന്‍ അനുവദിച്ചു. അങ്ങനെയാണ് ഹാദിയ കോട്ടയ്ക്കല്‍ പുത്തൂര്‍ സ്വദേശിനിയായ ഒരു സൈനബയ്‌ക്കൊപ്പം പോകുന്നത്. 

എന്നാല്‍ പിന്നീട് വീണ്ടും ഹാദിയയുടെ പിതാവ് രണ്ടാമതൊരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൂടി കൊടുത്തു. ഇതില്‍ ഹാദിയ സിറിയയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു എന്നായിരുന്നു പിതാവ് പറഞ്ഞ്. ഇതോടെ കേസില്‍ ഷഫീന് തീവ്രവാദ ബന്ധം ഉണ്ടെന്ന് കൂട്ടി ചേര്‍ക്കപ്പെടുകയായിരുന്നു. പിന്നീട് ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് വിവാദത്തിന് തുടക്കം. ഹാദിയയുടെ രക്ഷിതാവിന്റെ സമ്മതമില്ലാതെ നടന്ന വിവാഹം നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. തുടര്‍ന്ന് ഹാദിയയോട് അവരുടെ പിതാവിനൊപ്പം താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഹാദിയക്ക് ഇഷ്ടമില്ലാതെയാണ് രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ബലം പ്രയോഗിച്ചാണ് പോലീസ് അവരെ വൈക്കത്തെ വീട്ടിലെത്തിച്ചത്.

ഹാദിയയെ സന്ദര്‍ശിക്കാന്‍ പോലീസ് ആരെയും അനുവദിക്കുന്നില്ലന്നും പരാതിയുണ്ട്. സദാ സമയം പോലീസ് കാവലിലാണ് ഹാദിയയുടെ വീട്. ആരെങ്കിലും കാണാന്‍ ചെന്നാല്‍ അടുത്ത വീട്ടില്‍ ഇരുത്തി ഹാദിയയുടെ പിതാവ് അങ്ങോട്ട് ചെല്ലുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഒരു കൂട്ടം യുവതികള്‍ ഹാദിയയെ കാണാന്‍ വന്നത്. മധുരവും പുസ്തകങ്ങളുമായെത്തിയ യുവതികളെ ഹാദിയയുടെ അച്ഛന്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. പോലീസും ഇവരെ തടഞ്ഞു. തുടര്‍ന്ന് യുവതികള്‍ ഫേസ്ബുക്ക് ലൈവിലൂടെ വിവരം പുറത്തുവിട്ടിരുന്നു. 

ഈ സാഹചര്യത്തിലാണ് ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ ഹാദിയയെ വീട്ടില്‍ ചെന്ന് കണ്ടത്. ഹാദിയയുടെ മാതാവ് സംസാരിക്കുന്നതും പിതാവിനൊപ്പം ഹാദിയ ഇരിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്. ഹാദിയയുടെ അമ്മയും ഹാദിയയും സംസാരിക്കുന്ന വീഡിയോയും രാഹുല്‍ ഈശ്വര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരും അറിഞ്ഞത്. ഹാദിയക്ക് കടുത്ത മര്‍ദ്ദനം ഏല്‍ക്കുന്നുവെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. തുടര്‍ന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ രാഹുല്‍ ഈശ്വറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസ് കൊടുത്തത്.

എന്നാല്‍ അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ട രാഹുല്‍ ഇശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു. 26-ാം തീയതി വരെ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. പക്ഷേ, പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പിഴവ് കോടതി ചൂണ്ടിക്കാട്ടി. വിശ്വാസ വഞ്ചന എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ എന്താണ് വിശ്വാസ വഞ്ചന എന്ന ചോദ്യം സ്വാഭാവികമാണ്. ഐ.ടി നിയമത്തിന് കീഴില്‍ രാഹുല്‍ ഈശ്വറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസ് നിലനില്‍ക്കില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ഐ.ടി നിയമത്തിന് കീഴില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി. 

ഇതിനിടെ ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് കോട്ടയത്ത് മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ സിറ്റിങില്‍ പോലീസ് ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനിച്ച് ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കിയെന്ന് ചൂണ്ടികാട്ടി യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് സിറ്റിങ് നടത്തിയത്. ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ സീനിയര്‍ ഗവ. പ്ലീഡര്‍ നല്‍കിയ നിയമോപദേശമനുസരിച്ച് ഹാദിയയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കുന്നതിന് നിയമതടസമുണ്ടെന്ന് കോട്ടയം എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഹാദിയയുടെ മൊഴിയെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹാദിയയുടെ പിതാവ് അശോകന്റെ മൊഴി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതേസമയം, മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഹാദിയയെ സന്ദര്‍ശിച്ച് മൊഴി എടുക്കണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഹാദിയയില്‍ നിന്ന് മൊഴി എടുക്കുന്നതില്‍ പോലീസ് റിപ്പോര്‍ട്ടും നിയമോപദേശവും വിശദമായി പഠിച്ചശേഷം അന്തിമമായി തീരുമാനമെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

അഖില എന്തിനു മതം മാറി ഹാദിയയായി...? എന്തിന് ഷഫീന്‍ ജഹാന്‍ എന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്തു...? എന്തിന് ഇസ്ലാം മതം പഠിക്കാന്‍ പോയി...? മിണ്ടാതെ അടങ്ങിയൊതുങ്ങി സ്വന്തം മതത്തില്‍ കഴിഞ്ഞുകൂടിയാല്‍ പോരായിരുന്നോ...?  എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഹാദിയ വിഷയത്തില്‍ ഉയരുന്നുണ്ട്. ഹാദിയ കേസ് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ സുപ്രധാന ചര്‍ച്ചാ വിഷയമാക്കുന്നു. പൗരന് ഏതു മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്. അതിനെ മതപരവും രാഷ്ട്രീയ സംബന്ധമായുമുള്ള നേട്ടങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കുമായി വിനിയോഗിക്കപ്പെടുന്നു എന്നാണ് ഈ കേസ് നല്‍കുന്ന സത്യസൂചനകള്‍. സംഘപരിവാരങ്ങളും മുസ്ലീം തീവ്രവിഭാഗവും ഇവിടെ എതിര്‍ ചേരികളില്‍ നിന്ന് പോര്‍വിളികള്‍ നടത്തുന്നു.

വിവാദങ്ങളൊടുങ്ങാതെ വംശീയ ചേരുവയില്‍ ഹാദിയ പീഡിപ്പിക്കപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക